ADVERTISEMENT

നിക്ഷേപത്തിനു യോജിച്ച ഓഹരികൾ തിരഞ്ഞെടുക്കുന്നതിനായി നിക്ഷേപകർ പല രീതികളും പരീക്ഷിച്ചുവരാറുണ്ട്. സുരക്ഷിതമെന്ന നിലയിൽ കണ്ണടച്ച് ബ്ലൂചിപ് കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതും ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്ത സ്മോൾ ക്യാപ് കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതും ഫണ്ടമെന്റൽ ആയി ഗ്യാരന്റിയില്ലെന്നറിഞ്ഞിട്ടും വലിയ അളവിൽ പെനി സ്റ്റോക്കുകൾ വാങ്ങിക്കൂട്ടുന്നതുമൊക്കെ വിപണിയിൽ അവർ പയറ്റുന്ന തന്ത്രങ്ങളാണ്. നിക്ഷേപം നിലനിർത്തിപ്പോരേണ്ട കാലാവധി, നിക്ഷേപകന്റെ സാമ്പത്തിക ഭദ്രത, റിസ്ക് എടുക്കാനുള്ള ശേഷി മുതലായ ഘടകങ്ങൾ അനുസരിച്ച് നിക്ഷേപം തിരഞ്ഞെടുക്കുന്ന രീതിയിലും മാറ്റം കണ്ടുവരാറുണ്ട്. 

അതേസമയം, അടിസ്ഥാനപരമായി നിരീക്ഷിച്ചാൽ രണ്ടു തരം രീതികളാണ് ഓഹരികൾ തിരഞ്ഞെടുക്കാനായി നിക്ഷേപകർ അവലംബിച്ചു പോരുന്നത്. വാല്യു ഇൻവെസ്റ്റിങ്ങും ഗ്രോത്ത് ഇൻവെസ്റ്റിങ്ങുമാണ് പ്രസ്തുത രീതികൾ. ഇവ എന്താണെന്ന് വെവ്വേറെ പരിശോധിക്കാം. 

വാല്യു ഇൻവെസ്റ്റിങ്

കമ്പനിയുടെ ബാലൻസ് ഷീറ്റിൽ ലഭ്യമാവുന്ന സംഖ്യകളും മറ്റു സൂചകങ്ങളും അപഗ്രഥനം ചെയ്തും മാനേജ്മെന്റ്, കമ്പനി നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റു ഗുണഗണങ്ങൾ മുതലായവ ആഴത്തിൽ വിശകലനം ചെയ്തുമാണ് ഓഹരിയുടെ യഥാർഥ മൂല്യം അഥവാ ഇൻട്രിൻസിക് വാല്യു കണ്ടെത്തുന്നത്. ഇങ്ങനെ കണ്ടെത്തിയ വാല്യു നിലവിലെ മാർക്കറ്റ് വിലയെക്കാൾ മുകളിലാണെങ്കിൽ പ്രസ്തുത ഓഹരി നിക്ഷേപത്തിനായി തിരഞ്ഞെടുക്കാമെന്നാണ് നിക്ഷേപകരുടെ കണക്കുകൂട്ടൽ. ഭാവിയിൽ മാർക്കറ്റ് വാല്യു ഇൻട്രിൻസിക് വാല്യുവിന് അടുത്തെത്തുമെന്ന് അവർ വിശ്വസിക്കുന്നു. ഇത്തരത്തിൽ നിലവിൽ വാല്യുവേഷൻ താഴ്ന്നു നിൽക്കുന്നതും ഭാവിയിൽ മികച്ച പ്രകടനം നടത്താൻ സാധ്യത കൽപിക്കപ്പെടുന്ന കമ്പനികളുടെ ഓഹരികളിൽ നടത്തുന്ന നിക്ഷേപമാണ് വാല്യു ഇൻവെസ്റ്റിങ്ങ് എന്നറിയപ്പെടുന്നത്. തിരഞ്ഞെടുക്കുന്ന കമ്പനികളുടെ പിഇ റേഷ്യോ, സെക്ടറിലെ മറ്റു മുൻനിര കമ്പനികളുടേതിനെ അപേക്ഷിച്ച് താരതമ്യേന കുറവായിരിക്കും. ദീർഘകാലത്തേക്ക് നിക്ഷേപം നടത്താൻ തയാറുള്ളവർക്ക് കൂടുതൽ അനുയോജ്യമായ ഒരു രീതിയായി വാല്യു ഇൻവെസ്റ്റിങ്ങിനെ കാണാവുന്നതാണ്. 

