കൊച്ചി∙ യുഎഇയെ മറികടന്ന് ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം സ്വർണാഭരണങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി അമേരിക്ക. ചൈനയിൽ നിന്നുളള സ്വർണാഭരണങ്ങൾക്ക് അമേരിക്കയിൽ അധിക ചുങ്കം ചുമത്തിയതാണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി കൂടാൻ കാരണം. യുഎഇ 5% ഇറക്കുമതിച്ചുങ്കവും 5% വാറ്റും ഏർപ്പെടുത്തിയത് വിപണിയെ ബാധിച്ചു. എന്നാൽ മേയിൽ ഇന്ത്യയും യുഎഇയും തമ്മിൽ നിലവിൽ വന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഫലമായി യുഎഇയിലേക്ക് അയയ്ക്കുന്ന 90% ഉൽപന്നങ്ങളും നികുതി വിമുക്തമാക്കിയതിനാൽ ഇന്ത്യയിൽ നിന്നുള്ള സ്വർണാഭരണ കയറ്റുമതി ഇനിയും വർധിക്കുമെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ജ്വല്ലറി ഡിമാൻഡ് ആൻഡ് ട്രേഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള സ്വർണാഭരണ കയറ്റുമതിയുടെ ഏതാണ്ട് 90 ശതമാനവും യുഎസ്, യുഎഇ, ഹോങ്കോങ്, സിംഗപ്പൂർ, യുകെ എന്നീ രാജ്യങ്ങളിലേക്കാണ്.
ഇന്ത്യയിലെ സ്വർണ വിപണി വിഹിതത്തിന്റെ 55 ശതമാനവും വിവാഹ സ്വർണാഭരണങ്ങളിലാണ്. ഇന്ത്യൻ വിപണിയുടെ 55-58% സ്വർണ ഉപയോക്താക്കളും ഗ്രാമീണ മേഖലയിൽനിന്നും. രാജ്യത്തെ സ്വർണാഭരണ ഡിമാൻഡിന്റെ 40 ശതമാനവും ദക്ഷിണേന്ത്യയിൽ നിന്നാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.