ADVERTISEMENT

തിരുവനന്തപുരം/ന്യൂഡൽഹി/ ബെംഗളൂരു∙ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് യുഎസ് ഐടി മേഖലയിലുണ്ടായ മാന്ദ്യം തൽക്കാലത്തേക്ക് ഇന്ത്യൻ ഐടി കമ്പനികളെ ബാധിക്കില്ലെന്നു വിലയിരുത്തൽ. മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വൻകിട കമ്പനികൾ നിശ്ചിത ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിക്ക് യുഎസിൽ തുടക്കമിട്ടിരുന്നു. നേരത്തെ മെറ്റ, ആമസോൺ, ട്വിറ്റർ തുടങ്ങിയ കമ്പനികളും ജീവനക്കാരുടെ എണ്ണം കുറച്ചു. ഇന്ത്യയിലെ ടെക് പിരിച്ചുവിടലുകളിൽ ഏറിയ പങ്കും ന്യൂജെൻ ഐടി പ്രോഡക്ട് കമ്പനികളിൽ നിന്നാണ്. 

Read also: ഭൂമിയുടെ ഉൾക്കാമ്പ് ഇടയ്ക്ക് കറക്കംനിർത്തി, തിരിഞ്ഞുകറങ്ങി; ഇതുപോലെ 2040ന് ശേഷം

2023 തുടങ്ങി 24 ദിവസം പിന്നിടുമ്പോൾ 22 പുതുതലമുറ ടെക് കമ്പനികളാണ് പിരിച്ചുവിടൽ നടത്തിയതെന്ന് ഇതു സംബന്ധിച്ച കണക്ക് ക്രോഡീകരിക്കുന്ന layoffs.fyi എന്ന സൈറ്റ് വ്യക്തമാക്കുന്നു. അതേസമയം, ഇന്ത്യയിൽ വൻതോതിൽ തൊഴിൽ നൽകുന്ന ഐടി സർവീസസ് കമ്പനികളെ മാന്ദ്യഭീതി കാര്യമായി ബാധിച്ചിട്ടില്ല. ഇക്കാരണത്താലാണ് യുഎസിലെ കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യയിൽ കാര്യമായി പ്രതിഫലിക്കാത്തത്. പുറമേ നിന്നുള്ള ഫണ്ടിങ് ആശ്രയിക്കുന്ന ന്യൂജെൻ പ്രോഡക്ട് കമ്പനികൾക്കാണ് പ്രതിസന്ധിയേറുന്നത്. 

സാമ്പത്തികമാന്ദ്യം ആദ്യം ബാധിക്കുക വിപണിയിൽ നേരിട്ട് ഉൽപന്നം വിൽക്കുന്ന പ്രോഡക്ട് കമ്പനികളെയാണ്. മാന്ദ്യം ശക്തിപ്രാപിക്കുമ്പോഴാണ് പ്രോ‍ഡക്ട് കമ്പനികൾക്ക് സേവനം നൽകുന്ന സർവീസസ് കമ്പനികളെയും സാരമായി ബാധിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐടി ജീവനക്കാർ ജോലി ചെയ്യുന്നത് സർവീസസ് കമ്പനികളിലാണ്. കോവിഡിന് മുൻപുള്ള അത്രയും ഇല്ലെങ്കിലും ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളിൽ റിക്രൂട്മെന്റും നടക്കുന്നുണ്ട്. 

Read also: മോദി ഡോക്യുമെന്ററി: അനിൽ ആന്റണി രാജിവച്ചു; ഇരട്ടത്താപ്പെന്ന് കുറ്റപ്പെടുത്തൽ

അമേരിക്കയിൽ പ്രഖ്യാപിച്ചിരിക്കുന്ന അടച്ചുപൂട്ടൽ നയം ആഗോളവ്യാപകമായി മറ്റു രാജ്യങ്ങളിൽ പ്രതിഫലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.  ആഗോള ഭീമന്മാരുടെ നടപടി സാമ്പത്തിക പ്രതിസന്ധി മൂലമല്ലെന്നും  ‘ഫാറ്റ് ഷെഡിങ്’ പ്രക്രിയ ആണെന്നും വിലയിരുത്തലുണ്ട്. ജീവനക്കാരുടെ എണ്ണം, ഉൽപാദനം, വരുംകാല ലക്ഷ്യങ്ങൾ, സാമ്പത്തിക ക്രമീകരണം എന്നിവ മുൻനിർത്തി ‘ദുർമേദസ്’ കുറയ്ക്കാനും പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടതാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണിത്. 

സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലും മെച്ചപ്പെട്ട പ്രകടനം ആവർത്തിച്ച കമ്പനികളാണ് ജീവനക്കാരെ കുറയ്ക്കുന്നത്. ഇത് മാന്ദ്യം കൊണ്ടല്ല, മാന്ദ്യം മുന്നിൽ കണ്ടുള്ള രക്ഷാ നടപടികളാണെന്ന് കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്കിന്റെ സെക്രട്ടറി വി. ശ്രീകുമാർ  പറഞ്ഞു. കോവിഡ് കാലത്തും മറ്റും വിഭവശേഷി ക്ഷാമമുണ്ടായിരുന്നതു മുതലെടുത്ത് വലിയ ശമ്പളത്തിനായി വിലപേശി ജോലിക്കു കയറിയവരുണ്ട്. 

10 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർ 25 വർഷം പരിചയമുള്ളവരുടെ ശമ്പളം വാങ്ങിയ സാഹചര്യം വരെയുണ്ടായി. ഇത്തരക്കാരിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെയാണ് വ്യാപകമായി  പിരിച്ചയയ്ക്കുന്നത്. ഐടി ഉൽപാദന, സേവന മേഖലകളിൽ ലാഭകരമല്ലാത്ത പ്രോജക്ടുകളുടെ കരാറുകൾ കമ്പനികൾ വ്യാപകമായി റദ്ദാക്കുന്നുണ്ട്. ഒട്ടേറെ ജീവനക്കാരെ ഇതിനാൽ  വെട്ടിക്കുറയ്ക്കേണ്ട സാഹചര്യവുമുണ്ടായി. 

കഴിഞ്ഞ 24 ദിവസത്തിനിടെ ഇന്ത്യയിൽ നടന്ന പിരിച്ചുവിടലുകൾ

∙ ഇൻമോബി: 50 പേർ

∙ ക്യാംപ് കെ12: 70%

∙ മെഡിബഡ്ഡി: 200 പേർ

∙ എക്സോടെൽ: 142 പേർ

∙ ഗോമെക്കാനിക്: 70%

∙ ഷെയർചാറ്റ്: 500 പേർ

∙ ഗ്രാമൊഫോൺ: 75 പേർ

∙ ഡൺസോ: 3%

∙ റിബൽ ഫുഡ്സ്: 3%

∙ ക്യാപ്റ്റൻ ഫ്രഷ്: 120 പേർ

∙ ഭാരത്അഗ്രി: 40 പേർ

∙ ഡിഹാറ്റ്: 5%

∙ ഒല: 200 പേർ

∙ സ്കിറ്റ്.എഐ: 115 പേർ

∙ ക്യാഷ്ഫ്രീ : 100 പേർ

∙ കോയിൻഡിസിഎക്സ്:  80 പേർ

∙ ലീഡ്: 60 പേർ

∙ റീലെവൽ: 40 പേർ

∙ ബൗൺസ്: 40 പേർ

∙ അപ്സ്കേലിയോ: 25 പേർ

∙ ഹാരപ്പ: 60 പേർ

English Summary: Most of the layoffs in India are from new generation companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com