പുതിയ വർഷത്തിന്റെ ആദ്യവാരം അവസാനിക്കുമ്പോൾ പുതിയ തകർച്ചയിലേക്ക് കാലെടുത്തുവച്ചു നിന്ന ഇന്ത്യൻ ഓഹരി വിപണി ആഗോള വിപണികളുടെ പിന്തുണയിൽ തിങ്കളാഴ്ച (ജനുവരി 9) നടത്തിയ ഷോർട് കവറിങ് റാലിയിലൂടെ തിരികെ കയറി. ഇതോടെ സെൻസെക്സ് വീണ്ടും 60,000ത്തിനു മുകളിലും നിഫ്റ്റി 18,000ത്തിനു മുകളിലുമെത്തി. എന്നാൽ വിപണിക്ക് ആശങ്കയേകുന്ന കാര്യങ്ങളിലൊന്നും മാറ്റം വന്നിട്ടില്ലാത്ത സ്ഥിതിക്ക് നേട്ടം എത്രനാൾ തുടരുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. കരുതൽ കൈവിടാറായിട്ടില്ലെന്നർഥം. ഐടി മേഖലയിലെ വമ്പനായ ടിസിഎസിന്റെ ഫലത്തോടെ കമ്പനികളുടെ മൂന്നാം പാദ പ്രവർത്തനഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയതിനാൽ ഇനിയുള്ള നാളുകൾ വിപണി കണക്കുകൂട്ടലുകളുടെ തിരക്കിലാകും. ഇന്ത്യയിലെയും യുഎസിലെയും പണപ്പെരുപ്പം, ഇന്ത്യയിലെ വ്യാവസായികോൽപാദനം സംബന്ധിച്ച കണക്കുകൾ, വ്യാപാരക്കമ്മി, ഇൻഫോസിസും എച്ച്ഡിഎഫ്സി ബാങ്കും ഉൾപ്പെടെയുള്ള കമ്പനികളുടെ പ്രവർത്തനഫലങ്ങൾ തുടങ്ങി ഓഹരിവിപണിക്ക് ചൂടു പകരുന്ന സംഭവബഹുലമായ വാരമാണിത്. ഇതിനെല്ലാം പുറമേ ആഴ്ചകൾ മാത്രം അകലെയുള്ള കേന്ദ്ര ബജറ്റ് സംബന്ധിച്ച പ്രതീക്ഷകളും കണക്കുകൂട്ടലുകളും വിപണിയെ സജീവമാക്കി നിർത്തും.
HIGHLIGHTS
- കമ്പനികളുടെ പ്രവർത്തനഫലങ്ങളിൽ നോട്ടമിട്ട് ഓഹരിവിപണി
- പണപ്പെരുപ്പം കുറഞ്ഞുതുടങ്ങിയത് പുതുവർഷത്തിലെ ആശ്വാസ വാർത്ത, പക്ഷേ...
- ലോക വിപണിയിലും ഇന്ത്യയിലും ഈയാഴ്ച പ്രതീക്ഷിക്കേണ്ടത് എന്തെല്ലാം?