ഉന്നതങ്ങളിൽ സി കൊണ്ടുള്ള കളി

office-ceo
SHARE

പഴയ കാലത്ത് കമ്പനികളിൽ ഒരു എംഡിയും ഒരു ജനറൽ മാനേജരും മാത്രമായിരുന്നു. ഒരു കൺഫ്യൂഷനുമില്ല. പരമസുഖം. ഇപ്പോഴോ?സി കൊണ്ടുള്ള പോസ്റ്റുകളുടെ അയ്യരുകളിയാണ്. സിഇഒ, സിഒഒ, സിഐഒ, സിഡിഒ, സിടിഒ, സിഎഫ്ഒ, സിഎംഒ...!

ഇതൊക്കെ എന്താ, അവരുടെ റോൾ എന്താ, ആരാ മൂത്തത്, ആരാ ഇളയത് എന്നതിലൊക്കെ കൺഫ്യൂഷൻ തീരുന്നില്ല. സിഇഒ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ആണെന്ന് മിക്കവർക്കും അറിയാം. പക്ഷേ ചില ബഹുരാഷ്ട്ര കമ്പനികളിൽ ഓരോ ഡിവിഷനും സിഇഒയും പോരാത്തതിന് രാജ്യത്തിനാകെ ഇന്ത്യ സിഇഒയും ആഗോളത്തിനായി ഗ്ലോബൽ സിഇഒയുമുണ്ട്. അതിനു പുറമേ സിഒഒ. ചീഫ് ഓപ്പറേഷൻസ് ഓഫിസർ. സിഇഒ പറയുന്ന പണിയെല്ലാം നടത്തിയെടുക്കേണ്ടത് ഇദ്യമാണ്.

ഫൈനാൻസ് മാനേജരുടെ തസ്തിക ഇപ്പോൾ സിഎഫ്ഒ. ചീഫ് ഫിനാൻഷ്യൽ ഓഫിസർ. പഴയ പോലെ കുറേ ലെഡ്ജറുകളും ‘‘ഡെബിറ്റ് ദ റിസീവർ, ക്രെഡിറ്റ് ദ ഗിവർ’’ തുടങ്ങിയ ആപ്തവാക്യങ്ങളുമായിട്ടിരുന്നാൽ പോരാ. സിഇഒ നിശ്ചയിക്കുന്ന ‘ഗോൾസ്’  സാധിച്ചെടുക്കാൻ വേണ്ട സാമ്പത്തികവും സ്ട്രാറ്റജിയുമൊക്കെ ഉണ്ടാക്കണം. ടെക്നോളജി ഉപയോഗിച്ചാണ് സ്ട്രാറ്റജിക് പ്ളാനിങ് നടത്തേണ്ടത്. അത്രേം മനസ്സിലായി.

അപ്പോൾ അതാ വരുന്നു വേറേ മൂന്ന് സികൾ...സിടിഒ, സിഡിഒ, സിഐഒ. ചീഫ് ടെക്നോളജി ഓഫിസർ, ചീഫ് ഡിജിറ്റൽ ഓഫിസർ, ചീഫ് ഇൻഫർമേഷൻ ഓഫിസർ!! ഈ മൂന്ന് ചങ്ങായിമാരുടേയും പണി ഏതാണ്ടൊരു പോലാണ്. കമ്പനിയുടെ ഐടി ഓപ്പറേഷൻസ് മൊത്തം സിടിഒയുടെ തലയിലാകുന്നു. ഐടിക്ക് എന്തെങ്കിലും പറ്റിയാൽ സിടിഒ ഉത്തരം പറയണം. അപ്പോൾ സിഡിഒയോ? മിക്ക കമ്പനികളും മനുഷേരുമായി നേരിട്ടുണ്ടായിരുന്ന ഇടപാട് അവസാനിപ്പിച്ച് ‍‍‍‍‍‍‍ഡിജിറ്റലാവുകയാണല്ലോ. അതിനു ചുക്കാൻ പിടിക്കുകയും നടത്തുകയുമാണ് സിഡിഒയുടെ പണി.

സിഐഒയോ? ഡേറ്റ അനലിറ്റിക്സ് ഉപയോഗിച്ച് ഡേറ്റ വിശകലനം ചെയ്യാൻ ഇൻപുട്ട് കൊടുക്കുന്നത് സിഐഒയുടെ പണിയാണ്. സിസിഒ വേറൊരു പോസ്റ്റ്. ചീഫ് കംപ്ളയൻസ് ഓഫിസർ. നിയമങ്ങളെല്ലാം അനുസരിച്ചാണോ  കമ്പനി നടക്കുന്നതെന്നു  നോക്കലാണു പണി. മാർക്കറ്റിങ് മാനേജരെ സിഎംഒ ആക്കി മാറ്റുന്നുണ്ട്. ബാക്കിയെല്ലാവർക്കും സി കൊണ്ടുള്ള പോസ്റ്റ് കിട്ടുമ്പോൾ മാർക്കറ്റിങ്ങുകാര് മാത്രം മോശക്കാരാകേണ്ട കാര്യമില്ലല്ലോ. ഇരിക്കട്ടെ സിഎംഒ–ചീഫ് മാർക്കറ്റിങ് ഓഫിസർ.

ഒടുവിലാൻ∙ ഇതുങ്ങളെയെല്ലാം റിക്രൂട്ട് ചെയ്ത് നിലനിർത്തുന്ന പാവം എച്ച്ആർ മാനേജർക്കും വേണ്ടേ സി കൊണ്ടുള്ളൊരു തസ്തിക? ആയിക്കോട്ടെ സിപിഒ അല്ലെങ്കിൽ സിഎച്ച്ആർഒ! ചീഫ് പീപ്പിൾ ഓഫിസർ, ചീഫ് എച്ച്ആർ ഓഫിസർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}