ADVERTISEMENT

ഓരോ ദിവസവും പുതിയ ഉയരങ്ങളിലേക്കു കുതിക്കുകയായിരുന്ന ഓഹരി വിപണിക്ക് ഒൻപതാം ദിനത്തിൽ കിതപ്പ്. കടന്നുപോയ വാരത്തിന്റെ അവസാന ദിവസം വിൽപന സമ്മർദത്തെ അതിജീവിക്കാനാകാതെ ഓഹരി വില സൂചികകൾ പടിയിറങ്ങിയതു നിക്ഷേപകരുടെ മനസ്സിൽ സംശയങ്ങളും ആശങ്കയും ഉയർത്തിക്കൊണ്ടാണ്. മുന്നേറ്റത്തിനു വിരാമമായോ അതോ ഇതു വെറും ഇടവേള മാത്രമോ എന്നൊക്കെയുള്ള സംശയങ്ങളും ആശങ്കയും.

സംശയം ന്യായമാണ്. എന്നാൽ ആശങ്ക ആവശ്യമില്ലാത്തതും. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന വിപണിക്കു തിരുത്തലിനു വിധേയമാകേണ്ടിവന്നതു സ്വാഭാവികം. പല ഓഹരികളുടെയും വില ആകർഷകമായ നിലവാരത്തിലേക്ക് ഉയർന്നതോടെ ലാഭമെടുപ്പു വർധിച്ചതും സ്വാഭാവികം. ഇതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്നതാണു വസ്‌തുത. അതുകൊണ്ടുതന്നെ കഴിഞ്ഞ വാരാന്ത്യത്തിൽ അനുഭവപ്പെട്ടതും ചില ദിവസങ്ങളിൽക്കൂടി ആവർത്തിക്കാൻ ഇടയുള്ളതുമായ വിൽപന സമ്മർദത്തെ അടുത്ത കുതിപ്പിനു മുന്നോടിയായുള്ള ഇടവേളയായി കരുതാം.

നിഫ്‌റ്റി 18,696.10 നിലവാരത്തിലാണ് അവസാനിച്ചിരിക്കുന്നത്. വിൽപന സമ്മർദം തുടർന്നാൽ നിഫ്‌റ്റി 18,400 വരെ താഴ്‌ന്നുകൂടായ്‌കയില്ല. അതേസമയം, പ്രസരിപ്പു വീണ്ടെടുക്കാനായാൽ 18,900 – 19,000 നിലവാരം അപ്രാപ്യമായിരിക്കുകയുമില്ല. വിൽപന സമ്മർദത്തിനോ പ്രസരിപ്പിനോ സാധ്യത എന്നത് ഈ ആഴ്‌ചയിലെയും അടുത്ത ആഴ്‌ചയിലെയും ചില സുപ്രധാന സംഭവങ്ങളെ ആശ്രയിച്ചിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ന് ആരംഭിച്ചു മറ്റന്നാൾ അവസാനിക്കുന്ന പണ നയ സമിതി യോഗമാണ് ഏറ്റവും ശ്രദ്ധേയം. വായ്‌പ നിരക്കുകളുടെ കാര്യത്തിൽ തൽസ്‌ഥിതി തുടരാൻ തീരുമാനിക്കുകയോ നേരിയ വർധന പ്രഖ്യാപിക്കുകയോ മാത്രമാണെങ്കിൽ വിപണിയിൽ വലിയ പ്രത്യാഘാതമൊന്നുമുണ്ടാകില്ല. 

പണപ്പെരുപ്പത്തിന്റെ പുതിയ കണക്ക്, യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പണ നയ സമിതി 14നു കൈക്കൊള്ളുന്ന തീരുമാനം, തുടർന്നു ഫെഡ് റിസർവ് ചെയർമാൻ ജറോം പവൽ നടത്തുന്ന പ്രസംഗം, ചൈനയിലെ കോവിഡ് വ്യാപന നിയന്ത്രണ നടപടികളിൽ പ്രഖ്യാപിച്ചേക്കാവുന്ന മാറ്റങ്ങൾ തുടങ്ങിയവയാണു സമീപ ദിവസങ്ങളിൽ വിപണിയുടെ ഗതി നിർണയത്തെ സ്വാധീനിക്കാൻപോകുന്ന മറ്റു ഘടകങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com