ADVERTISEMENT

ബെംഗളൂരു∙ വിദ്യാഭ്യാസ രംഗത്തെ ലോക പ്രശസ്ത ഇന്ത്യൻ സ്റ്റാർട്ടപ് കമ്പനിയായ ബൈജൂസിന് 2020–21 സാമ്പത്തിക വർഷം 4,588 കോടി രൂപ നഷ്ടം നേരിട്ടു. ഒരു വർഷം വൈകിയാണ് പ്രവർത്തനഫലം കമ്പനി പുറത്തുവിട്ടത്. വരുമാനം 2428 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം (2021–22) വരുമാനം 10,000 കോടിയെങ്കിലുമുണ്ടാകുമെന്നും കണക്കുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും സ്ഥാപകനും സിഇഒയുമായ മലയാളി ബൈജു രവീന്ദ്രൻ പറ‍ഞ്ഞു.

2021 മാർച്ചിൽ അവസാനിച്ച 2020–21ലെ പ്രവർത്തനഫലം പ്രഖ്യാപിക്കാൻ വൈകിയതിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ബൈജൂസിനോടു വിശദീകരണം തേടിയിരുന്നു. കോവിഡും കമ്പനി നടത്തിയ വൻകിട ഏറ്റെടുക്കലുകളും അക്കൗണ്ടിങ് രീതിയിൽ വരുത്തിയ മാറ്റവുമാണ് വൈകാൻ കാരണമെന്ന് ബൈജു രവീന്ദ്രൻ പറഞ്ഞു.

2019–20ൽ വരുമാനം 2,511 കോടിയും നഷ്ടം 231.7 കോടിയുമായിരുന്നു. കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വ്യാപകമായ അന്തരീക്ഷം മുതലെടുക്കാൻ 4 വിദ്യാഭ്യാസ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തിരുന്നു. ഡൽഹി ആസ്ഥാനമായ ‘ആകാശി’നെ 100 കോടി ഡോളറിനും സിംഗപ്പൂർ കമ്പനിയായ ‘ഗ്രേറ്റ് ലേണിങ്ങി’നെ 60 കോടി ഡോളറിനും അമേരിക്കൻ കമ്പനിയായ ‘എപ്പിക്കി’നെ 50 കോടി ഡോളറിനും മുംബൈ ആസ്ഥാനമായ ‘വൈറ്റ്ഹാറ്റ് ജൂനിയറി’നെ 30 കോടി ഡോളറിനുമാണ് ഏറ്റെടുത്തത്. കോഡിങ് പരിശീലന കമ്പനിയായ വൈറ്റ്ഹാറ്റ് ഉണ്ടാക്കിയ പ്രവർത്തന നഷ്ടമാണ് ബൈജൂസിന്റെ നഷ്ടം കുതിക്കാൻ മുഖ്യ കാരണം.

English Summary: Byju’s losses rose to Rs 4,500 cr in delayed FY21 results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com