ചൈനയില്‍ കോവിഡ് കൂടിവരികയും റഷ്യ–യുക്രെയ്ന് യുദ്ധം അനന്തമായി നീളുകയും യുകെയും യൂറോപ്പുമുള്‍പ്പെടെ മാന്ദ്യത്തിലേക്കു നീങ്ങുകയും ചെയ്യുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണികള്‍ പുതിയ ഉയരങ്ങള്‍ കുറിക്കുകയാണ്. മുന്നേറ്റത്തിന് കാരണങ്ങള്‍ പലതുമുണ്ടെങ്കിലും കരുതല്‍ നിര്‍ബന്ധമെന്നു പറയാന്‍ അതിലേറെ കാരണങ്ങളുണ്ട്. സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍നിന്ന് ലാഭമെടുക്കലും വിപണിയുടെ തിരിച്ചിറക്കവും ഏതു നിമിഷവും പ്രതീക്ഷിക്കാം. അതിലേക്കു നയിക്കാവുന്ന തീപ്പൊരികള്‍ക്ക് ഈയാഴ്ച എവിടെയൊക്കെ സാധ്യതകളുണ്ടെന്ന് വിശദമായി പരിശോധിക്കാം. യുഎസില്‍ പണനയം തീരുമാനിക്കുന്ന എഫ്ഒഎംസി (ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി) നവംബര്‍ 1, 2 തീയതികളില്‍ നടത്തിയ യോഗത്തിന്റെ മിനുട്സ് പുറത്തിറക്കിയപ്പോള്‍ ലഭിച്ച ശുഭസൂചനകളാണ് കഴിഞ്ഞയാഴ്ച ഓഹരിവിപണികളുടെ മുന്നേറ്റത്തിലേക്കു നയിച്ച പ്രധാന കാരണം. കനത്ത പലിശവര്ധനകള് ഏറെ വൈകാതെ ഒഴിവാക്കാമെന്ന് കമ്മിറ്റിയിലെ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടുവെന്നായിരുന്നു വിവരം. എന്നാല്‍ ഈ വിലയിരുത്തല്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ഈയാഴ്ച വരാനിരിക്കുന്ന ഒട്ടേറെ കണക്കുകള്‍ തുണയ്ക്കണം. അടുത്ത എഫ്ഒഎംസി യോഗം ഡിസംബര്‍ 13–14 തീയതികളിലാണ്. അതിനു മുന്‍പ് വരാനുള്ള പ്രധാന കണക്കുകളില്‍ ഒന്നാമത്തേത് യുഎസ് തൊഴില്‍ മേഖലയില്‍നിന്നുള്ള നോണ്‍ ഫാം പേറോള്‍ റിപ്പോര്‍ട്ടാണ്. കാര്‍ഷിക മേഖലയിലെ തൊഴിലുകളെ ഒഴിവാക്കിയുള്ള തൊഴില്‍ ലഭ്യത കണക്കാണ് നോണ്‍ ഫാം പേറോള്‍. കാര്‍ഷിക തൊഴിലുകള്‍ സീസണല്‍ ആണ്. ഇത് ഓരോ സമയത്തും വ്യത്യസ്തമായിരിക്കും എന്നതിനാലാണ് അത് ഒഴിവാക്കിയുള്ള കണക്ക് എടുക്കുന്നത്. അതുകൊണ്ടുതന്നെ ഇത് തൊഴില്‍മേഖലയുടെ വളര്‍ച്ച സംബന്ധിച്ച കൃത്യമായ സൂചകമാണ്.
HIGHLIGHTS
- ഇന്ത്യൻ ഓഹരി വിപണിയുടെ തിരിച്ചിറക്കം ഏതു നിമിഷവും പ്രതീക്ഷിക്കാം
- ഈയാഴ്ച വിപണിയെ സ്വാധീനിച്ചേക്കാവുന്ന നിർണായക ഘടകങ്ങൾ എന്തെല്ലാം?
- ഓഹരി നിക്ഷേപത്തിൽ ഈയാഴ്ച എന്തെല്ലാം ശ്രദ്ധിക്കണം?
- ചൈനീസ് കോവിഡ്, യുക്രെയ്ൻ യുദ്ധം... രാജ്യാന്തര വിപണിയുടെ അവസ്ഥയെന്താണ്?