പേരറിയും, ‘അ‍ജ്‍ഞാത’ ഫോൺവിളികൾ നിലയ്ക്കും; വാട്സാപ് കോളുകളും നിരീക്ഷിക്കുമോ?

HIGHLIGHTS
  • ഫോൺ ആയാലും വാട്സാപ് ആയാലും വിളിക്കുന്നതാരെന്ന് വ്യക്തമാക്കണമെന്ന് ടെലികോം നിയമത്തിന്റെ കരടുരൂപം.
call-unknown
Creative: Manorama
SHARE

ന്യൂഡൽഹി∙ ഫോണിൽ നേരിട്ടോ വാട്സാപ് പോലെയുള്ള ആപ്പുകൾ വഴിയോ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യുന്നവരുടെ പേരുവിവരം അവ സ്വീകരിക്കുന്നയാൾക്ക് അറിയാനുള്ള അവകാശമുണ്ടെന്ന് കേന്ദ്രം. 

പുതിയ കരട് ടെലികമ്യൂണിക്കേഷൻ ബില്ലിൽ ഇതുസംബന്ധിച്ച വ്യവസ്ഥകളുണ്ട്. അജ്ഞാത/വ്യാജ കോളുകൾ വഴി രാജ്യമാകെ നടക്കുന്ന സൈബർ തട്ടിപ്പുകൾ തടയാനാണു നീക്കം.

whatsapp-

ടെലികോം സേവനം നൽകുന്ന കമ്പനിക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ അവരുടെ ശൃംഖല ഉപയോഗിച്ച് സന്ദേശം അയയ്ക്കുന്ന വ്യക്തിയുടെ പേരുവിവരം അത് സ്വീകരിക്കുന്നയാൾക്ക് ലഭ്യമാക്കണമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. കമ്പനികൾ അവരുടെ ഉപയോക്താക്കളുടെ തിരിച്ചറിയൽ പ്രക്രിയ (കെവൈസി) സംശയങ്ങൾക്കിടയില്ലാത്തവിധം പൂർത്തിയാക്കിയിരിക്കണം.

സിം എടുക്കാനുപയോഗിച്ച കെവൈസി (നോ യുവർ കസ്റ്റമർ) തിരിച്ചറിയൽ രേഖയിലെ പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ സ്ക്രീനിൽ ദൃശ്യമാക്കുന്ന സംവിധാനം സർക്കാരിന്റെ പരിഗണനയിലുണ്ട്.

കരട് ബില്ലിൽ ടെലികോം സേവനങ്ങളുടെ നിർവചനത്തിൽ വാട്സാപ്, ടെലഗ്രാം, സിഗ്‍നൽ, സൂം, ഗൂഗിൾ മീറ്റ് പോലെയുള്ള സേവനങ്ങൾ (ഓവർ–ദ്–ടോപ്) കൂടി ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ ഇവയിലൂടെയെത്തുന്ന കോളുകളുടെ വിവരങ്ങളും സ്വീകർത്താവിന് നൽകേണ്ടി വരും. ഇതെങ്ങനെ ചെയ്യാമെന്ന കാര്യത്തിൽ കമ്പനികളുമായി കൂടിയാലോചന നടത്തുമെന്ന് കേന്ദ്രം അറിയിച്ചു.

സർക്കാർ/പൊതുഭൂമിയി‍ൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനുള്ള വാടക കരട് ബില്ലിൽ പറയുന്നുണ്ടെങ്കിലും സ്വകാര്യഭൂമിയിലെ കാര്യം വ്യക്തമാക്കിയിട്ടില്ല. 6 മുതൽ 10 മാസത്തിനുള്ളിൽ കരട് ബിൽ നിയമമായേക്കും. 

വാട്സാപ് കോളുകളും നിരീക്ഷിക്കുമോ?

ടെലികോം സേവനങ്ങളുടെ നിർവചനത്തിൽ ഇന്റർനെറ്റ് കോളിങ് സേവനങ്ങൾ കൂടി വന്നാൽ ഫോൺ കോളുകൾക്ക് ബാധകമാകുന്ന സർക്കാർ നിയന്ത്രണങ്ങൾ വാട്സാപ്, സൂം, സിഗ്‍നൽ പോലെയുള്ളവയ്ക്കും ബാധകമായേക്കും. പ്രത്യേക സാഹചര്യങ്ങളിൽ നിശ്ചിത സന്ദേശങ്ങൾ വിലക്കുക, നിശ്ചിത വ്യക്തികളുടെ കോളുകൾ നിരീക്ഷിക്കുക (ഇന്റർസെപ്റ്റ്) തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വാട്സാപ്പിലും മറ്റും ഫോൺ കോൾ നടത്തുന്നവർക്കല്ലാതെ മറ്റൊരാൾക്കും അതിലെ വിവരങ്ങൾ ലഭിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്ന എൻഡ്–ടു–എൻഡ് എൻക്രിപ്ഷൻ തത്വത്തെ ഇത് ദുർബലപ്പെടുത്തുമെന്ന ആശങ്ക പലരും പങ്കുവച്ചിട്ടുണ്ട്. എന്നാൽ 'മൃദു'വായ നിയന്ത്രണങ്ങൾ മാത്രമാണ് പരിഗണനയിലുള്ളതെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ വിശദീകരണം.

whatsapp

ശിക്ഷകൾ ഇങ്ങനെ  (കരട് ബില്ലിലെ നിർദേശങ്ങൾ):

∙ വ്യാജ തിരിച്ചറിയൽ രേഖ (കെവൈസി) നൽകിയാൽ: ഒരു വർഷം വരെ തടവോ 50,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ.

∙ അനധികൃത വയർലെസ് ഉപകരണം കൈവശം വച്ചാൽ: ആദ്യതവണ 50,000 രൂപ പിഴ. പിന്നീട് ഓരോ തവണയും 2 ലക്ഷം രൂപ വീതം.

∙ ലൈസൻസില്ലാതെ ടെലികോം സേവനം നൽകിയാൽ: ഒരു വർഷം വരെ തടവോ 50 ലക്ഷം രൂപ പിഴയോ. അല്ലെങ്കിൽ രണ്ടും കൂടിയോ.

∙ ടെലികോം സേവനങ്ങൾ ബ്ലോക് ചെയ്യുന്ന അനധികൃത ഉപകരണങ്ങൾ കൈവശം വച്ചാൽ:  3 വർഷം വരെ തടവോ 50 ലക്ഷം രൂപ പിഴയോ. അല്ലെങ്കിൽ രണ്ടുംകൂടിയോ.

∙ ടെലികോം കമ്പനികളുടെ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് നടത്തിയാൽ: 3 വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ തടവോ. അല്ലെങ്കിൽ രണ്ടുംകൂടിയോ.

English Summary: Coming soon: relief from spam calls, fraudulent messages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}