ഇ–രൂപ പരീക്ഷണം പടിവാതിലിൽ; ഇല്ലാതാകുമോ ഇപ്പോഴത്തെ നോട്ടുകൾ?

HIGHLIGHTS
  • ആദ്യഘട്ടം നാളെ 4 നഗരങ്ങളിൽ; അടുത്ത ഘട്ടത്തിൽ കൊച്ചിയും
e-rupee
SHARE

ന്യൂഡൽഹി∙ പൊതുജനങ്ങൾക്ക് വിനിമയം ചെയ്യാവുന്ന റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (ഇ–റുപ്പീ റീട്ടെയ്ൽ) പരീക്ഷണ ഇടപാട് കൊച്ചിയടക്കം 13 നഗരങ്ങളിൽ. ആദ്യഘട്ടമായി ഡൽഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ ഡിസംബർ 1–ന് നടക്കും. തുടർന്ന് കൊച്ചി, അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ലക്നൗ, പട്ന, ഷിംല എന്നീ നഗരങ്ങളിലും പരീക്ഷണം നടക്കും. അച്ചടിച്ച നോട്ടിനു പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടു നടക്കാവുന്ന ഡിജിറ്റൽ കറൻസിയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ ഇ–രൂപ.

നാളത്തെ പരീക്ഷണ ഇടപാട് നടത്തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ബാങ്ക് എന്നിവയായിരിക്കും. തുടർന്ന് ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, കോട്ടക് മഹീന്ദ്ര തുടങ്ങിയവ ഇതിന്റെ ഭാഗമാകും. ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾക്കുള്ള ഇ–റുപ്പി ഹോൾസെയിൽ ഇടപാടുകളുടെ പരീക്ഷണം ഈ മാസം ആദ്യം വിജയകരമായി നടത്തിയിരുന്നു.

ഡിജിറ്റൽ കറൻസി പുറത്തിറക്കിയെന്നു കരുതി പ്രിന്റ് ചെയ്ത കറൻസി നിർത്തുമെന്ന് അർഥമില്ല. അച്ചടിച്ച കറൻസി കൈമാറുന്നതുപോലെ തന്നെ ഇടനിലക്കാരനില്ലാത്ത ഇടപാടായിരിക്കും ഡിജിറ്റൽ രൂപ കൊണ്ടു സാധ്യമാകുക. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരു വ്യക്തിക്ക് അച്ചടിച്ച കറൻസി ഉപയോഗിച്ച് കടയിൽ നിന്ന് സാധനം വാങ്ങാമെന്നതുപോലെ ബാങ്ക് അക്കൗണ്ടില്ലാതെ ഒരാൾക്കും ഡിജിറ്റൽ ടോക്കൺ വിനിമയം ചെയ്യാം. ഇ–റുപ്പീ സൂക്ഷിക്കുന്നത് ഫോണിലെ നിശ്ചിത വോലറ്റിലായിരിക്കും.

എന്താണ് ഗുണം?

∙ അക്കൗണ്ടിൽ കിടക്കുന്ന പണത്തിന്റെ ഡിജിറ്റൽ രൂപമെന്നതിനേക്കാൾ സ്വന്തമായി മൂല്യമുള്ളതാണ് ഇ–റുപ്പി.

∙ ഇടപാടുകളുടെ സ്വകാര്യത ഉറപ്പാക്കാൻ പലരും കറൻസി നോട്ടാണ് നൽകാറുള്ളത്.

∙ ചെറിയ തുകയെങ്കിൽ ഇതേ കാര്യം ഇ–റുപ്പി വഴിയും നിറവേറ്റാം. ഉദാഹരണത്തിന് നമ്മൾ ഒരു കടയിൽ നിന്ന് നിശ്ചിത സാധനം വാങ്ങുന്നു. എന്നാൽ ആ ഇടപാട് നമ്മുടെ അക്കൗണ്ടിൽ രേഖപ്പെടുത്തേണ്ടതില്ലെങ്കിൽ കറൻസിയാണ് നമ്മൾ നൽകാറുള്ളത്. ഇതിനു പകരം ബാങ്ക് അക്കൗണ്ടിലെ പണം ഇ–റുപ്പിയാക്കി മാറ്റി നൽകാം. അക്കൗണ്ടിലെ പണമാണ് ചെലവഴിക്കുന്നതെങ്കിലും കറൻസി നൽകുന്നതു പോലെ തന്നെ സ്വകാര്യമായി ഇടപാട് നടത്താം. ചുരുക്കത്തിൽ കറൻസി കൊണ്ടുനടക്കാതെ തന്നെ ഓൺലൈനായി നിശ്ചിത തുക അതേ രീതിയിൽ തന്നെ വിനിമയം ചെയ്യാൻ അവസരമൊരുങ്ങും. വലിയ തുകകളുടെ കൈമാറ്റത്തിന് കൂടുതൽ നിബന്ധനകൾ വന്നേക്കും.

