ഓഹരി വിപണിക്കും ഉത്സവകാല ഉത്സാഹ പ്രതീക്ഷ

stock-market
SHARE

നഷ്ടത്തിന്റെ കണക്കുകൾ പെരുകിക്കൊണ്ടിരുന്ന ദിവസങ്ങൾക്കൊടുവിൽ മുന്നേറ്റത്തിന് അവസരം ലഭിച്ചതിന്റെ ആശ്വാസത്തിലാണു കഴിഞ്ഞ ആഴ്ച ഓഹരി വിപണിയിൽ വ്യാപാരം അവസാനിച്ചത്. ആവേശം അലയടിച്ച ആശ്വാസ മുന്നേറ്റം. വിപണിയിൽ എല്ലാ തകർച്ചകളുടെയും അനുബന്ധമായി ഇത്തരം ആശ്വാസ മുന്നേറ്റങ്ങൾ പതിവുള്ളതാണെങ്കിലും ഇക്കുറി ആവേശം കൂടുതൽ കരുത്ത് ഉൾക്കൊള്ളുന്നതായി. 

യുഎസ് ഫെഡ് റിസർവിന്റെ പലിശ വർധന, ഡോളർ സൂചികയിലെ കുതിപ്പ്, രൂപയുടെ വിലയിടിവ്, വിദേശ ധനസ്ഥാപനങ്ങളിൽനിന്നു നേരിട്ട ശക്തമായ വിൽപന സമ്മർദം,  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയം സംബന്ധിച്ച ആശങ്ക തുടങ്ങി വിപണിയെ അസ്വസ്ഥമാക്കിയ കാരണങ്ങൾ പലതായിരുന്നു. ഒരാഴ്ചയ്ക്കിടയിൽ മാത്രം വിദേശ ധനസ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽനിന്നു 15,862.48 കോടി രൂപയുടെ ഓഹരികളാണു വിറ്റുമാറിയത്. ആഭ്യന്തര ധനസ്ഥാപനങ്ങൾ 15,988.29 കോടി രൂപ വിപണിയിലേക്ക് ഒഴുക്കിയിരുന്നില്ലെങ്കിൽ തകർച്ച കൂടുതൽ ഭീമമാകുമായിരുന്നു.

സെൻസെക്സിലും നിഫ്റ്റിയിലും മൂന്നു ശതമാനത്തിലേറെ നഷ്ടം വരുത്തിവച്ച മാസമായിരുന്നു സെപ്റ്റംബർ. സെൻസെക്സ് അവസാനിച്ചത് 57,426.92 പോയിന്റിലാണ്. നിഫ്റ്റിയുടെ അവസാന നിരക്ക് 17,094.3 പോയിന്റ്. ഒരു ഘട്ടത്തിൽ സെൻസെക്സ് 57,000 പോയിന്റിനും നിഫ്റ്റി 17,000 പോയിന്റിനും താഴേക്കു പോരുന്നതും കണ്ടു.

പ്രതീക്ഷിക്കുന്ന സംഭവങ്ങളൊന്നും പ്രത്യേകമായില്ലാത്ത ആഴ്ചയിലേക്കാണു വിപണി ഇന്നു പ്രവേശിക്കുന്നത്. ആഗോള വിപണികളുടെ പ്രകടനം മാത്രമാണു ശ്രദ്ധേയം. അസംസ്കൃത എണ്ണ വിലയിലെയും വിദേശനാണ്യ വിനിമയ നിരക്കിലെയും ചലനങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്.ഈ ആഴ്ചയിൽ ഇടപാടുകൾക്കു ലഭിക്കുന്നതു നാലു ദിവസം മാത്രമാണെന്നതും പ്രത്യേകത. ദസറ പ്രമാണിച്ചു ബുധനാഴ്ച വിപണി പ്രവർത്തിക്കില്ല.

വാഹന വിൽപന സബന്ധിച്ചു പുറത്തുവരുന്ന കണക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. ജിഎസ്ടി വരുമാനം വർധിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ ആഴ്ച മുതൽ കോർപറേറ്റ് മേഖലയിൽനിന്നുള്ള പ്രവർത്തനഫല പ്രഖ്യാപനങ്ങളും വിപണിയിലേക്ക് എത്തുകയായി. ഇതു ‘സ്റ്റോക് സ്പെസിഫിക്’ എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ചലനങ്ങൾക്ക് അവസരമാകും. നിഫ്റ്റിക്കു 16,800 – 16,850 നിലവാരത്തിൽ പ്രതിരോധ ശേഷി ശക്തമാണെന്നു കരുതുന്നു. 17,000 പോയിന്റിനു മുകളിൽ സ്ഥിരതയാർജിക്കാനായാൽ ഈ ആഴ്ചയല്ലെങ്കിലും സമീപദിവസങ്ങളിൽത്തന്നെ 17,500 – 17,800 നിലവാരം സാധ്യമാകാം.

ഉപഭോക്തൃ ഉൽപന്നങ്ങളുടെയും വാഹനങ്ങളുടെയുമൊക്കെ വിപണി ഉത്സവകാല ഉത്സാഹത്തിലാണ്. ഓണത്തോടെ ആരംഭിച്ചു ക്രിസ്മസ്, നവവത്സര ദിനം വരെ നീളുന്ന ഉത്സവകാല ഉത്സാഹത്തിൽ ഓഹരി വിപണിക്കും വലിയ പ്രതീക്ഷയുണ്ട്. വിവിധ ബിസിനസുകളുടെ വളർച്ചയിൽനിന്നുള്ള നേട്ടത്തിന്റെ വിഹിതം ഓഹരി നിക്ഷേപകരുടെ കൈകളിലാണല്ലോ എത്തിച്ചേരുക.

English Summary: Why banking stocks are rising after RBI policy announcement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA