ADVERTISEMENT

വെള്ളിയാഴ്ചയാണ് റിസർവ് ബാങ്കിന്റെ ഏറ്റവും പ്രധാനപ്പെട്ട പണനയ പ്രഖ്യാപനം വരിക. രണ്ടു ദിവസത്തെ ചർച്ചയ്ക്കു ശേഷം റിസർവ് ബാങ്കിന്റെ ആറംഗ  പണനയ സമിതി മിക്കവാറും പലിശനിരക്കു വീണ്ടും കൂട്ടാൻ തന്നെ തീരുമാനിക്കും എന്നാണു പരക്കെയുള്ള അഭിപ്രായം. 35  മുതൽ 50 ബേസിസ് പോയ്ന്റ്സ് വരെയാവാം പലിശ നിരക്കു കൂടുക. (100 ബേസിസ് പോയ്ന്റ്സ് = ഒരു ശതമാനം). 

റീപോ റേറ്റ് എന്നറിയപ്പെടുന്ന അടിസ്ഥാന നിരക്കിന്റെ മാറ്റമാണ് റിസർവ് ബാങ്ക് പ്രഖ്യാപിക്കുക. ഈയടുത്ത കാലത്തു 3 തവണ തുടർച്ചയായി ഉയർത്തിയത് മൂലം ഇപ്പോൾ റീപോ നിരക്ക് 5.4% ആണ്. ഈ നിരക്കിൽ റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് അവരുടെ ആവശ്യാനുസരണം ദൈനംദിന അടിസ്ഥാനത്തിൽ വായ്പ നൽകും. ഈ വായ്പയ്ക്ക് ഈടായി ബാങ്കുകൾ റിസർവ് ബാങ്കിന് സർക്കാർ കടപ്പത്രങ്ങൾ നൽകണം. അങ്ങനെ വിപണിയിലെ മറ്റെല്ലാ പലിശനിരക്കുകളുടെയും അടിസ്ഥാനം ആയി ഈ റീപോ റേറ്റ് മാറുന്നു. റീപോ റേറ്റിൽ ഉള്ള വ്യതിയാനങ്ങൾ ബാങ്കുകളുടെ വായ്പ–നിക്ഷേപ നിരക്കുകളെ ബാധിക്കും.

റീപോ റേറ്റ് കൂട്ടുമെന്ന ധാരണയുടെ പ്രധാനപ്പെട്ട കാരണം ഉപഭോക്തൃ വില സൂചിക (കൺസ്യൂമർ പ്രൈസ് ഇൻഡക്സ് അഥവാ സിപിഐ), പണനയ സമിതിക്കു പാർലമെന്റ് നിഷ്കർഷിച്ചു നൽകിയിട്ടുള്ള പരിധിയും കടന്നുനിൽക്കുന്നു എന്നതാണ്. ഈ വിലക്കയറ്റത്തോത് പണപ്പെരുപ്പത്തിന്റെ തോതായി സാമ്പത്തിക ശാസ്ത്രം അംഗീകരിക്കുന്നു. ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ശരാശരി 4% എന്ന നിലവാരത്തിൽ നിലനിർത്തണം എന്നാണ് നിർദേശം (2% മുതൽ 6% വരെ എന്ന പരിധിക്കകത്ത്).

സിപിഐ കണക്കാക്കൽ

ഒരു മാസത്തെ സിപിഐ കഴിഞ്ഞ വർഷം അതേ മാസത്തിന് ആപേക്ഷികമായി എത്ര മാറി എന്നതാണ് സിപിഐ കണക്കു സൂചിപ്പിക്കുക. കണക്കു പുറത്തുവരുക തൊട്ടടുത്ത മാസമാണ്.

സെപ്റ്റംബർ 12നു പുറത്തു വന്ന കണക്കുപ്രകാരം, ഓഗസ്റ്റിലെ വില സൂചിക 7% കൂടിയാണ് നിന്നിരുന്നത്. അതായത് കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ചില്ലറ വില നിലവാരം 7% കൂടി എന്നർത്ഥം. ഇത് പണപ്പെരുപ്പത്തിന്റെ ഒരു തോത് കൂടിയായി സാമ്പത്തിക ശാസ്ത്രം അനുമാനിക്കുന്നു. 

എന്തൊക്കെയാണ് സിപിഐയിലെ പ്രധാന ഘടകങ്ങൾ ?

