പിഎംഇജിപി: പൊതുസംരംഭകർക്ക് ഏറ്റവും മികച്ച വായ്പാ പദ്ധതി

loan
SHARE


ഏതു വിഭാഗം സംരംഭകർക്കും ആശ്രയിക്കാവുന്ന മികച്ച ഒരു വായ്പാ പദ്ധതിയാണ് പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി അഥവാ പിഎംഇജിപി. ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും കൈത്താങ്ങ് സഹായവും നൽകുന്ന മറ്റൊരു പദ്ധതിയും ഇന്ന് ഇന്ത്യയിൽ ഇല്ല എന്നു പറയാം. 2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കി വന്നിരുന്ന ഒരു പ്രധാനപ്പെട്ട വായ്പാ പദ്ധതിയാണ് ഇത്. ഇക്കൊല്ലം മേയ് മുതൽ പദ്ധതിയിൽ കേന്ദ്രസർക്കാർ മൗലികമായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പൊതുസംരംഭകർക്ക് പരിധി ഇല്ലാതെ വായ്പ

പൊതുസംരംഭകർക്ക് നിർമാണ സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് പരിധിയില്ലാതെ വായ്പ നൽകാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. വായ്പയ്ക്ക് പരിധി ഇല്ലെങ്കിലും സബ്സിഡിക്കു പരിധിയുണ്ട്. നിർമാണ സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപ വരെയും സേവന സ്ഥാപനങ്ങൾക്ക് 20 ലക്ഷം രൂപ വരെയും ഉള്ള പദ്ധതികൾക്കു മാത്രമേ സബ്സിഡി ലഭിക്കുകയുള്ളൂ. സബ്സിഡിയുടെ നിരക്ക് ഗ്രാമപ്രദേശത്ത് പ്രത്യേക വിഭാഗത്തിൽപ്പെടുന്ന സംരംഭകർക്ക് 35%, പട്ടണ പ്രദേശത്ത് 25%. പൊതുവിഭാഗത്തിന് പഞ്ചായത്ത് പ്രദേശത്ത് 25 ശതമാനവും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്ത് 15 ശതമാനവും ആണ് സബ്സിഡി .

പ്രത്യേക വിഭാഗങ്ങൾ എന്നാൽ സ്ത്രീകൾ, എസ്‌സി–എസ്ടി, ഒബിസി, മതന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ. മാർജിൻ മണി ഗ്രാന്റ് എന്നാണ് സബ്സിഡി തുകയ്ക്കു പറയുന്നത്. ഇത് ലഭിച്ചുകഴിഞ്ഞാൽ 3 വർഷത്തേക്ക് ബാങ്കിൽതന്നെ എഫ്ഡി ആയി സൂക്ഷിക്കുകയും അതിനുശേഷം പ്രവർത്തനം വിലയിരുത്തി വായ്പക്കണക്കിലേക്ക് വരവുവയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന സബ്സിഡി തുകയ്ക്കും വായ്പത്തുകയ്ക്കും ഒരേ പലിശ നിരക്ക് ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട്.

ഉയർന്ന പ്രായപരിധി ഇല്ല

18 വയസ്സ് പൂർത്തിയായാൽ മതി. ഉയർന്ന പ്രായപരിധി ബാധകമല്ല. 10 ലക്ഷത്തിനു മുകളിൽ വരുന്ന നിർമാണ സ്ഥാപനങ്ങൾക്കും 5 ലക്ഷത്തിനു മുകളിൽ വരുന്ന സേവന സ്ഥാപനങ്ങൾക്കും എട്ടാം ക്ലാസ് പാസ് ആയിരിക്കണം. പങ്കാളിത്ത സ്ഥാപനങ്ങൾ, ലിമിറ്റഡ് കമ്പനികൾ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. നേരിട്ടുള്ള കൃഷി ഫാമുകൾ, പുകയില, മദ്യം, മാംസം, ടെസ്റ്റിങ് ലാബുകൾ, പരിശീലന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജിംനേഷ്യം, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ ഏതാനും മേഖലകൾക്കും വായ്പ ലഭിക്കില്ല. ഇവ ഒഴികെയുള്ള എല്ലാത്തരം സംരംഭ പ്രവൃത്തികൾക്കും വായ്പ ലഭിക്കും.

