ADVERTISEMENT

കൊച്ചി ∙ ഓഹരിവില സൂചികയായ ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ. സർവകാല ഔന്നത്യത്തിനു തൊട്ടുതാഴെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കു നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റി മുന്നേറിയിട്ടുമുണ്ട്. പണപ്പെരുപ്പത്തിനു കടിഞ്ഞാണിടാൻ വിവിധ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ തുടരെ വർധിപ്പിക്കുകയും യുഎസും യൂറോപ്പും സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്ന അനുമാനം ലോക വിപണികളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നതിനിടെ വൻ മുന്നേറ്റം കൈവരിക്കാൻ ഇന്ത്യയിലെ ഓഹരി വിപണിക്കു കഴിഞ്ഞെന്നതാണു പ്രത്യേകത. 

ഇന്ത്യ ഏറെക്കുറെ സുരക്ഷിതമാണെന്ന കണക്കുകൂട്ടലിൽ വിദേശ ധനസ്ഥാപനങ്ങൾ ഇവിടെനിന്ന് ഓഹരികൾ വാങ്ങുന്നതു നല്ല രീതിയിൽ പുനരാരംഭിച്ചതു രാജ്യത്തെ ചില്ലറ നിക്ഷേപകർക്കു വീണ്ടും പ്രതീക്ഷ പകർന്നതോടെ ഏതാനും ദിവസമായി വിപണി മുന്നേറ്റത്തിന്റെ പാതയിലായിരുന്നു. യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ വർധിപ്പിക്കുന്നതിൽ മെല്ലെപ്പോക്കു നയമാണു സ്വീകരിക്കുക എന്ന റിപ്പോർട്ടുകളാണ് ഇന്നലെ പെട്ടെന്നു സെൻസെക്സിനെ റെക്കോർഡിലേക്ക് ഉയർത്തിയത്. 

ഇന്നലെ ഒരു ഘട്ടത്തിൽ 900 പോയിന്റ് വർധിച്ച സെൻസെക്സ് 62,412.33 വരെ എത്തുകയുണ്ടായെങ്കിലും ‘ക്ളോസ്’ ചെയ്തത് 762.10 പോയിന്റ് വർധനയോടെ 62,272.68 നിലവാരത്തിലാണ്. 18,529.70 പോയിന്റ് വരെ ഉയർന്നെങ്കിലും നിഫ്റ്റി  ‘ക്ളോസ്’ ചെയ്തത് 18,484.10 നിലവാരത്തിൽ. സെൻസെക്സ് റെക്കോർഡിലെത്തിയതിനൊപ്പം രാജ്യത്തെ ഓഹരി നിക്ഷേപകരുടെ ആകെ ആസ്തി മൂല്യം 283.9 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇന്നലെ മാത്രം നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ വർധന 2.46 ലക്ഷം കോടി രൂപയാണ്. യുഎസ് ഫെഡ് റിസർവ് മാത്രമല്ല റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകളും പലിശ വർധിപ്പിക്കുന്നതിൽ സാവകാശം കാട്ടിയേക്കുമെന്നു വിപണി പ്രതീക്ഷിക്കുന്നു. ഇതിനു പുറമെ ഇന്ത്യൻ വിപണിക്കു തുണയായ മറ്റു പ്രധാന കാരണങ്ങൾ ഇവയാണ്:

∙ ഏഷ്യയിലെ മറ്റ് ഓഹരി വിപണികളിലുണ്ടായ മുന്നേറ്റം. ജപ്പാനിലെ നിക്കെയ് സൂചിക 0.95 ശതമാനം ഉയർന്നപ്പോൾ ദക്ഷിണ കൊറിയയിലെ കോസ്പി 0.96 ശതമാനമാണു വർധിച്ചത്.

∙ യൂറോപ്യൻ വിപണികളിൽ മുന്നേറ്റമാണെന്ന ആദ്യ സൂചനകൾ.

∙ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവ്. ബ്രെന്റ് ക്രൂഡിന്റെ അവധി വില 0.3 ശതമാനം ഇടിഞ്ഞ് 85.13 യുഎസ് ഡോളറിലേക്കു താഴ്ന്നു.

∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുണ്ടായ പ്രിയം. വിനിമയ നിരക്ക് 81.63 രൂപയായി മെച്ചപ്പെട്ടു. മുൻ ദിവസത്തെ നിരക്ക് 81.84 ആയിരുന്നു.

∙ നടപ്പു മാസത്തെ ഡെറിവേറ്റീവുകളുടെ കാലാവധി അവസാനിക്കുന്നതു കണക്കിലെടുത്തു ബാധ്യതകൾ തീർക്കാൻ ഓഹരി ഇടപാടുകാർ നടത്തിയ ‘ഷോർട് കവറിങ്’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com