218 ദിവസം; പലിശ വർധന 2.25%; വായ്പയെടുത്തവരെ ബാധിക്കുന്നത് എങ്ങനെ?

HIGHLIGHTS
  • വായ്പയെടുത്തവരെ എങ്ങനെ ബാധിക്കും?
interest-rate-up
SHARE

ന്യൂഡൽഹി ∙ നാണ്യപ്പെരുപ്പ നിരക്ക് ഉയർന്ന തലത്തിൽ തുടരുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് റിസർവ് ബാങ്ക്. കഴിഞ്ഞ 218 ദിവസത്തിനിടെ റീപ്പോ നിരക്കിൽ 5 തവണയായുണ്ടായ വർധന 2.25 ശതമാനമാണ്. 2018 ഓഗസ്റ്റിനു ശേഷം ആദ്യമായാണ് കഴിഞ്ഞ മേയ് 4ന് പലിശ വർധിപ്പിച്ചത്. തുടർന്നുള്ള 4 എംപിസി യോഗങ്ങളിലും നിരക്ക് വർധിപ്പിച്ചു. വിപണിയിലെ പണലഭ്യത കുറച്ച് നാണ്യപ്പെരുപ്പം വരുതിയിലാക്കാനാണ് പലിശനിരക്ക് ഉയർത്തുന്നത്. 

കഴിഞ്ഞ 10 മാസമായി നാണ്യപ്പെരുപ്പ നിരക്ക് റിസർവ് ബാങ്കിന്റെ സഹന പരിധിയായ 6 ശതമാനത്തിനു മുകളിൽ  തുടരുകയാണ്.ഈ സാമ്പത്തിക വർഷത്തിലെ നാണ്യപ്പെരുപ്പ നിരക്ക് 6.7 ശതമാനമായിരിക്കുമെന്ന അനുമാനം നിലനിർത്തി. 

ഈ വർഷത്തെ ജിഡിപി വളർച്ചയുടെ അനുമാനം റിസർവ് ബാങ്ക് വെട്ടിക്കുറച്ചു. ഒക്ടോബറിലെ യോഗത്തിൽ 7 ശതമാനമായിരുന്നു അനുമാനമെങ്കിൽ ഇത്തവണയിത് 6.8 ശതമാനമാക്കി വെട്ടിക്കുറച്ചു. ലോകബാങ്ക് കഴിഞ്ഞ ദിവസം ജിഡിപി വളർച്ചാ അനുമാനം 6.9 ശതമാനമായി ഉയർത്തിയിരുന്നു. ആർബിഐയുടെ കണക്കുകൂട്ടലുകൾ അനുസരിച്ച് കാര്യങ്ങൾ നടന്നാൽ പലിശനിരക്കിൽ തുടർച്ചയായി 0.5% വർധന വരുത്തേണ്ട കാലം അവസാനിച്ചുവെന്നും എന്നാൽ വിലക്കയറ്റം ഉയർന്നു നിൽക്കുന്നതിനാൽ ഇടവേള എടുക്കാൻ സമയമായിട്ടില്ലെന്നും ഇന്നലത്തെ തീരുമാനം വിശദീകരിച്ച് ഡപ്യൂട്ടി ഗവർണർ മൈക്കൽ പാത്ര വ്യക്തമാക്കി. അടുത്ത എംപിസി യോഗം ഫെബ്രുവരി 6 മുതൽ 8 വരെയാണ്.

എന്തുകൊണ്ടാണ് പലിശ വർധന

ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പണത്തിന്റെ പലിശ നിരക്കാണ് റീപ്പോ. നാണ്യപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സമയത്താണ് റീപ്പോ ഉയർത്തുന്നത്. റീപ്പോ ഉയർത്തുമ്പോൾ ബാങ്കുകൾക്ക് ആർബിഐയിൽ നിന്ന് പണമെടുക്കാൻ കൂടുതൽ പലിശ നൽകണം. ഇതുവഴി ബാങ്കുകൾക്ക് ചെലവ് കൂടുമെന്നതിനാൽ ആർബിഐയിൽ നിന്ന് പണം വാങ്ങുന്നത് കുറയും. ഇതുവഴി ബാങ്കുകൾ നൽകുന്ന വായ്പ കുറയും. ഇത് ജനങ്ങളുടെ കയ്യിലെ പണലഭ്യത കുറയ്ക്കും. ഉപഭോഗവും ഡിമാൻഡും ഇതുവഴി കുറയുന്നതോടെ വിലക്കയറ്റവും കുറയും.

റീപ്പോ നിരക്ക് ഉയർന്നു നിൽക്കുമ്പോൾ ബാങ്കുകൾക്കുണ്ടാകുന്ന ഉയർന്ന ചെലവിന് ആനുപാതികമായ പലിശ വർധന ബാങ്കുകൾ ജനങ്ങൾക്കു നൽകുന്ന വായ്പകളിലുമുണ്ടാകും.

Content Highlight: RBI hikes Interest rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS