മുംബൈ∙ തുടരെ എട്ടാം ദിവസവും കുതിച്ച ഓഹരി വിപണികൾ പുത്തൻ ഉയരം കണ്ടെത്തി. ആഗോള വിപണിയിലെ സ്ഥിരതയും വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമാണ് വിപണിക്ക് തുണയായത്. സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം സൂചിപ്പിക്കുന്ന പിഎംഐ ഡേറ്റ ഭേദപ്പെട്ട അവസ്ഥയിലാണെന്നതും ഐടി ഓഹരികളോടുള്ള നിക്ഷേപകരുടെ താൽപര്യവും സൂചികകളുടെ നേട്ടത്തിന് കാരണമായി.
മുംബൈ സൂചിക സെൻസെക്സ് 184.54 പോയിന്റ് ഉയർന്ന് 63,284.19 എന്ന റെക്കോർഡിലെത്തി. ദേശീയ ഓഹരിസൂചിക നിഫ്റ്റി 54.15 പോയിന്റ് ഉയർന്ന് 18,812.50 എന്ന ക്ലോസിങ് റെക്കോർഡ് കണ്ടെത്തി. എസ് ആൻഡ് പി ഗ്ലോബൽ ഇന്ത്യയുടെ പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ് (പിഎംഐ) നവംബറിൽ 55.7 ആയിരുന്നത് സാമ്പത്തിക രംഗം കൂടുതൽ മെച്ചപ്പെട്ടതിന്റെ സൂചനയായി വിപണി വിലയിരുത്തി. ഒക്ടോബറിൽ ഇത് 55.3 ആയിരുന്നു.