ഇ–റുപ്പി ഇടപാട് എങ്ങനെ?

∙ നിലവിൽ പ്രാബല്യത്തിലുള്ള കറൻസി, നാണയം എന്നിവയുടെ അതേ മൂല്യമുള്ള ഡിജിറ്റൽ ടോക്കണുകൾ റിസർവ് ബാങ്ക് പുറത്തിറക്കും.

∙ പ്രിന്റഡ് കറൻസ് ബാങ്കിൽ നിന്ന് ലഭിക്കുമെന്നതു പോലും ഇതും ബാങ്കുകൾ വഴിയാണ് ജനങ്ങളിലേക്ക് എത്തുന്നത്.

∙ ഉപയോക്താവിന്റെ ഫോണിലെ പ്രത്യേക ഇ–റുപ്പി ഡിജിറ്റൽ വോലറ്റിലായിരിക്കും ഈ ടോക്കണുകൾ സൂക്ഷിക്കുക.

∙ വ്യക്തികൾ തമ്മിലും കടകളിലും ഇതുപയോഗിച്ച് പണമിടപാട് നടത്താം. കടയിലെ ക്യുആർ കോ‍ഡ് സ്കാൻ ചെയ്ത് പണമടയ്ക്കാം.

∙ അച്ചടിച്ച കറൻസിക്ക് പലിശയില്ലെന്നതുപോലെ ഇതിനും പലിശയുണ്ടാകില്ല.

എന്താണ് ഇ–റുപ്പി?

റിസർവ് ബാങ്ക് നിലവിൽ അച്ചടിച്ച കറൻസി നോട്ട് ആണല്ലോ പുറത്തിറക്കുന്നത്. അച്ചടിച്ച നോട്ടിനു പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടു നടക്കാവുന്ന ഒരു ഡിജിറ്റൽ കറൻസി പുറത്തിറക്കിയാലോ? ഇതിനെയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) എന്നു വിളിക്കുന്നത്. എന്നു കരുതി പ്രിന്റ് ചെയ്ത കറൻസി നിർത്തുമെന്ന് അർഥമില്ല.

യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റിൽ പണം ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പോകുന്നത്. എന്നാൽ സിബിഡിസിയിൽ ബാങ്കുകൾ തമ്മിലുള്ള കൈമാറ്റമില്ല. സെൻട്രൽ ബാങ്ക് ആയ ആർബിഐ മാത്രമാണ് മധ്യത്തിൽ. ഒരു ഇ–റുപ്പി വോലറ്റിൽ നിന്ന് മറ്റൊരു വോലറ്റിലേക്കായിരിക്കും കൈമാറ്റം.

അച്ചടിച്ച കറൻസി കൈമാറുന്നതുപോലെ തന്നെ ഇടനിലക്കാരനില്ലാത്ത ഇടപാടായിരിക്കും ഇവ. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരു വ്യക്തിക്ക് അച്ചടിച്ച കറൻസി ഉപയോഗിച്ച് കടയിൽ നിന്ന് സാധനം വാങ്ങാമെന്നതുപോലെ ബാങ്ക് അക്കൗണ്ടില്ലാതെ ഒരാൾക്കും ഡിജിറ്റൽ ടോക്കൺ വിനിമയം ചെയ്യാം. കറൻസി പോക്കറ്റിലാണ് സൂക്ഷിക്കുന്നതെങ്കിൽ ഇ–റുപ്പി ഫോണിലെ നിശ്ചിത വോലറ്റിലായിരിക്കുമെന്നു മാത്രം.

English Summary: RBI to begin first phase of retail e-rupee pilot from December 1

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS