ADVERTISEMENT

ന്യൂഡൽഹി, കൊച്ചി ∙ പിഎം കിസാൻ പദ്ധതിയിലൂടെ കർഷകർക്ക് പ്രതിവർഷം 6000 രൂപ അക്കൗണ്ടിൽ നൽകുന്നതിന്റെ 12–ാം ഗഡുവായ 16,000 കോടി രൂപയുടെ വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഒരു രാഷ്ട്രം ഒരു വളം പദ്ധതി (പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന) പ്രകാരമുള്ള ഭാരത് ബ്രാൻഡ് വളങ്ങളുടെ വിതരണം, 600 പ്രധാൻമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎം–കെഎസ്കെ) എന്നിവയുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു. 

കാർഷിക മേഖലയിലെ കൂടുതൽ സ്റ്റാർട്ടപ്പുകൾ ഈ മേഖലയ്ക്കും ഗ്രാമീണസമ്പദ്‌വ്യവസ്ഥയ്ക്കും ശുഭപ്രതീക്ഷയേകുന്നുവെന്ന് പ്രധാനമന്ത്രി പറ​ഞ്ഞു. കാർഷിക കയറ്റുമതിയിൽ ആദ്യ 10 രാജ്യങ്ങളിൽ ഇന്ത്യയുണ്ട്. ആഗോളമഹാമാരിയുടെ പ്രത‌ിസന്ധികൾക്കിടയിലും കാർഷിക കയറ്റുമതി 18% വർധിച്ചു. ഓയിൽ പാം ദൗത്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും എണ്ണക്കുരു ഉൽപാദനം വർധിപ്പിക്കുന്നതിലൂടെ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

‘ഭാരത്’ വളം

സർക്കാർ സബ്സിഡിയുള്ള എല്ലാ രാസവളങ്ങളും ഭാരത് എന്ന പേരിൽ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഭാരതീയ ജൻ ഉർവരക് യോജന (ഒരു രാഷ്ട്രം ഒരു വളം). ആദ്യഘട്ടമായി യൂറിയ ആണ് ഈ ബ്രാൻഡിങ്ങിൽ എത്തുന്നത്. വ്യാപാരികൾ കമ്മിഷന്റെ അടിസ്ഥാനത്തിൽ ചില ബ്രാൻഡുകൾ മാത്രം വിൽക്കാൻ താൽപര്യം കാണിക്കുന്നതിനാൽ അടിസ്ഥാന വളങ്ങളുടെ ലഭ്യത ഇല്ലാതെ വരുന്നതു തടയാനും അനാരോഗ്യ മൽസരം ഒഴിവാക്കാനുമാണു സർക്കാർ ലക്ഷ്യമിടുന്നത്. ബ്രാൻഡ് പേരുകൾ കർഷകർക്ക് ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു. ബ്രാൻഡ് ഏതായാലും വളം ഒന്നുതന്നെയാണെന്നു വരുമ്പോൾ, രാജ്യം മുഴുവൻ തങ്ങളുടെ ബ്രാൻഡ് വളം വിൽക്കാൻ കമ്പനികൾ നടത്തുന്ന ചരക്കുനീക്കവും പ്രചാരണച്ചെലവും ഒഴിവാക്കാം. 

ഭാരത് എൻപികെ, ഭാരത് യൂറിയ, ഭാരത് ഡിഎപി, ഭാരത് എംഒപി എന്നീ പേരുകളിലാണു വളങ്ങൾ വരുക. കമ്പനികളുടെ പ്രശസ്തമായ വാണിജ്യ നാമങ്ങൾ ഇല്ലാതാകും. ഫാക്ടിന്റെ വിഖ്യാതമായ ഫാക്ടംഫോസ് പുതിയ നയ പ്രകാരം ‘ഭാരത് എൻപികെ’ ആകും. ചാക്കിൽ ഭാരത് എന്ന പേരാകും വലുതായി എഴുതുക. പ്രധാനമന്ത്രി ഭാരതീയ ജൻഉർവരക് പരിയോജന എന്നും എഴുതണം. നിർമാതാവിന്റെ പേരും ചിഹ്നവും ചാക്കിന്റെ മൂന്നിലൊന്നു ഭാഗത്ത് എഴുതാം.  

കിസാൻ സമൃദ്ധി കേന്ദ്രം

കർഷകരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാനാകുംവിധ 3.3 ലക്ഷം വളം ചില്ലറ വിൽപനശാലകൾ ഘട്ടംഘട്ടമായി കിസാൻ സമൃദ്ധി കേന്ദ്രങ്ങളാക്കി മാറ്റും. നിലവിൽ വളം വിൽപനക്കടകൾ നിർമാണക്കമ്പനികളുടെതോ സഹകരണ മേഖലയുടെതോ സ്വകാര്യ ഡീലർമാരുടേതോ ആണ്. ഇവയെയാണ് കിസാൻ സമൃദ്ധി കേന്ദ്രങ്ങളാക്കുന്നത്. ഒരു ജില്ലയിൽ ഒരു വളംവിൽപനകേന്ദ്രം മാതൃകാ കേന്ദ്രമാക്കും.

സബ്സിഡി ഉള്ളതും ഇല്ലാത്തതുമായ വളം, വിത്ത്, കൃഷി ഉപകരണങ്ങൾ എന്നിവയുടെ വിൽപന, മണ്ണ്, വിത്ത്, വളം എന്നിവയുടെ പരിശോധനയ്ക്കുള്ള സൗകര്യം, സർക്കാർ പദ്ധതികളുടെ വിവരങ്ങൾ എന്നിവ സമൃദ്ധി കേന്ദ്രങ്ങളിലുണ്ടാകും. വില്ലേജ്, ബ്ലോക്ക്, ജില്ലാ തലങ്ങളിലാണു പിഎംകെഎസ്കെ ഒരുക്കുന്നത്. സ്മാർട് ടിവി ഉപയോഗിച്ചു വിഡിയോ പ്രദർശനങ്ങളും കാർഷിക വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കാം.

22 ഇടത്ത് ഫാക്ട് കേന്ദ്രം

കേരളത്തിൽ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഇഫ്കോയും പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡും ശേഷിച്ച ജില്ലകളിൽ ഫാക്ടും പിഎംകെഎസ്കെ സ്ഥാപിക്കും. കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലായി 22 ജില്ലാതല കേന്ദ്രങ്ങളാണു ഫാക്ട് ഒരുക്കേണ്ടത്. ആദ്യഘട്ടമായി കേരളത്തിൽ ആറും തമിഴ്നാട്ടിൽ മൂന്നും കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ ഓരോന്നു വീതവും കേന്ദ്രങ്ങൾ ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com