ADVERTISEMENT

തിരുവനന്തപുരം∙ ഒരു വർഷം കൊണ്ടു ഒരുലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം എട്ടു മാസംകൊണ്ടു പൂർത്തിയാക്കി വ്യവസായ വകുപ്പ്. 6130 കോടി രൂപയുടെ നിക്ഷേപമെത്തിച്ചും 2,16,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചുമാണ് എട്ടു മാസംകൊണ്ടു ലക്ഷ്യം നേടിയത്. പുതിയ ഒരു ലക്ഷം സംരംഭങ്ങളും പ്രവർത്തനം തുടങ്ങി.രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ കൊച്ചിയിലെ ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പ് കേരളം വിട്ടതുമായി ബന്ധപ്പെട്ടു  വിവാദമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ നിക്ഷേപ സൗഹൃദ സാഹചര്യം  ചർച്ചയായ ആ സംഭവത്തിനു ശേഷമാണു സംരംഭകർക്കായി വ്യവസായ വകുപ്പ് രംഗത്തിറങ്ങിയത്. 

ജില്ലതോറും ‘മീറ്റ് ദ് മിനിസ്റ്റർ’ പരിപാടി സംഘടിപ്പിച്ച് സംരംഭകരെ ഒപ്പം നിർത്താനായിരുന്നു മന്ത്രി പി.രാജീവിന്റെ ആദ്യശ്രമം. തുടർന്ന്, സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന നിയമക്കുരുക്കുകൾ അഴിച്ചെടുക്കാൻ ശ്രമമാരംഭിച്ചു. ബാങ്കുകളുമായി ബന്ധപ്പെട്ട് വ്യവസായങ്ങൾക്കു വായ്പ ലഭ്യമാക്കാനുള്ള അന്തരീക്ഷമൊരുക്കി. ഇതിന്റെ തുടർച്ചയായാണു കഴിഞ്ഞ മാർച്ച് 30നു മുഖ്യമന്ത്രി സംരംഭക വർഷം പദ്ധതി ഉദ്ഘാടനം ചെയ്തത്. 

നാലു ശതമാനം പലിശയ്ക്കു 10 ലക്ഷം രൂപ വരെ വായ്പ നൽകാമെന്നു ബാങ്കുകൾ സമ്മതിച്ചു. ശേഷിക്കുന്ന പലിശ സർക്കാർ സബ്സിഡിയായും നൽകി. പുതിയ സംരംഭങ്ങളിൽ മലപ്പുറം, എറണാകുളം, കൊല്ലം, തൃശൂർ, തിരുവനന്തപുരം ജില്ലകളാണു മുൻപിൽ. ഈ ജില്ലകളിൽ 9000ത്തിലധികം സംരംഭങ്ങൾ തുടങ്ങി. 

കോഴിക്കോട്, പാലക്കാട് ജില്ലകൾ എണ്ണായിരവും, കണ്ണൂർ, ആലപ്പുഴ ജില്ലകൾ ഏഴായിരവും പിന്നിട്ടു. മുപ്പതിനായിരത്തിലധികം വനിതാ സംരംഭങ്ങളാണു പുതിയതായി തുടങ്ങിയത്. നാലു മാസംകൊണ്ട് അരലക്ഷം എന്ന നേട്ടം കൈവരിച്ചിരുന്നു. സംരംഭകരുടെ വിപുലമായ സംഗമം ജനുവരിയിൽ കൊച്ചിയിൽ നടക്കും. എട്ടു മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞെങ്കിൽ, ശേഷിക്കുന്ന നാലു മാസത്തിനുള്ളിൽ സമാനതകളില്ലാത്ത നേട്ടം കൈവരിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com