ADVERTISEMENT

ന്യൂഡൽഹി∙ നാണ്യപ്പെരുപ്പ ഭീഷണി മെരുങ്ങാതെ തുടരുന്നതിനാൽ റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) പലിശനിരക്ക് (റീപ്പോ) വീണ്ടും 0.5% കൂട്ടി. ആർബിഐ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോ 5.9% ആയി. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂട്ടും. പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവ് കാലയളവോ വർധിക്കും. 

അതേസമയം, ബാങ്ക് സ്ഥിരനിക്ഷേപ പലിശ ഉയരുമെന്ന ആശ്വാസവുമുണ്ട്. എന്നാൽ സ്ഥിരനിക്ഷേപ പലിശ വായ്പാ പലിശയുടെ അത്രയും വർധിക്കാറില്ല. കഴിഞ്ഞ 3 എംപിസി യോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി 0.5% പലിശനിരക്ക് വർധിപ്പിക്കാനുള്ള  തീരുമാനം ഇത്തവണ ഏകകണ്ഠമല്ല. 6 അംഗങ്ങളിൽ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ചിലെ പ്രഫസറും സാമ്പത്തികവിദഗ്ധയുമായ അഷിമ ഗോയൽ 0.35 ശതമാനത്തിനു വേണ്ടിയാണ് വോട്ട് ചെയ്തത്. 

150 ദിവസം; ആകെ പലിശവർധന 1.9%

കഴിഞ്ഞ 150 ദിവസത്തിനിടയിൽ പലിശനിരക്കിൽ 4 തവണയായുണ്ടായ വർധന 1.9 ശതമാനം. 2018 ഓഗസ്റ്റിനു ശേഷം ആദ്യമായാണ് ഇക്കഴിഞ്ഞ മേയിൽ പലിശ വർധിപ്പിച്ചത്. തുടർന്നുള്ള 3 എംപിസി യോഗങ്ങളിലും നിരക്ക് കൂട്ടി. വിപണിയിലെ പണലഭ്യത കുറച്ച് നാണ്യപ്പെരുപ്പം വരുതിയാലാക്കാനാണ് പലിശനിരക്ക് ഉയർത്തുന്നത്. കഴിഞ്ഞ 8 മാസമായി നിരക്ക് റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനു മുകളിൽ തുടരുകയാണ്.  

loan

ഓഗസ്റ്റിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് 7 ശതമാനമായി ഉയർന്നിരുന്നു. ഇതടക്കം പരിഗണിച്ച് ഡിസംബർ 5 മുതൽ 7 വരെ നടക്കുന്ന അടുത്ത എംപിസി യോഗത്തിലും പലിശവർധന പ്രതീക്ഷിക്കാം. ഈ സാമ്പത്തികവർഷത്തിലെ നാണ്യപ്പെരുപ്പനിരക്ക് 6.7 ശതമാനമായിരിക്കുമെന്ന അനുമാനം നിലനിർത്തി. ജിഡിപി വളർച്ചയുടെ അനുമാനക്കണക്ക് 7 ശതമാനമാണ്.

എംപിസി 'പരാജയപ്പെടും'?

തുടർച്ചയായി 3 ത്രൈമാസങ്ങളിലെ ശരാശരി നാണ്യപ്പെരുപ്പ നിരക്ക് റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനു മുകളിലാണെങ്കിൽ നാണ്യപ്പെരുപ്പ ലക്ഷ്യം നേടുന്നതിൽ എംപിസി പരാജയപ്പെട്ടതായി കണക്കാക്കുമെന്നാണ് ആർബിഐ ആക്ടിലെ വ്യവസ്ഥ. എംപിസി എന്ന സംവിധാനം നിലവിൽ വന്നത് 2016ലാണ്. നിലവിലെ വിലയിരുത്തലനുസരിച്ച് ആദ്യമായി എംപിസി അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടും. അങ്ങനെ വന്നാൽ വീഴ്ചകളുടെ കാരണം വിശദമാക്കി റിസർവ് ബാങ്ക് കേന്ദ്രസർക്കാരിനു റിപ്പോർട്ട് നൽകണം. ഈ മാസം ഇതിനായി പ്രത്യേക യോഗം വിളിച്ചേക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് സൂചിപ്പിച്ചു.

English Summary: RBI Repo Rate Hike by 50 bps to 5.9%: RBI Monetary Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com