മ്യൂച്വൽ ഫണ്ടുകൾക്ക് പ്രിയമേറുമ്പോൾ

mutul-fund
SHARE

ഇന്ത്യയിലെ ഓഹരി വിപണികൾ പുതിയ ഉയരങ്ങൾ കീഴടക്കുന്ന വാർത്തയാണ് ഈ അടുത്ത കാലത്തു നാം കണ്ടത്. അമേരിക്കയിലെ പലിശ നിരക്കുവർധന നേരത്തേ വിചാരിച്ചത്ര ഉണ്ടാവില്ല എന്ന പ്രതീക്ഷയാണ് വിപണിയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടിയത്. ഇന്ത്യയിലും പലിശ നിരക്കിന്റെ വർധന ഇനി കടുത്തതാവില്ല എന്നാണ് വിപണി കരുതുന്നത്. വിപണിയെക്കുറിച്ചു വലിയ പരിജ്ഞാനവും ഓഹരികളെക്കുറിച്ചു വിശകലനം ചെയ്യാനുള്ള സമയവും ഇല്ലാത്തവർക്ക് ‘മ്യൂച്വൽ ഫണ്ട്’  നിക്ഷേപ മാർഗം ഒരുക്കുന്നു. ഇന്ന് ഏകദേശം 3 കോടി  ഉപയോക്താക്കൾ  ആകെക്കൂടി 39 ലക്ഷം കോടി രൂപ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 

∙ മ്യൂച്വൽ ഫണ്ട് എന്ത്? ആർക്ക്?

കേന്ദ്ര സർകാരിന്റെ ഉടമസ്ഥതയിൽ സ്വയംഭരണ അധികാരമുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റുകൾ ആണ് മ്യൂച്വൽ ഫണ്ടുകൾ. ഇവ ഇന്ത്യൻ ട്രസ്റ്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്നു. ഈ ഫണ്ടുകളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിക്ഷേപിക്കാം. നിക്ഷേപിക്കപ്പെടുന്ന തുക സെബി നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രധാനമായും ഓഹരി/കടപ്പത്രങ്ങൾ/ വിപണിയിലെ മറ്റ് നിക്ഷേപ മാർഗങ്ങൾ എന്നിവയിൽ വിന്യസിച്ചു നിക്ഷേപകർക്ക് പരമാവധി നേട്ടം ഉണ്ടാക്കാനായി ഈ ഫണ്ടുകൾ പ്രവർത്തിക്കുന്നു. വിവിധ സ്കീമുകൾ വഴിയാണ് ഈ പ്രവർത്തനം. വ്യക്തികൾക്കു വളരെ ചെറിയ തുകകൾ മുടക്കി ഈ ഫണ്ടുകൾ നടത്തുന്ന സ്കീമുകളിൽ ചേരാം. ഫണ്ടുകളിലെ നിക്ഷേപം വിന്യസിക്കുന്നതു വിപണിയെക്കുറിച്ചു നമ്മളെക്കാൾ ധാരണയും അറിവും പരിചയവും ഉള്ള വ്യക്തികളായിരിക്കും. കിട്ടുന്ന ലാഭത്തിന്റെ വിഹിതം, അവരുടെ ശമ്പളം, ബോണസ്, മറ്റ് ചെലവുകൾ എന്നിവ കിഴിച്ചിട്ട് നിക്ഷേപകർക്ക് ആനുപാതികമായി കിട്ടും. ഈ മുഴുവൻ പ്രക്രിയയ്ക്കും സുതാര്യത വരുത്താൻ സെബി നിയമാവലി ഇറക്കിയിട്ടുണ്ട്. 

