തിരുവനന്തപുരം∙ പ്രശസ്ത രാജ്യാന്തര മാധ്യമമായ ന്യൂയോർക്ക് ടൈംസ് തയാറാക്കിയ, 2023ൽ ലോകത്തു സഞ്ചരിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഇടം പിടിച്ചു. ഇന്ത്യയിൽ നിന്നു കേരളം മാത്രമാണു പട്ടികയിലുള്ളത്. പട്ടികയിൽ 13–ാമതാണു കേരളം. ആദ്യ 15 സ്ഥാനങ്ങളിൽ ഏഷ്യയിൽ നിന്നു ജപ്പാൻ, ഭൂട്ടാൻ, കേരളം എന്നിവ മാത്രമാണുള്ളത്.
പ്രദേശവാസികളുടെ കൂടി പങ്കാളിത്തത്തോടെ നടക്കുന്ന ടൂറിസം പ്രവർത്തനങ്ങൾ ന്യൂയോർക്ക് ടൈംസ് എടുത്തു പറയുന്നു. കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന ഉത്സവങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. ബീച്ചുകൾ, കായലുകൾ, രുചിഭേദം തുടങ്ങിയവ കേരള ടൂറിസത്തിന്റെ സവിശേഷതകളാണ്. ആതിഥേയരുമായി ഇടപഴകാൻ വിനോദസഞ്ചാരികൾക്ക് അവസരമൊരുക്കുന്ന കേരളത്തിന്റെ രീതിയെയും പ്രശംസിക്കുന്നു.