മാലിന്യ സംസ്കരണത്തിലെ വീഴ്ച പിഴയിൽ നിന്ന് കേരളം രക്ഷപ്പെട്ടു

kottayam-waste-skech
SHARE

ന്യൂഡൽഹി ∙ മാലിന്യ സംസ്കരണത്തിലെ വീഴ്ച പരിഹരിക്കാൻ 2000 കോടി രൂപ പിഴ കെട്ടിവയ്ക്കേണ്ട ബാധ്യതയിൽ നിന്നു കേരളത്തെ ദേശീയ ഹരിത ട്രൈബ്യൂണൽ ഒഴിവാക്കി. മണിപ്പുർ ഉൾപ്പെടെ സംസ്ഥാനങ്ങളിലെ സ്ഥിതി പരിഗണിക്കുന്നതിനിടെ, കേരളത്തെ മാതൃകയാക്കണമെന്ന പരാമർശവും എൻജിടിയിൽ നിന്നുണ്ടായി. സംസ്ഥാനങ്ങളിലെ മാലിന്യ സംസ്കരണ സ്ഥിതി പരിശോധിക്കാനുള്ള എൻജിടി സിറ്റിങ്ങും തുടർന്നുള്ള ഉത്തരവുമാണ് കേരളത്തിന് ആശ്വാസമായത്. നേരത്തെ, സമാന സാഹചര്യത്തിൽ മഹാരാഷ്ട്രയ്ക്ക് 12000 കോടി രൂപ എൻജിടി പിഴയിട്ടിരുന്നു. ഖര, ദ്രവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥിതിയിൽ കുറവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയ എൻജിടി, 2000 കോടി രൂപ പിഴ കെട്ടിവയ്ക്കണമെന്നു നിർദേശിച്ചിരുന്നു.

മാലിന്യ സംസ്കരണം സംബന്ധിച്ച കണക്കിൽ കുറവുകളുണ്ട്. തിരുവനന്തപുരം, കൊച്ചി തുടങ്ങിയവയെക്കുറിച്ചുള്ള കണക്കുകളിൽ അവ്യക്തതയുണ്ട്. എന്നിങ്ങനെയായിരുന്നു എൻജിടിയുടെ കണ്ടെത്തൽ.  കേരളം സമർപ്പിച്ച അധിക സത്യവാങ്മൂലത്തിൽ മാലിന്യ സംസ്കരണ പ്രശ്നം പരിഹരിക്കാൻ 2000 കോടിയിലേറെ മാറ്റിവച്ചിട്ടുണ്ടെന്ന് എൻജിടിയെ അറിയിച്ചു.ശുചിമുറി മാലിന്യം, ഓട മാലിന്യം എന്നിവയ്ക്കായി ആകെ 2343 .18 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. ഇതു പരിഗണിച്ചു പിഴ ചുമത്താനുള്ള നടപടിയിൽ നിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു.

സത്യവാങ്മൂലം പ്രകാരം ലക്ഷ്യം നിറവേറിയതിനാൽ പിഴ കെട്ടിവയ്ക്കേണ്ടത് അനിവാര്യമല്ലെന്നു അറിയിച്ച ജസ്റ്റിസ് എ.കെ. ഗോയൽ അധ്യക്ഷനായ എൻജിടി ബെഞ്ച്, 6 മാസത്തെ പുരോഗതി റിപ്പോർട്ടായി നൽകാനും നിർദേശിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയി, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദ മുരളീധരൻ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ പ്രദീപ് കുമാർ, മെംബർ സെക്രട്ടറി എം. ഷീല, സർക്കാർ അഭിഭാഷകരായ നിഷെ രാജൻ ശങ്കർ, അലിം അൻവർ എന്നിവർ കേരളത്തിനു വേണ്ടി ഹാജരായി.

28180 കോടി രൂപ പിഴ 

സംസ്ഥാനങ്ങളിലെ മാലിന്യ സംസ്കരണ സ്ഥിതി പരിശോധിക്കുന്ന ദേശീയ ഹരിത ട്രൈബ്യൂണൽ 7 സംസ്ഥാനങ്ങൾക്കായി 28180 കോടി രൂപയാണ് ഇതുവരെ പിഴയിട്ടത്. മഹാരാഷ്ട്രയ്ക്കു മാത്രം 12000 കോടി രൂപ. തെലങ്കാന–3800 കോടി, ബംഗാൾ–3500 കോടി, രാജസ്ഥാൻ–3000 കോടി, കർണാടക–2900 കോടി, പഞ്ചാബ്–2080, ഡൽഹി–900 കോടി. മാലിന്യ സംസ്കരണ സ്ഥിതി വിലയിരുത്താൻ 2014ലാണ് സുപ്രീം കോടതി എൻജിടിയോടു നിർദേശിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS