ന്യൂഡൽഹി/ബെംഗളൂരു∙ ടൊയോട്ടയെന്ന രാജ്യാന്തര ബ്രാൻഡിനെ ഇന്ത്യൻ നിരത്തുകളിലെത്തിച്ച വ്യവസായപ്രമുഖനും ടൊയോട്ട കിർലോസ്കർ മോട്ടർ (ടികെഎം) വൈസ് ചെയർമാനുമായ വിക്രം എസ്.കിർലോസ്കർ (64) വിടവാങ്ങി. ഹൃദയാഘാതെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം നടത്തി. 1888ൽ ലക്ഷ്മൺറാവു കിർലോസ്കർ സ്ഥാപിച്ച കിർലോസ്കർ ഗ്രൂപ്പിലെ നാലാം തലമുറക്കാരനാണ് വിക്രം. ലക്ഷ്ണൺ റാവു തന്റെ വ്യവസായ സാമ്രാജ്യം ആരംഭിച്ചത് കർണാടകയിലെ ബെൽഗാമിൽ (ബെളഗാവി) ഒരു ചെറിയ സൈക്കിൾ റിപ്പയറിങ് കട തുടങ്ങിക്കൊണ്ടാണ്. റിപ്പയറിങ്ങിനു പുറമേ മുംബൈയിൽ നിന്ന് സൈക്കിൾ വാങ്ങി നാട്ടിൽ വിൽക്കുകയും ചെയ്തു.
കിർലോസ്കർ പടർന്നു പന്തലിച്ച് നാലാം തലമുറയിൽ എത്തിയപ്പോൾ സൈക്കിൾ വിൽപന കാർ ഉൽപാദനത്തിലേക്കു വഴി മാറി. വിക്രമിന്റെ ഇടപെടലിലൂടെ, ജാപ്പനീസ് കമ്പനിയായ ടൊയോട്ട ആദ്യമായി ഇന്ത്യയിലെത്തി. ടെക്സ്റ്റൈൽ ബിസിനസിനുള്ള യന്ത്രങ്ങൾ നിർമിക്കുന്ന കമ്പനി ഇരു കമ്പനികളും ചേർന്ന് ആരംഭിച്ചു. രണ്ടു മൂന്നു വർഷത്തിനുള്ളിൽ ഈ സഹകരണം ഓട്ടമൊബീൽ രംഗത്തേക്കു നീണ്ടു. അങ്ങനെ 1997ൽ ഇരു കമ്പനികളും ചേർന്ന് ടൊയോട്ട കിർലോസ്കർ മോട്ടർ എന്ന സംയുക്തസംരംഭം ആരംഭിച്ചു.
ഇതിൽ കിർലോസ്കറിന് 11 ശതമാനവും ടൊയോട്ടയ്ക്ക് 89 ശതമാനവുമാണ് ഓഹരി. 27 വർഷം കഴിഞ്ഞിട്ടും ഈ കൂട്ടുകെട്ടിന് ഒരു ഇളക്കവും സംഭവിച്ചില്ല. ബെംഗളരൂവിനു സമീപം ബിഡദിയിലുള്ള ടൊയോട്ട കിർലോസ്കർ ഫാക്ടറി രാജ്യത്തെ തന്നെ വലിയ ഓട്ടോമോട്ടീവ് നിർമാണ പ്ലാന്റുകളിലൊന്നാണ്. കാർ നിർമാണത്തിനു പുറമെ ടെക്സ്റ്റൈൽ മെഷിനറി, ഓട്ടോ കംപോണന്റ്സ്, അലൂമിനിയം ഡൈ കാസ്റ്റിങ് തുടങ്ങിയ രംഗത്തും കിർലോസ്കർ ഗ്രൂപ് മുൻനിരയിലുണ്ട്.
ക്വാളിസിൽ തുടങ്ങിയ യാത്ര
2000ൽ ടൊയോട്ട കിർലോസ്കറിന്റെ ആദ്യ വാഹനമായിരുന്നു ക്വാളിസ്. ക്വാളിസിനെ ഇന്ത്യൻ നിരത്തുകൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്തോനേഷ്യയിലെ 'കിജാങ്ങി'ന്റെ ഇന്ത്യൻ പതിപ്പായിരുന്നു ക്വാളിസ്. മഹീന്ദ്ര, ടാറ്റ പോലെയുള്ള കമ്പനികൾ അടക്കി വാണിരുന്ന വിവിധോദ്ദേശ്യ വാഹന (എംപിവി) വിപണിയിൽ ടൊയോട്ട കിർലോസ്കർ 2 വർഷത്തിനുള്ളിൽ 20% വിപണിവിഹിതം സ്വന്തമാക്കി.
ഇന്നോവ, കൊറോള, കാമ്രി, ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിലൂടെ കമ്പനി വളർച്ച തുടർന്നു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇന്നോവയുടെ ഏറ്റവും പുതിയ പതിപ്പായ ഹൈക്രോസ് ഹൈബ്രിഡ് മോഡൽ വിക്രം അവതരിപ്പിച്ചത്. അന്ന് അദ്ദേഹം പറഞ്ഞു– 'ജനുവരിയോടെ നിങ്ങൾക്ക് ഹൈക്രോസ് നിരത്തുകളിൽ കാണാം.' ആ കാഴ്ച കാണുന്നതിനു മുൻപേ വിക്രം വിടവാങ്ങി.
40 വർഷം, 20 ഫാക്ടറികൾ
ഏകദേശം 40 വർഷത്തെ കരിയറിനിടയിൽ 20 ഫാക്ടറികളാണ് വിക്രം രൂപകൽപന ചെയ്ത് നിർമിച്ചത്. വിമാനങ്ങൾ രൂപകൽപന ചെയ്യുന്ന എയ്റോമോഡലിങ്ങിലും വിദഗ്ധനായിരുന്നു. 1980ൽ രാജ്യത്ത് മെഷീൻ ടൂൾസ് ഇറക്കുമതി അനുവദിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റിയുടെ ഭാഗമായിരുന്നു. വിപണിയിൽ മത്സരമുണ്ടായിരിക്കണമെന്നതായിരുന്നു വിക്രമിന്റെ തിയറി. മത്സരക്ഷമമല്ലാത്ത ചില വ്യവസായങ്ങൾ കിർലോസ്കറിന് ഇതിന്റെ ഫലമായി അവസാനിപ്പിക്കേണ്ടിയുംവന്നു. നമ്മളെങ്ങനെ പിടിച്ചുനിൽക്കുമെന്ന് ബന്ധുക്കളിൽ പലരും ചോദിച്ച ഘട്ടമുണ്ടായിട്ടുണ്ടെന്ന് വിക്രം ഒരിക്കൽ പറഞ്ഞു.
1958 നവംബറിൽ ജനിച്ച വിക്രം ഊട്ടി ലോറൻസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം യുഎസ് മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ നിന്നാണ് ബിരുദം നേടിയത്. കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസട്രി (സിഐഐ) ചെയർമാൻ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ) പ്രസിഡന്റ്, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (എസ്ഐഎഎം) പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ ഗീതാഞ്ജലി കിർലോസ്കർ. മകൾ മാനസി കിർലോസ്കർ. മരുമകൻ: നെവിൽ ടാറ്റ.