ADVERTISEMENT

അബുദാബി∙ ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക കരാർ (സെപ) നിലവിൽ വന്നു 3 മാസത്തിനകം എണ്ണ ഇതര ഉൽപന്നങ്ങളുടെ കയറ്റുമതി 14.5% വർധിച്ചു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്ത് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 592 കോടി ഡോളറായി ഉയർന്നതായി ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. 2021ൽ ഇതേ കാലയളവിൽ 517 കോടി ഡോളറായിരുന്നു. കരാർ നിലവിൽ വന്ന മേയിലെ കണക്ക് ഉൾപ്പെടുത്താതെയാണിത്. 

ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ആഗോള ഉഭയകക്ഷി വ്യാപാരത്തിലും സ്വാധീനം ചെലുത്തി. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയുടെ ആഗോള എണ്ണ ഇതര കയറ്റുമതി 3% വർധിച്ചിട്ടുണ്ട്. ഇതിനേക്കാൾ അഞ്ചിരട്ടിയാണ് യുഎഇയിലേക്കുള്ള കയറ്റുമതി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 6,000 കോടി ഡോളറിൽ നിന്ന് (4.5 ലക്ഷം കോടി രൂപ) 5 വർഷത്തിനകം 10,000 കോടി ഡോളർ (7.5 ലക്ഷം കോടി രൂപ) ആക്കുകയാണു ലക്ഷ്യം.

കരാർ അനുസരിച്ച് 80% ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. 10 വർഷത്തിനകം എല്ലാ ഫീസും ഒഴിവാക്കുമെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദി പറഞ്ഞു. ജൂൺ-ഓഗസ്റ്റ് കാലയളവിൽ യുഎഇയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 556 കോടിയിൽനിന്ന് 561 കോടി ഡോളറായി ഉയർന്നിട്ടുമുണ്ട്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. അറബ് ലോകവുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന്റെ 40% യുഎഇയുമായാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com