ഓർക്കേണ്ടത്, വിപണിയിലെ നിക്ഷേപം ബാങ്ക് ഡെപ്പോസിറ് പോലെയല്ല. മുതലിനോ ലാഭത്തിനോ ഒരു ഗാരന്റിയും ഇല്ല. ദൈനംദിനാടിസ്ഥാനത്തിൽ നിക്ഷേപകർക്ക് അവരുടെ മുതൽ മുടക്കിന്റെ മൂല്യം ‘നെറ്റ് അസറ്റ് വാല്യു’ (എൻഎവി) വഴി ഫണ്ടുകളുടെ സൈറ്റിൽ ലഭ്യമാണ്. എൻഎവി എന്നത് ഒരു പദ്ധതിയുടെ ആസ്തിയിൽനിന്നു ബാധ്യത കിഴിച്ചാൽ ഓരോ നിക്ഷേപ യൂണിറ്റിനും കിട്ടുന്ന ലാഭ നഷ്ട കണക്കാണ്. നിക്ഷേപരുടെ പങ്കാളിത്തം യൂണിറ്റുകളായി  കണക്കാക്കപ്പെടുന്നു. (ഉദാഹരണമായി 1000 രൂപ എന്നാൽ 10 രൂപയുടെ 100 യൂണിറ്റ്).


∙ ഏതെല്ലാം തരത്തിലുള്ള സ്കീമുകൾ ആണ് ഫണ്ടുകൾക്കുള്ളത് ?

സംഭരിക്കുന്ന മുഴുവൻ തുകയും ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകളും, കടപ്പത്രങ്ങളിൽ മാത്രം നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളും രണ്ടിലും കാശ് വിന്യസിക്കുന്ന ഹൈബ്രിഡ് ഫണ്ടുകളും ഉണ്ട്. സാധാരണയായി ഏറ്റവും കൂടുതൽ ലാഭം ആദ്യം പറഞ്ഞ, ഓഹരികളിൽ മാത്രം നിക്ഷേപം നടത്തുന്ന ഇക്വിറ്റി പദ്ധതികളാണ് നൽകാറെങ്കിലും ‘റിസ്ക്കും’ കൂടുതലാണ് ഇവിടെ. ഇന്ന് എല്ലാ ഫണ്ട് കമ്പനികൾക്കും ഈ പറഞ്ഞവയടക്കം വിവിധതരം സ്കീമുകളുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം, നമ്മൾ റിട്ടയർ ചെയ്യുമ്പോൾ കരുതേണ്ട മുതൽക്കൂട്ട് എന്നിവയൊക്കെ ലാക്കാക്കി പർപ്പസ് (ഉദ്ദേശമനുസരിച്ചുള്ള) സ്കീമുകൾ വരെ ലഭ്യമാണ്. 

ഏതു ഫണ്ട് തിരഞ്ഞെടുക്കണം എന്ന് നമുക്ക് സ്വയം ഫണ്ടുകളുടെ വെബ്‌സൈറ്റുകൾ പരതിയും വായിച്ചും തീരുമാനിക്കാം. അല്ലെങ്കിൽ സെബി റജിസ്ട്രേഷനോടുകൂടി പ്രവർത്തിക്കുന്ന ഏജന്റുമാർ നമ്മെ സഹായിക്കാനുണ്ടാവും, ഫണ്ടുകളുടെ പ്രതിനിധികളായി.

