ADVERTISEMENT

കണ്ണൂർ∙ രൂപ ഡോളറിനെതിരെ അനുനിമിഷം ദുർബലമാകുന്ന സാഹചര്യത്തിൽ സ്വർണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. നികുതി പരമാവധി ഉയർത്തുന്നതിനും, രൂപയുടെ നില മെച്ചപ്പെടുന്നതു വരെ കുറച്ചു കാലത്തേക്ക് ഇറക്കുമതി നിയന്ത്രിക്കുന്നതിനുമുള്ള സാധ്യതകളാണു പരിശോധിക്കുന്നതെന്നാണു സൂചന. രൂപയുടെ മൂല്യം ഇന്നലെ 40 പൈസ കുറഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന 81.93 നിലവാരത്തിലെത്തി.   

അസംസ്കൃത എണ്ണ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, ഭക്ഷ്യ എണ്ണകൾ തുടങ്ങി അവശ്യ ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണമേർപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലാണു സ്വർണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാനുള്ള നീക്കം. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് തുടർച്ചയായി ഉയർത്തുന്നതിനാൽ ആഗോളതലത്തിൽ കറൻസികൾ ഡോളറിനെതിരെ ദുർബലമാകുകയാണ്. 125 ഡോളർ വരെയെത്തിയ ക്രൂഡ്‌ഓയിൽ വില 86 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും രൂപയുടെ മൂല്യം മെച്ചപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ്, വിദേശനാണ്യ കരുതൽ ശേഖരത്തിൽ നിന്ന് ഡോളർ വിറ്റഴിച്ച് രൂപയെ പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾക്കു പകരം മറ്റു വഴികൾ തേടാനുള്ള ആർബിഐയുടെ നീക്കം. 

നിയന്ത്രണം വിപണിയിലെങ്ങനെ

രാജ്യാന്തര തലത്തിൽ സ്വർണവില 6 മാസത്തെ താഴ്ചയിലെത്തിയെങ്കിലും രൂപയുടെ മൂല്യത്തകർച്ചമൂലം ആനുപാതിക വിലക്കുറവു വിപണിയിലില്ല. നികുതി ഉയർത്തിയാൽ വില ഇനിയും ഉയരും. നിലവിൽ ജിഎസ്ടി ഉൾപ്പെടെ 18 ശതമാനമാണ് ഇറക്കുമതി നികുതി. വീണ്ടും 5% കൂടി വർധന വരുത്തിയാൽ ഇത് 23 ശതമാനമാകും. ഇത്രയധികം നികുതി ഏർപ്പെടുത്തുന്നത് കള്ളക്കടത്ത് വൻതോതിൽ വർധിക്കാനിടയാക്കും. നിലവിൽ ഒരു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ 7 ലക്ഷം രൂപവരെ നികുതി നൽകണം. കസ്റ്റംസ് നികുതി 5 ശതമാനം കൂട്ടിയാൽ ഇത് ഏതാണ്ട് 10 ലക്ഷം വരെയാകും. 

ഇറക്കുമതി എത്രവരെ കുറയ്ക്കും

800- 1000 ടൺ വരെയാണ് ഇന്ത്യയുടെ ശരാശരി വാർഷിക ഇറക്കുമതി. ഇതു പകുതിയെങ്കിലുമാക്കാനുള്ള നടപടികളുണ്ടായേക്കും. വാർഷിക ഇറക്കുമതി നിലവിലെ വിലയ്ക്ക് 3.5 മുതൽ 4.5 ലക്ഷം കോടി രൂപയുടേതാണ്. നികുതി വർധനകൊണ്ട് രാജ്യത്ത് ഇറക്കുമതി കുറഞ്ഞിട്ടില്ല. ജനങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ പുനഃരുപയോഗം ഉറപ്പുവരുത്തി മാത്രമേ ഇറക്കുമതി കുറയ്ക്കാനാകൂവെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്.അബ്ദുൽ നാസർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com