ADVERTISEMENT

കൊച്ചി ∙ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ പിടിച്ചുനിൽക്കാനാകാതെ രൂപ തുടർച്ചയായ തകർച്ചയിൽ. രൂപയുടെ തകർച്ചയെ പിന്നിലാക്കുന്ന മട്ടിൽ ഓഹരി വിപണിയിലും ഭീമമായ ഇടിവ്. വിവിധ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ വരുത്തുന്ന അതിവേഗ വർധന ലോകത്തെയാകെ സാമ്പത്തിക മാന്ദ്യത്തിലേക്കു നയിച്ചേക്കുമെന്ന ആശങ്കയാണ് ഡോളർ ഒഴികെയുള്ള കറൻസികളുടെ വിലയിടിക്കുന്നത്. മാന്ദ്യ ഭീഷണി രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയുടെ കനത്ത ഇടിവിനും കാരണമായിട്ടുണ്ട്.

ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ രൂപയുടെ വിനിമയ നിരക്ക് 81.67 നിലവാരത്തിലാണ് അവസാനിച്ചിരിക്കുന്നത്. ഇതു റെക്കോർഡാണ്. ഇടപാടുകൾക്ക് ഇന്നലെ തുടക്കമിട്ടതു തന്നെ 81.47 നിലവാരത്തിൽ നഷ്ടം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു. തുടർച്ചയായി നാലാം ദിവസമാണു രൂപയ്ക്കു കനത്ത നഷ്ടം സംഭവിക്കുന്നത്. 193 പൈസയാണു നാലു ദിവസത്തെ മാത്രം ഇടിവ്.

അതിനിടെ, ഡോളർ സൂചിക 0.46% കൂടി ഉയർന്ന് 113.71ൽ എത്തിയിട്ടുണ്ട്. ആറു പ്രമുഖ കറൻസികളുമായുള്ള ഡോളറിന്റെ ആപേക്ഷിക മൂല്യം അളക്കാൻ സഹായിക്കുന്ന സൂചികയിലെ കുതിപ്പ് രൂപയ്ക്കും മറ്റും അപകടകരമായ മുന്നറിയിപ്പാണു നൽകുന്നത്. രൂപയുടെ വിലയിടിവിനു കടിഞ്ഞാണിടാനുള്ള ഇന്ത്യയുടെ ശ്രമം ഇപ്പോൾത്തന്നെ വിദേശനാണ്യ ശേഖരത്തിന്റെ ഗണ്യമായ സങ്കോചത്തിനിടയാക്കിക്കഴിഞ്ഞു. ഇക്കഴിഞ്ഞ 16ന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ചു ശേഖരം 54,565.2 കോടി ഡോളർ മാത്രം.

വിലയിടിവ് ആശങ്കാജനകമാണെങ്കിലും പല വികസ്വര രാജ്യങ്ങളിലെയും കറൻസികൾക്കേറ്റ ആഘാതത്തെക്കാൾ കുറവാണു രൂപയുടേത്. 10 ശതമാനത്തോളം മാത്രമാണ് രൂപയുടെ വിലയിടിവ്. 2011 സെപ്റ്റംബറിനും 2013 സെപ്റ്റംബറിനും ഇടയിൽ രൂപയ്ക്കു ഡോളറുമായുള്ള വിനിമയത്തിൽ നഷ്ടമായത് 30 ശതമാനത്തോളമായിരുന്നു.. 

ഓഹരി വിപണിയിൽ തകർച്ച

രൂപയുടെ വിലയിൽ നാലു ദിവസത്തെ ഇടിവ് 193 പൈസയാണെങ്കിൽ ഇതേ കാലയളവിൽ സെൻസെക്സിലെ തകർച്ച 2000 പോയിന്റിലേറെ. നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ ഇന്നലെ മാത്രമുണ്ടായ ഇടിവ് ഏഴു ലക്ഷം കോടി രൂപ. സെൻസെക്സിൽ ഇന്നലെ മാത്രം 953.70 പോയിന്റ് നഷ്ടമായി. നിഫ്റ്റിക്ക് 311.05 പോയിന്റ് നഷ്ടം. ഒരു ഘട്ടത്തിൽ സെൻസെക്സ് 1000 പോയിന്റിലേറെ താഴ്ന്നപ്പോൾ നിഫ്റ്റി 17,000 പോയിന്റിനു താഴേക്കു പോന്നു. സെൻസെക്സിന്റെ അവസാന നിരക്ക് 57,145.22; നിഫ്റ്റി 17,016.30.

യുഎസിലെ  പലിശ വർധന കൂടുതൽ ആദായകരമായ അവസരം സമ്മാനിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വിദേശ ധനസ്ഥാപനങ്ങൾ വൻതോതിൽ ഇന്ത്യൻ വിപണിയിൽ നിന്നു നിക്ഷേപം പിൻവലിക്കുന്നു. വിൽപന സമ്മർദം വർധിക്കുന്നതിനു പ്രധാന കാരണം ഇതാണ്. ഇക്കഴിഞ്ഞ എട്ടു ദിവസത്തിനകം വിദേശ ധനസ്ഥാപനങ്ങൾ വിറ്റുമാറിയ ഓഹരികളുടെ മൂല്യം 8000 കോടി രൂപയിലേറെ.വിപണിയിൽ കടുത്ത അനിശ്ചിതത്വമാണു നിലനിൽക്കുന്നത്. രാജ്യത്തെ 10 കോടിയിലേറെ ചില്ലറ നിക്ഷേപകർ കനത്ത പരിഭ്രാന്തിയിലാണ്.   

എണ്ണ വിലയിലെ ഇടിവ് ആശ്വാസമാകുന്നില്ല

കേന്ദ്ര ബാങ്കുകൾ തുടർച്ചയായി പ്രഖ്യാപിക്കുന്ന പലിശ വർധന സാമ്പത്തിക മാന്ദ്യത്തിനിടയാക്കിയേക്കുമെന്ന ആശങ്കയിൽ അസംസ്കൃത എണ്ണ വില കാര്യമായി കുറയുകയാണെങ്കിലും ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്കും മറ്റും അത് അത്ര ആശ്വാസകരമാകുന്നില്ല. ഡോളറിന്റെ വില വർധനയാണു കാരണം. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില 85 ഡോളറിനും താഴെയെത്തിയിരിക്കുന്നു. ഒൻപതു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വിലയിടിവിനു തടയിടാൻ എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഇടപെട്ടേക്കുമെന്നു വിപണിയിൽ സംസാരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com