ADVERTISEMENT

അടികിട്ടുമെന്ന് അറിയാമായിരുന്നു. എന്നാൽ ഇത്രകണ്ടു നോവുമെന്നു കരുതിയില്ല. കഴിഞ്ഞ ആഴ്ചയിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ഓഹരി വിപണിക്ക് പറയാനുള്ളത് ഇതാണ്. യുഎസ് ഫെഡ് റിസർവിൽനിന്ന് 0.75% പലിശ വർധനയാണു പ്രതീക്ഷിച്ചത്. ഏറിയാൽ ഒരു ശതമാനം. പക്ഷേ 0.75 ശതമാനമെന്ന പ്രഖ്യാപനത്തിനു പുറമെ ഇനിയും ഇതുപോലെ വരുന്നുണ്ടെന്ന ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ മുന്നറിയിപ്പാണു വിപണിയെ ഞെട്ടിച്ചുകളഞ്ഞത്. ആ ഞെട്ടലാകട്ടെ ആഴ്ച മുഴുവൻ നീണ്ട ഞെട്ടലായി.

അതിനിടെയായിരുന്നു ഡോളറിന്റെ മൂല്യത്തിലെ കുതിപ്പ്. പലിശ വർധനയുടെ ഉപോൽപന്നമെന്ന നിലയിൽ സംഭവിച്ച മൂല്യ വർധന മറ്റു കറൻസികളെയൊക്കെ വളരെ ദുർബലമാക്കിയതും ഓഹരി വിപണികൾക്കു പ്രഹരമായി.

ലോകമെങ്ങുമുള്ള വിപണികൾ തകർന്നു. ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര വിപണികളിൽ ആഘാതം കൂടുതലായി അനുഭവപ്പെട്ടെന്നു മാത്രം. സെൻസെക്സിന് 58,098.92 പോയിന്റിലേക്ക് ഇറങ്ങേണ്ടിവന്നു. നിഫ്റ്റി 17,327.30 പോയിന്റ് വരെ താഴ്ന്നു. ഈ മാസത്തെ ആകെ നഷ്ടം രണ്ടു സൂചികയിലും രണ്ടു ശതമാനം വീതം. 

ഈ പശ്ചാത്തലത്തിലാണ് ഇന്നു വ്യാപാരം പുനരാരംഭിക്കുന്നത്. ഈ ആഴ്ചയും അത്ര നിസാരമൊന്നുമല്ല. ‘എഫ് & ഒ’ കരാറുകളുടെ കാലാവധി തീരലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ, വായ്പ നയ പ്രഖ്യാപനവും ഈ ആഴ്ചയാണ്. രണ്ടും വിപണിയിൽ വലിയ കയറ്റിറക്കങ്ങൾക്ക് ഇടയാക്കുമെന്ന് ഉറപ്പ്.

കളത്തിലിറങ്ങിയാൽ കളി പാളിയേക്കാവുന്ന സാഹചര്യം. പുറത്തിരുന്നു കളി കാണുന്നതായിരിക്കും സുരക്ഷിതം. നിഫ്റ്റി 17,150 പോയിന്റിൽ പ്രതിരോധ ശേഷി പ്രകടിപ്പിച്ചേക്കാം. എന്നാൽ അതിനു സാധ്യമായില്ലെങ്കിൽ 17,000 പോയിന്റ് പോലും സുരക്ഷിതമാകാതെപോകാം. നഷ്ടമായ നിലവാരം വീണ്ടെടുക്കാനുള്ള വാശി വിജയിക്കുമെന്നു വന്നാലോ? 17,800 – 17,900 പോയിന്റിനപ്പുറം കടക്കാൻ നിഫ്റ്റിക്കു തൽക്കാലം കഴിഞ്ഞേക്കില്ല. അത്ഭുതം സംഭവിച്ചാൽ 18,000 പോയിന്റ്. അത്രതന്നെ.

ഈ ആഴ്ച പിന്നിടുന്നതോടെ വിപണിയുടെ സ്വഭാവത്തിൽ മാറ്റം വന്നേക്കാം. കാരണം, അടുത്ത ആഴ്ച മുതൽ കോർപറേറ്റ് മേഖലയിൽനിന്നുള്ള പ്രവർത്തന ഫലങ്ങൾ പുറത്തുവന്നുതുടങ്ങും. ‘സ്റ്റോക് സ്പെസിഫിക്’ എന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ പ്രത്യേക ഓഹരികളിലേക്കു നിക്ഷേപകരും ദൈനംദിന ഇടപാടുകാരും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദിവസങ്ങളായിരിക്കും പിന്നീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com