ADVERTISEMENT

കൊച്ചി ∙ രാജ്യത്തെ 10 കോടിയിലേറെ ഓഹരി നിക്ഷേപകരുടെ ആസ്‌തിമൂല്യത്തിൽ വലിയ തോതിലുള്ള കയറ്റിറക്കങ്ങൾക്ക് ഇടവരുത്തുന്ന കോർപറേറ്റ് പ്രവർത്തന ഫലപ്രഖ്യാപനങ്ങളുടെ പ്രവാഹത്തിനു തുടക്കം. വിപണി മൂല്യത്തിന്റെ അടിസ്‌ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ  10,846 കോടി രൂപ ലാഭം രേഖപ്പെടുത്തിയ മൂന്നാം ത്രൈമാസ (ക്യു 3) ഫല പ്രഖ്യാപനമാണ് ആദ്യം പുറത്തുവന്നത്. ഐടി ഇതര കമ്പനികളിൽനിന്നു പ്രതീക്ഷിക്കുന്നത് ഉത്സവകാല ഡിമാൻഡിന്റെ പ്രതിഫലനം ഉൾക്കൊള്ളുന്ന വരുമാനക്കണക്കുകളാണ്.

ടിസിഎസ് അറ്റാദായത്തിൽ 11% വർധന നേടിയെങ്കിലും അതു പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കുറവായി. ഐടി കമ്പനികളിൽനിന്നുള്ള പ്രവർത്തനഫലങ്ങളിൽ വിപണിക്കു പൊതുവേ വലിയ പ്രതീക്ഷയില്ല. യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക മാന്ദ്യ ഭീതിയുടെ ആഘാതം ഇന്ത്യയിലെ ഐടി കമ്പനികളിൽ അനുഭവപ്പെട്ട ത്രൈമാസമാണു കടന്നുപോയത്. അല്ലെങ്കിൽത്തന്നെ ഐടി കമ്പനികൾക്ക് ഒരു സാമ്പത്തിക വർഷത്തിന്റെയും രണ്ടാം പകുതി അത്ര മെച്ചമാകാറില്ല.

ബാങ്കുകൾ ഉൾപ്പെടെ ധനസേവനരംഗത്തു പ്രവർത്തിക്കുന്ന ഏജൻസികൾ, ഇൻഷുറൻസ് സംരംഭങ്ങൾ, വാഹന നിർമാണ കമ്പനികൾ തുടങ്ങിയവയിൽനിന്നുള്ള പ്രവർത്തന ഫലങ്ങളിൽ വിപണിക്കു വലിയ പ്രതീക്ഷയാണുള്ളത്. ഉൽപന്നങ്ങൾക്കു വില വർധിപ്പിച്ചതിന്റെ കാര്യമായ നേട്ടം വരുമാനക്കണക്കിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് അതിവേഗ വിൽപനയുള്ള ഉപഭോക്‌തൃ ഉൽപന്ന (എഫ്‌എംസിജി) കമ്പനികൾ.

സിമന്റ്, ഖനനം, ഔഷധങ്ങൾ, ലോജിസ്‌റ്റിക്‌സ്, സ്‌പെഷൽറ്റി കെമിക്കലുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽനിന്നുള്ള കണക്കുകൾ നിരാശപ്പെടുത്തുന്നതാകാം. നാഷനൽ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ പ്രധാന ഓഹരി വില സൂചികയായ നിഫ്‌റ്റിയിൽ പ്രാതിനിധ്യമുള്ള 50 കമ്പനികളുടെ ക്യു 3 സംയുക്‌ത വരുമാനത്തിൽ10.5% വാർഷിക വളർച്ചയാണു നിരീക്ഷകർ കണക്കാക്കുന്നത്. നിഫ്‌റ്റി കമ്പനികളുടെ ക്യു 3 അറ്റാദായം 1.62 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് അനുമാനം. ക്യു 2 അറ്റാദായം 1.5 ലക്ഷം കോടി മാത്രമായിരുന്നു.

ടിസിഎസിന്റെ ലാഭത്തിൽ 11 ശതമാനം വളർച്ച

മുംബൈ∙ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസിന്റെ(ടിസിഎസ്) ലാഭത്തിൽ ഡിസംബറിൽ അവസാനിച്ച മൂന്നാം പാദം 11 ശതമാനം വളർച്ച. ലാഭം 10,846 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ 9,769 കോടിയായിരുന്നു ലാഭം. വരുമാനം 19.1 ശതമാനം ഉയർന്ന് 58,229 കോടി രൂപയിലെത്തുകയും ചെയ്തു. മുൻവർഷം ഇതേസമയം 48,885 കോടിയായിരുന്നു വരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com