ADVERTISEMENT

കൊച്ചി ∙ വളവും കീടനാശിനികളും മാത്രം വിൽപന നടത്തിയിരുന്ന ‘വളക്കട’കളുടെ കെട്ടും മട്ടും മാറ്റി അടിമുടി നവീകരിക്കാൻ കേന്ദ്ര സർക്കാർ. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ പൊതുസേവന കേന്ദ്രം, മണ്ണു പരിശോധന ഉൾപ്പെടെ വിവിധ സൗകര്യങ്ങൾ ഉൾപ്പെടുത്തി രാജ്യത്തൊട്ടാകെ 3,30,499 പ്രധാൻമന്ത്രി കൃഷി സമൃദ്ധി കേന്ദ്രങ്ങൾ (പിഎംകെഎസ്കെ) സജ്ജമാക്കാനാണു തീരുമാനം. ഒക്ടോബർ രണ്ടിനകം 864 ജില്ലാതല കേന്ദ്രങ്ങൾ ഒരുക്കും.

∙ വൺ സ്റ്റോപ് ഷോപ്

വില്ലേജ്, ബ്ലോക്ക്, ജില്ലാ തലങ്ങളിലാണു പിഎംകെഎസ്കെ ഒരുക്കുന്നത്. ബ്ലോക് തലം മുതലാണു സ്മാർ‍ട് ടിവി, മണ്ണു പരിശോധന തുടങ്ങിയ സൗകര്യങ്ങൾ നിഷ്കർഷിച്ചിട്ടുള്ളത്. മികച്ച കൃഷി രീതികളും കർഷക വിജയ കഥകളും പ്രദർശിപ്പിക്കുന്നതിനു ടിവി ഉപയോഗിക്കാം. വളങ്ങളും വിത്തുകളും കീടനാശിനികളും മാത്രമല്ല, കർഷകർക്ക് ആവശ്യമായ മറ്റു സാമഗ്രികളും സേവനങ്ങളും ഒരിടത്തു തന്നെ ലഭ്യമാകുന്ന മാതൃകാ രാസവളം വിൽപന കേന്ദ്രങ്ങൾ (വൺ സ്റ്റോപ് ഷോപ്) സൃഷ്ടിക്കുകയാണു കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. അടുത്ത ഫെബ്രുവരിക്കുള്ളിൽ 3,30,499 കേന്ദ്രങ്ങളും ഒരുക്കണമെന്നാണു സർക്കാർ നിർദേശം. നവംബറിനുള്ളിൽ 31,460 ജില്ലാതല കേന്ദ്രങ്ങൾ‍ കൂടി ഒരുക്കണം. ജനുവരിക്കുള്ളിൽ 1,82,126 ബ്ലോക്ക് തല വിപണന കേന്ദ്രങ്ങളും ഫെബ്രുവരിയോടെ 1,16,049 ഗ്രാമീണ കേന്ദ്രങ്ങളും സജ്ജമാക്കണം.

രാസവളം നിർമാതാക്കളും കേന്ദ്ര രാസവളം മന്ത്രാലയവും ചേർന്നായിരിക്കും കേന്ദ്രങ്ങൾ ഒരുക്കുക. നിലവിലുള്ള വളം വിൽപനശാലകൾ നവീകരിക്കുകയോ പുതിയവ സ്ഥാപിക്കുകയോ ചെയ്യാം. കേരളത്തിൽ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഇഫ്കോയും പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡും പിഎംകെഎസ്കെ സ്ഥാപിക്കും. ശേഷിച്ച ജില്ലകളിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടും. കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലായി 22 ജില്ലാതല കേന്ദ്രങ്ങൾ ഫാക്ട് ഒരുക്കും. തുടക്കത്തിൽ, കേരളത്തിൽ ആറും തമിഴ്നാട്ടിൽ മൂന്നും കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ഓരോന്നു വീതവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com