ADVERTISEMENT

2017 -18 ലും, 2018 -19 ലും സപ്ലൈ വിവരങ്ങൾ  ജിഎസ്ടിആർ - 2 എയിൽ വരാത്തതിനാൽ ഇൻപുട് ടാക്സ് ലഭിക്കാത്ത വ്യാപാരികൾക്ക് ആശ്വാസമാണ് ജിഎസ്ടി കൗൺസിലിന്റെ പുതിയ തീരുമാനം. ജിഎസ്ടി നിയമ പ്രകാരം റഗുലർ ആയി റജിസ്റ്റർ ചെയ്ത ഒരു  വ്യാപാരി മറ്റൊരു റജിസ്റ്റേഡ് വ്യാപാരിയിൽ നിന്നു  സാധനങ്ങളോ സേവനങ്ങളോ സ്വീകരിക്കുമ്പോൾ സപ്ലൈ വ്യാപാരിക്കു കൊടുക്കുന്ന നികുതി, സ്വീകർത്താവായ വ്യാപാരിക്ക് വ്യവസ്ഥകൾക്കു വിധേയമായി ‘ഇൻപുട്  ടാക്സ്’ ആയി എടുക്കാം. എന്നാൽ ജിഎസ്ടി സമ്പ്രദായത്തിന്റെ തുടക്കകാലത്ത് പല കാരണങ്ങളാൽ വ്യാപാരികൾ എടുത്ത ഇൻപുട് ടാക്സിന് ആനുപാധികമായ ഇൻവോയ്സുകൾ 2 എയിൽ വന്നിരുന്നില്ല. സപ്ലൈ വിവരങ്ങൾ  2 എയിൽ വരാത്തതിനാൽ ഇൻപുട്ടിന് വ്യാപാരികൾ അനർഹം ആകുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ മാസം കൂടിയ ജിഎസ്ടി കൗൺസിൽ നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ഈ പ്രശ്ങ്ങൾക്കു പരിഹാരമായി സിബിഐസി വിശദമായ സർക്കുലർ പുറപ്പെടുവിച്ചു. (സർക്കുലർ നമ്പർ 183/15/2022-GST തീയതി:  27 -12 -2022)

സെക്‌ഷൻ 16 (2)(സി) പ്രകാരം സപ്ലയർ നികുതി അടച്ചാൽ മാത്രമേ സ്വീകർത്താവിനു ഇൻപുട് ടാക്സിന് അർഹതയുള്ളൂ. സപ്ലൈ വിവരങ്ങൾ  2 എയിൽ വരാത്തതിനാൽ ഇൻപുട്ടിന് അനർഹം ആകുന്ന സാഹചര്യത്തിൽ, പ്രസ്തുത നികുതി അടച്ചതിനു തെളിവായി സപ്ലയറോ ചാർട്ടേഡ് അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടന്റോ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി ഇൻപുട്ടിന്‌ അർഹത നേടാം. 2017 -18, 2018 -19  സാമ്പത്തിക വർഷത്തേക്ക് മാത്രമാണ്  ഈ ഇളവ്. ഇതിൽ  2 എയിൽ വന്നതും 3 ബി റിട്ടേൺ വഴി എടുത്തതും ആയ  ഇൻപുട് ടാക്സ് തുകയിലെ വ്യത്യാസം ഒരു സപ്ലയറിൽനിന്ന് അഞ്ചു ലക്ഷമോ അതിൽ  കൂടുതലോ ആണെങ്കിൽ അത് നൽകേണ്ടത് റജിസ്റ്റേഡ് ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടന്റ് മുഖേനയാണ്. ഈ സർട്ടിഫിക്കറ്റിൽ യുണിക് ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ(യുഡിഐഎൻ) നിർബന്ധമാണ്. എന്നാൽ വ്യത്യാസം അഞ്ചു ലക്ഷത്തിനു താഴെ  ആണെങ്കിൽ സപ്ലയർമാർ നൽകുന്ന സർട്ടിഫിക്കറ്റ് മതി. സർട്ടിഫിക്കറ്റിന്‌ പ്രത്യേക മാതൃകയൊന്നും ഇല്ല. ചില മാതൃകകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.

ഷിജോയ് ജയിംസ്

അതേസമയം, സെപ്റ്റംബർ 2018 ലെ 3 ബി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധിക്കു ശേഷം ഫയൽ ചെയ്ത 3 ബി വഴി സ്വീകർത്താവ് 2017-18 വർഷത്തിൽ വിട്ടുപോയ ഇൻപുട് ടാക്സ് എടുക്കുകയും, സപ്ലയർ സപ്ലൈ വിവരം മാർച്ച് 2019 ലെ ജിഎസ്ടിആർ–1 ഫയൽ ചെയ്യാനുള്ള സമയ പരിധിക്കുള്ളിൽ ഫയൽ ചെയ്യാതിരിക്കുകയും ചെയ്ത കേസുകളിൽ ഈ നിർദേശങ്ങൾ ബാധകമല്ല.  ഈ സർക്കുലർ പ്രകാരമുള്ള ഇളവുകൾ നിലവിൽ റിട്ടേൺ സ്‌ക്രൂട്ടിനി, ഓഡിറ്റ്, ഇൻവെസ്റ്റിഗേഷൻ കേസുകളിൽ ലഭ്യമാണ്. ഇതിനോടകം നടപടി  പൂർത്തിയായ കേസുകളിൽ ഇളവ് ലഭ്യമല്ല. അവിടെയും പൂർത്തിയായ കേസുകളിൽ അപ്പീൽ അല്ലെങ്കിൽ അഡ്ജൂഡിക്കേഷൻ നടപടി ഉണ്ടെങ്കിൽ സർക്കുലറിലെ നിർദേശങ്ങൾ കൂടി നടപടി പൂർത്തിയാക്കാൻ പരിഗണിക്കാം.

(ഇന്റലിജൻസ് ഓഫിസർ, സ്റ്റേറ്റ്ജിഎസ്ടി കോഴിക്കോട്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com