ദീർഘകാലാടിസ്ഥാനത്തിൽ പണം നിക്ഷേപിച്ചാൽ, ലാഭം നേടാനുള്ള സമയവും ക്ഷമയും കൈമുതലായുണ്ടെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ നല്ല ലാഭം നിക്ഷേപകർക്കു നൽകിയിട്ടുണ്ട്. ഇടയ്ക്ക് നഷ്ടം വരുത്തിയ കമ്പനികളും ഇല്ലാതില്ല. രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയുടെ പ്രതിഫലനമാണ് ഫണ്ടുകളുടെ ഫലങ്ങളിൽ കാണുക. അതുകൊണ്ട് ഇനിയുള്ള 10/25 വർഷത്തേക്ക് ഇന്ത്യ പ്രതീക്ഷയ്ക്കൊത്തു വളർന്നാൽ ഈ ഫണ്ടുകളും നിക്ഷേപകർക്ക് ലാഭം നൽകും എന്നു കരുതാം. ഇപ്പോൾ ജോലി കിട്ടി സമ്പാദ്യം തുടങ്ങുന്നവർക്കും  40/45 വയസ്സിനകം ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നവർക്കും 10/15/20 വർഷത്തെ കാലയളവിൽ സാമാന്യം നല്ല റിസ്ക്/ നേട്ടം നൽകാൻ ഉതകുന്നവയാകാം വിവിധ ഫണ്ട് പദ്ധതികൾ. പക്ഷെ ഫണ്ടുകളുടെ തന്നെ പരസ്യത്തിൽ പറയുന്നതുപോലെ, ഇതുവരെയുള്ള പ്രകടനം ഭാവിയിലും ഉണ്ടാവണമെന്നില്ല. അതുകൊണ്ട്‌ സമ്പാദ്യത്തിന്റെ ഒരു ഭാഗം മാത്രം ഇത്തരം ഫണ്ടുകളിലേക്കു മാറ്റിവയ്ക്കുകയാണ് സാധാരണ നിക്ഷേപകർ ചെയ്യാറ്. ഇത് പ്രതിമാസമോ ഇടയ്ക്കിടെയോ ഒറ്റയടിക്കോ ചെയ്യാമെന്നുള്ളതുകൊണ്ട് പദ്ധതികൾക്ക് പ്രിയമേറുന്നു. 

∙ ബാങ്ക് നിക്ഷേപം പോലെ സുരക്ഷിതമല്ലെങ്കിൽ എന്താണ് പിന്നെ നേട്ടം ?

ബാങ്ക് നിക്ഷേപത്തിന് കിട്ടുന്ന പലിശയെക്കാളേറെ നേട്ടം ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിലെ ഓഹരി വിപണിയും കമ്പനികളിറക്കുന്ന കടപ്പത്രങ്ങളും നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്.

 31 വർഷം മുൻപ് സെൻസെക്സ് 1000 എന്ന നിലവാരത്തിൽ ആയിരിന്നു. ഇന്ന് 63000ന് അടുത്ത്. ഇതിന്റെ അർഥം സെൻസെക്സ് അടങ്ങുന്ന 30 കമ്പനിയുടെ ഓഹരികളിൽ അന്ന് നിക്ഷേപം നടത്തിയ വ്യക്തി വിപണികളിലെ ഇടയ്ക്കുള്ള ഏറ്റക്കുറച്ചിലുകൾ കണക്കാക്കാതെ നിക്ഷേപം തുടർന്നിരുന്നെങ്കിൽ ഈ കാലയളവിൽ ഏതാണ്ട് 14.5% വാർഷിക നേട്ടം ഉണ്ടാക്കി എന്നാണ്. ഇതേ കാലയളവിൽ ബാങ്ക് പലിശ നിരക്കിന്റെ പരമാവധി ശരാശരി വാർഷിക റിട്ടേൺ 7%– 8% മാത്രമായിരിക്കാം. കൂടാതെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാൻ നികുതിയിളവുകളും കേന്ദ്ര സർക്കാർ നൽകുന്നുണ്ട്.

 20–30% ടാക്സ് പരിധിയിൽ വരുന്ന വ്യക്തികൾക്ക് ഫണ്ട് നിക്ഷേപത്തിലെ ലാഭത്തിന് ബാങ്ക് പലിശയിന്മേൽ വരുന്ന നിരക്കിനേക്കാൾ കുറവ് നികുതിയാണ് (ക്യാപിറ്റൽ ഗെയിൻസ് ടാക്സ്) പൊതുവെ വരിക.

(ബാങ്കിങ് വിദഗ്ധനാണു ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS