ഏറെ നാളത്തെ ക്ഷീണത്തിനൊടുവിൽ ക്രിപ്റ്റോ കറൻസി വിപണിയിൽ നേരിയ ഉണർവ്. ക്രിപ്റ്റോ വിപണിയുടെ ആകെ മൂല്യത്തിൽ 3.19 ശതമാനത്തിന്റെ വളർച്ചയുണ്ടായതായി ഇതുമായി ബന്ധപ്പെട്ട എക്സ്ചേഞ്ചുകളുടെ പട്ടികകൾ കാണിക്കുന്നു. ഇന്നലത്തെ വിപണി മൂല്യം 84980 കോടി ഡോളറാണ്(69,95,173 കോടി രൂപ). മൂന്നു ദിവസത്തിനിടെ ഉണ്ടായത് 3300 കോടി ഡോളറിന്റെ നേട്ടം(1,71,631 കോടി രൂപ). യുഎസിലെ ഡിസംബർ മാസ തൊഴിൽ റിപ്പോർട്ട് നേരത്തേ പുറത്തുവന്നതും, വിലക്കയറ്റം കുറയുന്നു എന്ന സൂചനയുമാണ് ക്രിപ്റ്റോ വിപണിക്ക് കരുത്തു പകരുന്നത്.
പ്രമുഖ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ മൂല്യം 17000 ഡോളർ കടന്നു. ഇന്നലത്തെ നിരക്ക് 17,200 ഡോളർ(ഏകദേശം 14 ലക്ഷം രൂപ). കഴിഞ്ഞ വെള്ളിയും ഇന്നലെയുമായി ബിറ്റ്കോയിന്റെ മൂല്യത്തിലുണ്ടായ വർധന 352 ഡോളർ. രണ്ടാമത്തെ പ്രധാന ക്രിപ്റ്റോ കറൻസിയായ എഥെറിന്റെ മൂല്യം 1,305 ഡോളറിലെത്തി(ഏകദേശം 1.07 ലക്ഷം രൂപ); 3.53 ശതമാനം വളർച്ച. ആഴ്ചയവസാന നിരക്കിൽനിന്ന് 55 ഡോളറിന്റെ നേട്ടമുണ്ടായി.
ബിറ്റ്കോയിനും എഥെറും നിലവിലെ സ്ഥിതിയിൽ തുടർന്നാൽ ക്രിപ്റ്റോ വിപണി മുന്നോട്ടു കയറുമെന്നതിന്റെ സൂചനയായി അതു വിലയിരുത്തപ്പെടുന്നു. എഡിഎ 19 ശതമാനം(0.33 ഡോളർ– 27.15 രൂപ), എസ്ഒഎൽ 20 ശതമാനം(16 ഡോളർ– 1318 രൂപ) എന്നിങ്ങനെയും നേട്ടം രേഖപ്പെടുത്തി. യുഎസ് ഡോളറിന്റെ മൂല്യവുമായി നേരിട്ടു ബന്ധിപ്പിച്ചിരിക്കുന്ന യുഎസ്ഡി കോയിൻ, റിപ്പിൾ എന്നിവയുടെ മൂല്യത്തിലും വളർച്ചയുണ്ടായി.