ഗ്രോത്ത് ഇൻവെസ്റ്റിങ്

വിപണിയിൽ അറിയപ്പെടുന്നതും ശരാശരിക്ക് മുകളിൽ വളർച്ച കാണിച്ചുകൊണ്ടിരിക്കുന്നതുമായ കമ്പനികളുടെ ഓഹരികളാണ് ഗ്രോത്ത് ഇൻവെസ്റ്റിങ്ങിൽ നിക്ഷേപത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത്. ശക്തമായ സാമ്പത്തിക അടിത്തറയുള്ള ഇത്തരം കമ്പനികൾ വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നവയും ഭാവിയിലും നിക്ഷേപകർക്കു നേട്ടങ്ങൾ കൊടുക്കാൻ പ്രാപ്തിയുള്ളവയുമാണെന്നാണ് വിലയിരുത്തൽ. മുൻകാലങ്ങളിലുണ്ടായ വളർച്ച വരുംവർഷങ്ങളിലും തുടർന്നുകൊണ്ടേയിരിക്കും എന്ന കണക്കുകൂട്ടലിലാണ് നിക്ഷേപകർ ഇത്തരം സ്റ്റോക്കുകളിലേക്ക് ആകർഷിക്കപ്പെടുന്നത്. ലാർജ്, മിഡ്, സ്മോൾ മുതലായ എല്ലാ ക്യാപ് വിഭാഗങ്ങളിലും ഗ്രോത്ത് സ്റ്റോക്കുകളെ കാണാം. വാല്യു സ്റ്റോക്കുകളിൽനിന്നു വിഭിന്നമായി ഗ്രോത്ത് സ്റ്റോക്കുകളുടെ പിഇ പൊതുവെ ഉയർന്നു നിൽക്കുന്നതായി കാണാറുണ്ട്. വിപണിയിൽ പേരെടുത്ത ഓഹരികളായതുകൊണ്ടുതന്നെ വിലകളിലുണ്ടാകുന്ന ചാഞ്ചാട്ടവും ഇത്തരം ഓഹരികളിൽ കൂടുതലായി പ്രതീക്ഷിക്കാം. 

ഏതു സ്ട്രാറ്റജി തിരഞ്ഞെടുക്കണം?

മികച്ച സ്ട്രാറ്റജി ഏത് എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമില്ല. രണ്ടു നിക്ഷേപ രീതികൾക്കും അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ശക്തമായ അടിത്തറയുള്ളതും അതേസമയം അറിയപ്പെടാതെ പോയതുമായ കമ്പനികളാണ് വാല്യു ഇൻവെസ്റ്റിങ്ങിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ, കേട്ടുപരിചയമുള്ള ബ്രാൻഡുകൾ വില അൽപം കൂടുതലാണെങ്കിലും ഭാവിയിൽ കൂടുതൽ ഉയരങ്ങളിലേക്ക് പോയേക്കാമെന്ന കണക്കുകൂട്ടലിൽ താരതമ്യേന ഉയർന്ന റിസ്കിൽ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന രീതിയാണ് ഗ്രോത്ത് ഇൻവെസ്റ്റിങ്ങിൽ. രണ്ടു വിഭാഗത്തിലും ഉൾപ്പെടുന്ന സ്റ്റോക്കുകളുടെ ഒരു മോഡൽ പോർട്ഫോളിയോ വളർത്തിയെടുക്കുക എന്നതാണ് റീട്ടെയിൽ നിക്ഷേപകർക്ക് പിന്തുടരാവുന്ന ഒരു മാർഗം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com