ADVERTISEMENT

ന്യൂഡൽഹി∙ പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയിൽ അദാനി ഗ്രൂപ്പ് ഇനി ഏറ്റവും വലിയ ഓഹരിയുടമ. 29.18% ഓഹരി നേരത്തെ തന്നെ സ്വന്തമാക്കിയ അദാനി ഗ്രൂപ്പ് ഇന്നലെ അവസാനിച്ച 'ഓപ്പൺ ഓഫർ' വഴി ഏകദേശം 8.32% ഓഹരി കൂടി നേടി. ഇതോടെ എൻഡിടിവിയിൽ അദാനി ഗ്രൂപ്പിന്റെ ഓഹരി ഏകദേശം 37.5 ശതമാനമായി. 32.26% ഓഹരിയുള്ള എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയുമായിരുന്നു ഇതുവരെ ഏറ്റവും വലിയ ഓഹരിയുടമകൾ. 

50 ശതമാനത്തിനു മുകളിൽ ഓഹരിയില്ലാത്തതിനാൽ എൻഡിടിവിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തുവെന്ന് പറയാനാകില്ല. എന്നാൽ ഏറ്റവും വലിയ ഓഹരിയുടമയെന്ന നിലയിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിർണായക ഇടപെടൽ നടത്താനാകും. ഭാവിയിൽ 50 ശതമാനത്തിനു മുകളിൽ ഓഹരി വാങ്ങിയാൽ എൻഡിടിവി പൂർണമായും അദാനി കമ്പനിയായി മാറും. പ്രണോയ് റോയിയും രാധിക റോയിയും എൻഡിടിവി ബോർഡിൽ തുടരുമോയെന്നും വ്യക്തമാക്കിയിട്ടില്ല. 

ഓപ്പൺ ഓഫറിൽ നടന്നത്

ഒരു കമ്പനിയിൽ മറ്റൊരു സ്ഥാപനം 25 ശതമാനത്തിനു മുകളിൽ ഓഹരി സ്വന്തമാക്കിയാൽ നിലവിലുള്ള ഓഹരിയുടമകൾക്ക് അവരുടെ ഓഹരി ഓപ്പൺ ഓഫറിലൂടെ വിൽക്കാൻ അവസരം നൽകണമെന്നത് സെബിയുടെ ചട്ടമാണ്. ഇതനുസരിച്ച് 26% ഓഹരി (1.67 കോടി ഓഹരികൾ) കൂടി സ്വന്തമാക്കാനായി ഒരു ഓഹരിക്ക് 294 രൂപയെന്ന നിരക്കിലാണ് അദാനി ഗ്രൂപ്പ് ഓപ്പൺ ഓഫർ മുന്നോട്ടുവച്ചത്. കഴിഞ്ഞ ദിവസത്തെ ഓഹരിവിലയേക്കാൾ 26% കുറഞ്ഞ വിലയാണിത്. വാങ്ങാ‍ൻ ലക്ഷ്യമിട്ട 1.67 കോടി ഓഹരിയിൽ 53.27 ലക്ഷം ഓഹരിയാണ് ഓപ്പൺ ഓഫർ വഴി അദാനിക്ക് ലഭിച്ചത്; ഓപ്പൺ ഓഫറിലൂടെ ആകെ വാങ്ങാൻ ഉദ്ദേശിച്ചതിന്റെ 31.79 ശതമാനം. എൻഡിടിവി ഓഹരി വില 393.3 രൂപയായി ഇന്നലെ കുറഞ്ഞു.

അദാനി അധികമായി 

വാങ്ങിയ ഓഹരിയിങ്ങനെ

(വിഭാഗം, ഓഹരികളുടെ എണ്ണം)

∙നോൺ–ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് 

(എൻഐഐ): 39.34 ലക്ഷം

∙ സാധാരണ നിക്ഷേപകർ: 7.06 ലക്ഷം

∙ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷനൽ ബയേഴ്സ് 

(ക്യുഐബി): 6.86 ലക്ഷം

ആകെ: 53.27 ലക്ഷം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com