ADVERTISEMENT

6 മാസംമുൻപ് 160 രൂപ നിരക്കിൽ വാങ്ങിയ ഓഹരിയാണ്. ഇപ്പോൾ വില 90 രൂപ. കുറച്ചെണ്ണം വാങ്ങി കോസ്റ്റ് ഒന്ന് ആവറേജ് ചെയ്താലോ’– വിപണിയിൽ സജീവമായി നിലനിൽക്കുന്നവരുടെ ചർച്ചയിലെ പതിവു വിഷയമാണിത്. 

എന്താണീ കോസ്റ്റ് ആവറേജിങ്?

വില താഴുമ്പോൾ വാങ്ങുകയും വിപണി ഉയർന്നു നിൽക്കുന്ന വേളയിൽ കൂടുതൽ വിലയ്ക്ക് വിറ്റുമാറി ലാഭമെടുക്കുകയും ചെയ്യുക എന്നതാണല്ലോ സാധാരണ ഓഹരി നിക്ഷേപകർ അനുവർത്തിച്ചു പോരുന്ന രീതി. അതേസമയം, നിക്ഷേപകർ വിപണിയിൽ പ്രവേശിക്കുന്നതും പുറത്തുവരുന്നതും ലാഭത്തോടു കൂടിയാവണമെന്നതിന് ഒരു ഗാരന്റിയുമില്ല. മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടയിലായിരിക്കാം പൊടുന്നനെ വിപണി താഴോട്ടു പതിക്കുന്നത്. 

ഇടയ്ക്ക് വാങ്ങിവച്ച ഓഹരികൾ ക്രമാതീതമായി താഴെ വരുന്ന സാഹചര്യമുണ്ടാകുമ്പോഴാണ് നിക്ഷേപകർ പലപ്പോഴും മുടക്കിയ തുക ആവറേജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഉദാഹരണമായി, ഒരു കമ്പനിയുടെ 100 രൂപ വിലയുള്ള 100 ഓഹരി ഒരു നിക്ഷേപകൻ വാങ്ങിയെന്നിരിക്കട്ടെ. വിപണിയിൽ പൊതുവെ അനുകൂല സാഹചര്യം നിലനിൽക്കുന്നതിനാലും സാമാന്യം ഭേദപ്പെട്ട ഒരു കമ്പനിയായതിനാലുമാണ് ഓഹരി തിരഞ്ഞെടുത്തത്. 

വിപണിയിൽ ദോഷകരമായ ചില വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ആ കമ്പനിയുടെ ഓഹരിവില 60 രൂപ നിലവാരത്തിലെത്തുകയും ചെയ്തു. നിക്ഷേപകൻ 60 രൂപ നിരക്കിൽ 100 ഓഹരി തുടർന്നും വാങ്ങി. ആദ്യഘട്ടത്തിൽ 100 ഓഹരികൾക്കായി അദ്ദേഹം മുടക്കിയത് 10,000 രൂപയായിരുന്നുവെങ്കിൽ പിന്നീട് വാങ്ങിയ 100 ഓഹരികൾക്ക് ചെലവാക്കിയത് 6,000 രൂപ. ആകെ 200 ഓഹരികൾക്ക് 16,000 രൂപ, അതായത് ഓഹരി ഒന്നിന് ചെലവായത് 80 രൂപ. 

വിപണി തിരിച്ചുകയറുന്ന സാഹചര്യത്തിൽ കമ്പനിയുടെ ഓഹരി വില 80 രൂപയ്ക്കു മുകളിൽ വരുമ്പോൾ നിക്ഷേപകൻ ലാഭസീമയിലെത്തുന്നു. അതേസമയം അസാധാരണ സാഹചര്യത്തിൽ ഓഹരിവില 30 രൂപയിലേക്കു കൂപ്പുകുത്തുന്നുവെങ്കിൽ നിക്ഷേപകൻ നടത്തിയ രണ്ട് വാങ്ങലുകളും ചേർന്ന് സംഭവിക്കുന്ന നഷ്ടം കനത്തതാകുകയും ചെയ്യും. 