6 പ്രധാന ഘടകങ്ങളാണ് വില സൂചിക കണക്കാക്കാൻ പരിഗണിക്കുന്നത്. ആഹാര-പാനീയങ്ങൾ, ഭവന വാടക നിരക്ക്, യാത്രച്ചെലവ്, പെട്രോൾ–ഡീസൽ വില,  വൈദ്യുതി, പുകയില-സിഗരറ്റ് മുതലായവയുടെ വില, പിന്നെ മറ്റു ചില്ലറ വസ്തുക്കളുടെ വില എന്നിവയാണ് ഈ ഘടകങ്ങൾ. അരി, ഗോതമ്പ്, പഞ്ചസാര, പച്ചക്കറി മുതലായവയെല്ലാം ആദ്യം പറഞ്ഞ ഗ്രൂപ്പിൽ വരും. സൂചികയിലെ മൊത്തം കണക്കിൽ ആഹാര സാധനകൾക്കുള്ള വെയിറ്റേജ് 46 ശതമാനമാണ്. രാജ്യത്തൊട്ടാകെയുള്ള ഏതാണ്ട് 1100 നഗര ചന്തകളിലും അത്രത്തോളം തന്നെ ഗ്രാമീണ ചന്തകളിലും ഉള്ള വില നിലവാരം നേരിട്ട് അന്വേഷണം നടത്തി ക്രമീകരിച്ചാണ് വില നിർണയിക്കുന്നത്. ഈ പ്രക്രിയ ചെയ്യുന്നത് കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആണ്. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക വില നിലവാരക്കണക്കുകളും ഇതിനോടൊപ്പം പുറത്തു വിടുന്നുണ്ട്. 

പലിശനിരക്കും വിലസൂചികയും തമ്മിലെ ബന്ധം?

ഉപഭോക്‌തൃ വില സൂചിക കൂടി നിൽക്കുകയാണെങ്കിൽ (വിലക്കയറ്റ സാഹചര്യം) അത് പണപ്പരുപ്പം മൂലമോ അല്ലെങ്കിൽ പണം താഴ്ന്ന നിരക്കിൽ ലഭിക്കുന്നതു കൊണ്ടോ ആകും എന്ന് സാമ്പത്തിക ശാസ്ത്രം അനുമാനിക്കുന്നു. അപ്പോൾ വിലസൂചികയുടെ കുതിച്ചുചാട്ടത്തെ നിയന്ത്രിക്കാൻ പണ ലഭ്യത കുറയ്ക്കുക അല്ലെങ്കിൽ പലിശനിരക്ക് കൂട്ടുക അല്ലെങ്കിൽ രണ്ടും ഒരുമിച്ചു തന്നെ ചെയ്യുക എന്നുള്ളതാണ് പരമ്പരാഗതമായി രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ (നമ്മുടെ റിസർവ് ബാങ്ക് പോലെയുള്ളവ) സ്വീകരിച്ചു പോരുന്ന നടപടി. പണപ്പെരുപ്പം 6% എന്ന പരിധിയും കടന്നു നിൽക്കുന്നതു കൊണ്ടാണ് റിസർവ് ബാങ്ക് വീണ്ടും പലിശ നിരക്കുകൾ കൂട്ടാനുള്ള സാധ്യത ബാങ്കിങ് വൃത്തങ്ങൾ കാണുന്നത്. 

പലിശ കൂട്ടിയാൽ വില നിയന്ത്രിക്കാനാകുമോ?

ഇതിനെക്കുറിച്ച് അഭിപ്രായ സമന്വയം ഇല്ല. സാധനങ്ങളുടെ ദൗർലഭ്യം മൂലമാണു വിലക്കയറ്റം എങ്കിൽ – പ്രത്യേകിച്ച് ഭക്ഷ്യ വസ്തുക്കളുടെയും പെട്രോൾ ഡീസൽ എന്നിവയുടെയുമൊക്കെ  വില– പലിശനിരക്ക് കൂട്ടുന്നതുകൊണ്ട് പിടിച്ചുകെട്ടാൻ സാധിക്കില്ല. പലിശ നിരക്കുകളുടെ വർധന, സാധനങ്ങളുടെ ഉൽപാദന–വിപണനച്ചെലവു കൂട്ടുമെന്നതിനാൽ വീണ്ടും വില ഉയരുന്നതിൽ കലാശിക്കാനും സാധ്യത. നേരെമറിച്ച്, വായ്പയെടുത്ത് അത്യാവശ്യമല്ലാത്ത ഉൽപന്നങ്ങൾ വാങ്ങുന്നതിൽനിന്ന് ജനം മാറിനിൽ‍ക്കാം എന്നതിനാൽ അത്തരം ഉൽപന്നങ്ങളുടെ ഡിമാൻഡും അതുവഴി വിലയും കുറയാം. (ബാങ്കിങ്, ധനകാര്യ വിദഗ്ധനാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com