കൊച്ചി∙ പാശ്ചാത്യ രാജ്യങ്ങളിലെ മാന്ദ്യവും തൽഫലമായി ഡിമാൻഡിലെ കുറവും മൂലം കേരളത്തിൽ നിന്നുള്ള കയറ്റുമതിയിൽ കാര്യമായ ഇടിവ്. കപ്പൽ കയറുന്ന കണ്ടെയ്നറുകളുടെ എണ്ണം കോവിഡിനു മുൻപ് ഉണ്ടായിരുന്നതിനേക്കാൾ 30% കുറഞ്ഞു. കോവിഡിനു മുൻപ് കേരളത്തിന്റെ കയറ്റുമതി മാസം ശരാശരി 10,000 ടിഇയു കണ്ടെയ്നർ ഉണ്ടായിരുന്നത് 7,000 ടിഇയു ആയി കുറഞ്ഞു. കോവിഡ് കാലത്ത് പോലും ശരാശരി 9000 ടിഇയു(ട്വെന്റി ഇക്വിവാലന്റ് യൂണിറ്റ്സ്) കണ്ടെയ്നറുകൾ കപ്പൽ കയറിയിരുന്നു. കോവിഡ് കാലത്ത് കപ്പൽ കയറ്റുമതിരംഗത്തെ അമിത ചരക്ക് കൂലിയും കണ്ടെയ്നർ ക്ഷാമവും മാറിയപ്പോഴാണ് മാന്ദ്യഭീതി വന്നതും കയറ്റുമതി കുറഞ്ഞതും.
ഇന്ത്യയാകെയുള്ള പ്രവണതയുടെ ഭാഗമാണിത്. കോവിഡ് കാലത്ത് കൊച്ചിയിൽ നിന്നു ഹൂസ്റ്റണിലേക്ക് ഒരു കണ്ടെയ്നറിന് 4000 ഡോളർ ചരക്ക് കൂലി ഉണ്ടായിരുന്ന സ്ഥാനത്ത് 18000 ഡോളർ വരെ വർധിച്ചു. ഇപ്പോഴത് 5000 ഡോളർ വരെ താഴ്ന്നു. ദുബായിലേക്ക് 1500 ഡോളർ വരെ വന്ന കൂലി 250 ഡോളറിലേക്കു താഴ്ന്നു. ചരക്ക് കപ്പലുകളിൽ സ്ഥലവും, യാർഡുകളിൽ കണ്ടെയ്നറുകളും ആവശ്യത്തിലേറെയുണ്ടെങ്കിലും എടുക്കാനാളില്ല. ഉൽപന്നങ്ങളുടെ വിലയും ചരക്ക് കൂലിയും ഇനിയും കുറയുമെന്ന പ്രതീക്ഷയിലും പുതിയ ഓർഡറുകൾ നീട്ടിവയ്ക്കുന്നുണ്ട്.
കോളടിച്ച് ഷിപ്പിങ് കമ്പനികൾ
എവർഗ്രീൻ, എംഎസ്‌സി, മെർസ്ക് തുടങ്ങി ഏതാനും ഷിപ്പിങ് കമ്പനികളാണ് ആകെ ചരക്ക് കടത്തിന്റെ 80% വഹിക്കുന്നത്. കോവിഡ് കാലത്തെ വൻ ലാഭത്തിന്റെ വിഹിതമായി മിക്ക കമ്പനികളും ജീവനക്കാർക്ക് കൂറ്റൻ ബോണസ് നൽകി. തയ്‌വാനിലെ എവർഗ്രീൻ കമ്പനി 50 മാസത്തെ ശമ്പളമാണ് നൽകിയത്.
English Summary: Decline in exports from Kerala