പോൾട്രി ഫാമുകൾക്കും ഫിഷ് ഫാമുകൾക്കും വായ്പ

പുതിയ ഭേദഗതി പ്രകാരം ചിക്കൻ–ടർക്കി–താറാവ് ഫാമുകൾക്കും ഫിഷ് ഫാമുകൾക്കും വായ്പ ലഭിക്കും. അതുപോലെ ട്രാൻസ്പോർട്ടേഷൻ വാഹനങ്ങൾക്കും വാൻ ഓട്ടോ ടാക്സികൾക്കും വെജിറ്റേറിയൻ- നോൺ വെജിറ്റേറിയൻ ഹോട്ടലുകൾക്കും പശുവിനെ വളർത്തി പാൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഫാമുകൾക്കും വായ്പ ലഭിക്കും. എരുമ, ആട്, ഒട്ടകം, കുതിര, കഴുത എന്നിവയുടെ ഫാമുകൾക്കും തേനീച്ച വളർത്തലിനും വായ്പ ലഭിക്കും. കച്ചവടത്തിന് വ്യവസ്ഥകളോടെ വായ്പ ലഭിക്കും. ഖാദി പിഎംഇജിപി യൂണിറ്റുകളുടെ നിർമാണ - സേവന സ്ഥാപനങ്ങളുടെ റീട്ടെയിൽ ഔട്‌ലെറ്റുകൾ ആണെങ്കിൽ പരിഗണിക്കും.

വനിതകൾക്ക് 30% സംവരണം

ഈ പദ്ധതി പ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ വനിതകൾക്ക് 30%, ഒബിസിക്ക് 27%, എസ്‌സിക്ക് 9.1%, എസ്ടിക്ക് 1.45%, മതന്യൂനപക്ഷങ്ങൾക്ക് 5%, ഭിന്നശേഷിക്കാർക്ക് 3% എന്നിങ്ങനെ പ്രത്യേക സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.

സംരംഭകത്വ പരിശീലനം

2 ലക്ഷം രൂപ വരെയുള്ള സ്ഥാപനങ്ങൾക്ക് ഇനിമേൽ സംരംഭകത്വ പരിശീലനം നിർബന്ധമില്ല. സ്ഥാപനത്തിന്റെ നിക്ഷേപം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ 5 ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടിയിൽ പങ്കെടുത്തൽ മതിയാകും. അതിനുമുകളിൽ ആണെങ്കിൽ 10 ദിവസത്തെ പരിശീലനവും നേടിയിരിക്കണം. എന്നാൽ മാത്രമേ സർക്കാർ അനുവദിക്കുന്ന സബ്സിഡിക്ക് അർഹത ഉണ്ടാവുകയുള്ളൂ.

സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തി

വാണിജ്യ ബാങ്കുകൾക്ക് ഒപ്പം സഹകരണ ബാങ്കുകളെക്കൂടി ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരിച്ചടവു കാലാവധി 3 വർഷം മുതൽ 7 വർഷം വരെ ലഭിക്കും. ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഒരാൾക്ക് തൊഴിൽ നൽകണം എന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. ഇപ്പോൾ 3 ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപത്തിന് ഒരു തൊഴിൽ നൽകിയാൽ മതിയാകും.

ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ അപേക്ഷകൾ സ്വീകരിക്കുന്നതിന് എല്ലാ നിർവഹണ സ്ഥാപനങ്ങൾക്കും അധികാരം നൽകി. ഖാദി ബോർഡ്, ഖാദി കമ്മീഷൻ, കയർ ബോർഡ് എന്ന് ഏജൻസികൾക്കും ഇനിമേൽ മുനിസിപ്പൽ പ്രദേശത്തെ അപേക്ഷകൾ കൈകാര്യം ചെയ്യാം. ഇതുവരെ ഈ അധികാരം ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്ക് മാത്രമായിരുന്നു. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി), ഖാദി ബോർഡ് (കെവിഐബി), കയർ ബോർഡ്, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ (ഡിഐസി) എന്നീ ഏജൻസികൾ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഖാദി കമ്മീഷനാണ് നോഡൽ ഏജൻസി .

മികച്ച വായ്പാ പദ്ധതി

ഈ പദ്ധതിപ്രകാരം വായ്പയെടുത്തു സംരംഭം നടത്തിക്കൊണ്ടിരിക്കുന്നവർക്ക് അതിന്റെ വിപുലീകരണത്തിന് ഇപ്പോൾ വായ്പ അനുവദിക്കുന്നുണ്ട്. നിർമാണ സ്ഥാപനങ്ങൾക്ക് ഒരു കോടി രൂപ വരെയും സേവന സ്ഥാപനങ്ങൾക്ക് 20 ലക്ഷം രൂപ വരെയുമാണ് ഇങ്ങനെ രണ്ടാം വായ്പയായി അനുവദിക്കുന്നത്. ഇതിനായി പ്രത്യേകമായുള്ള ലിങ്കും സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കേണ്ട സൈറ്റ് www.kviconline.gov.in

ടി.എസ്.ചന്ദ്രൻ (സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary: How you can get PMEGP govt loan to expand your business

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}