ADVERTISEMENT

യുഎസിലെ പണപ്പെരുപ്പ നിരക്ക് ഇടിഞ്ഞതിന്റെ ആഘോഷം ശരിക്കും നടന്നത് ഇന്ത്യയിലെ ഓഹരി, കറൻസി വിപണികളിലാണ്. കഴിഞ്ഞ വാരാന്ത്യദിനത്തിൽ സെൻെസക്സും നിഫ്റ്റിയും ഒറ്റക്കുതിപ്പിൽ റെക്കോർഡിനു തൊട്ടടുത്ത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപ കൈവരിച്ചതു 100 പൈസയുടെ നേട്ടം. യുഎസിലെ ഇടിവിന്റെ ആഘോഷം ഇമ്മട്ടിലെങ്കിൽ ഇന്ത്യയിലെ കണക്കിനെ വിപണി വരവേൽക്കുന്നത് എങ്ങനെയെന്നു നാളെ കാണാം. ഇന്നു വൈകിട്ട് 05.30 ന് ഇന്ത്യയിലെ പണപ്പെരുപ്പ നിരക്കു പുറത്തുവിടും. വ്യാപാര സമയം അപ്പോഴേക്കു കഴിയുമെന്നതിനാൽ വിപണിക്ക് ആഘോഷാവസരം നാളെയാണ്.

ചില്ലറ വിലകളെ അടിസ്ഥാനമാക്കിയുള്ള നിരക്ക് സെപ്റ്റംബറിൽ 7.4 ശതമാനമായിരുന്നതു കഴിഞ്ഞ മാസം 6.5 – 6.7% വരെ താഴ്ന്നിട്ടുണ്ടാകാമെന്നു കണക്കാക്കുന്നു. ഈ നിരക്ക് റിസർവ് ബാങ്കിന്റെ സഹന പരിധിക്കപ്പുറത്താണെങ്കിലും ക്രമേണ പരിധിക്കുള്ളിലൊതുങ്ങാനുള്ള സാധ്യതയാണു  സൂചിപ്പിക്കുന്നത്. വായ്പ നിരക്കുകൾ പടിയിറങ്ങാൻ സാഹചര്യമൊരുങ്ങുന്നുവെന്ന ശുഭസൂചനയും. ഓഹരി വിപണിക്കു പ്രതീക്ഷ പകരുന്നതാണ് ഈ സൂചനകൾ.

അല്ലെങ്കിൽത്തന്നെ, വിപണി മുന്നേറ്റത്തിന്റെ പാതയിലാണ്. ഏറ്റവും ഒടുവിൽ നിഫ്റ്റി എത്തിനിൽക്കുന്നത് 18,349.70 പോയിന്റിൽ; സെൻസെക്സ് 61,795.04 പോയിന്റിലും. രണ്ടു സൂചികകളും 52 ആഴ്ചയിലെ ഏറ്റവും കൂടിയ നിലവാരത്തിലെത്തിയിരിക്കുന്നു. 17,900 – 18,000 പോയിന്റിൽ നിഫ്റ്റിക്കു ശക്തമായ പിന്തുണയുണ്ടെന്നു കഴിഞ്ഞ ആഴ്ചയിലെ പ്രവണതയിൽനിന്ന് ഊഹിക്കാം. 18,300 – 18,350 നിലവാരത്തെ പിന്തള്ളാനുള്ള കരുത്തുണ്ടെന്നും അനുമാനിക്കാവുന്ന അവസ്ഥ. അപ്പോൾപ്പിന്നെ ഈ ആഴ്ചതന്നെ നിഫ്റ്റി 18,604 എന്ന റെക്കോർഡിനപ്പുറത്തേക്കു കടന്നു കൊടി ഉയർത്തുമെന്നു ന്യായമായും പ്രതീക്ഷിക്കാം. സെൻസെക്സിനു റെക്കോർഡ് മറികടക്കാൻ വെറും 450 പോയിന്റ് മാത്രമേ വേണ്ടൂ.

വിദേശധനസ്ഥാപനങ്ങൾക്ക് ഇന്ത്യൻ വിപണി വീണ്ടും പ്രിയപ്പെട്ടതായിക്കൊണ്ടിരിക്കുന്നു. ഈ മാസം മാത്രം അവ 300 കോടി ഡോളറാണു വിപണിയിലേക്ക് ഒഴുക്കിയത്. കമ്പനികളിൽനിന്നുള്ള വരുമാനക്കണക്കുകൾ മെച്ചപ്പെട്ട ഭാവി സൂചിപ്പിക്കുന്നതിനാൽ വിദേശധനസ്ഥാപനങ്ങളിൽനിന്നു വിപണിയിലേക്കു നല്ല തോതിൽ ഡോളർ പ്രവാഹത്തിനു സാധ്യതയുണ്ട്. യുഎസിലും യുകെയിലും മറ്റും സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടാലും ഇന്ത്യ സുരക്ഷിത നിക്ഷേപലക്ഷ്യമായിരിക്കുമെന്ന അനുമാനത്തിന് ആഗോളതലത്തിൽത്തന്നെ അംഗീകാരം ലഭിക്കുന്നുവെന്നതിന്റെ സൂചനയാണിത്. 

ഈ ആഴ്ചയും കമ്പനികളിൽനിന്നുള്ള പ്രവർത്തന ഫലങ്ങൾ വിപണിയുടെ ശ്രദ്ധ നേടും. ബയോകോൺ, അപ്പോളോ ടയേഴ്സ്, ഭാരത് ഫോർജ്, ഗ്രാസിം ഇൻഡസ്ട്രീസ്, ഒഎൻജിസി, ജ്യോതി ലാബ്സ്, ഐആർസിടിസി, ശോഭ, റാഡിക്കോ ഖൈത്താൻ തുടങ്ങിയ കമ്പനികളുടെ ബോർഡ് യോഗം പ്രവർത്തന ഫലം വിലയിരുത്താൻ ഇന്നു ചേരുന്നു.

രൂപയുടെ മൂല്യ നിലവാരം, രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വില തുടങ്ങിയവ ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിലും ശ്രദ്ധിക്കപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com