കോസ്റ്റ് ആവറേജിങ് എപ്പോഴും പിന്തുടരാവുന്ന രീതിയാണോ? 

പല ഘട്ടങ്ങളിലായി വാങ്ങലുകൾ നടത്തി ശരാശരി കോസ്റ്റ് കുറച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന നിക്ഷേപകർ താഴെപ്പറയുന്ന ഘടകങ്ങൾ കൂടി വിലയിരുത്തേണ്ടതാണ്. 

∙ ഏത് കമ്പനിയുടെ ഓഹരികളാണോ വാങ്ങിവയ്ക്കുന്നത് പ്രസ്തുത കമ്പനി അടിസ്ഥാനപരമായി മികച്ചതാണെന്ന് ഉറപ്പുവരുത്തുക സാമ്പത്തിക അടിത്തറ ശക്തമല്ലാത്ത കമ്പനികളുടെ ഓഹരികൾ വീണ്ടും വീണ്ടും വാങ്ങിക്കൂട്ടുന്നതിൽ അർഥമില്ല. വർഷങ്ങൾക്ക് മുൻപുണ്ടായ ഐടി കുംഭകോണ സമയത്ത്, വിപണിയിൽ കേട്ടുപരിചയമുള്ളതെങ്കിലും അടിത്തറ ദുർബലമായ കമ്പനികളുടെ വില തുടർച്ചയായി വാങ്ങിക്കൊണ്ടേയിരുന്ന് ആവറേജിങ്ങിന് ശ്രമിച്ച നിക്ഷേപകരുടെ ദുരനുഭവം പാഠമാക്കാവുന്നതാണ്. 

∙ താഴ്ചയുടെ കാലം കഴിഞ്ഞ് കമ്പനി തിരിച്ചുവരവിന്റെ പാതയിലാണ് എന്ന ബോധ്യം വന്നാൽ വില ആവറേജ് ചെയ്യുന്നതിൽ തെറ്റില്ല. കമ്പനി പ്രതിനിധാനം ചെയ്യുന്ന സെക്ടർ മികച്ചതാണെന്ന് ഉറപ്പുവരുത്തുക, കൂടാതെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി കമ്പനി നൂതന ടെക്നോളജി, മാനവവിഭവശേഷി മുതലായ മേഖലകളിൽ പണം മുടക്കുന്നു എന്ന് തിരിച്ചറിയാൻ സാധിക്കുന്നപക്ഷം അത്തരം കാര്യങ്ങളും ശുഭസൂചനകളായി പരിഗണിക്കാവുന്നതാണ്. 

വിപണിയിൽ കാണുന്ന കയറ്റിറക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുക. വിപണി മൊത്തത്തിൽ തകർന്നതിന്റെ ഭാഗമായി മാത്രമാണ് മികച്ച കമ്പനികളുടെ ഓഹരികൾ താഴോട്ടുവന്നതെങ്കിൽ സംശയിക്കേണ്ട, അത്തരം ഓഹരികൾ ഒന്നോ രണ്ടോ തവണ കൂടി വാങ്ങിവച്ച് ശരാശരി വില കുറച്ചുകൊണ്ടുവരാം. 

∙ പെനി സ്റ്റോക്സിൽ ആവറേജിങ് കഴിവതും ഒഴിവാക്കുക. പ്രസ്തുത ഓഹരി പെനി വിഭാഗത്തിലെത്തിപ്പെടാനുണ്ടായ കാരണം, കമ്പനി മോശം അവസ്ഥയിലാണ് എന്നതുമാത്രമാണ്. തിരിച്ചുവരവിന് കമ്പനി തയാറെടുക്കുന്നു എന്നാണു സൂചനയെങ്കിൽ അത്തരം നീക്കവുമായി ബന്ധപ്പെട്ട വാർത്തകൾ വസ്തുതാപരമായി വിശകലനം നടത്തി ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ആവറേജിങ്ങിന് ഇറങ്ങിപ്പുറപ്പെടുക.

കെ.സി.ജീവൻകുമാർ (ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com