തട്ടിപ്പ് ആരോപണം: അദാനി ഓഹരികളുടെ മൂല്യത്തിൽ 90,000 കോടിയുടെ നഷ്ടം

adani
ഗൗതം അദാനി
SHARE

മുംബൈ∙ അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ‌ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ ആരോപണം വിപണിയിൽ പ്രതിഫലിച്ചു. ഗ്രൂപ്പ് കണക്കുകളിൽ കൃത്രിമം കാണിക്കുകയാണെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ അദാനി ഓഹരികളിൽ വൻ ഇടിവുണ്ടായി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളുടെയും കൂടി മൂല്യത്തിൽ ഇന്നലെ ഏതാണ്ട് 90,000  കോടി രൂപയുടെ കുറവുണ്ടായി. അദാനി എന്റർപ്രൈസസ് ഓഹരിവില 1.54 ശതമാനം  ഇടിഞ്ഞു. അദാനി ഗ്രീൻ, അദാനി പോർട്സ്, അദാനി പവർ, ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി വിൽമാർ എന്നിവയുടെ ഓഹരികളും 5 മുതൽ 9 ശതമാനം വരെ ഇടിഞ്ഞു. 

അദാനി അടുത്തകാലത്ത് ഏറ്റെടുത്ത എസിസി, അംബുജ സിമന്റ്, എൻഡിടിവി എന്നിവയുടെ ഓഹരിവിലയും യഥാക്രമം 7.2%, 7.7%, 4.98% എന്നിങ്ങനെ ഇടി‍ഞ്ഞു. അദാനി എന്റർപ്രൈസസ് ഫോളോ ഓൺ പബ്ലിക് ഇഷ്യു(എഫ്പിഒ)വഴി 20,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഗുരുതര ആരോപണം. അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ചുവച്ച തുകയിലാണ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം.  12000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും 2 വർഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പറയുന്നു.   

റിപ്പോർട്ട് ആസൂത്രിതം: അദാനി ഗ്രൂപ്പ്

ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് ആസൂത്രിതവും അടിസ്ഥാനരഹിതവും ആണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. റിപ്പോർട്ട് ഞെട്ടിച്ചു. വസ്തുതകൾക്കായി ഗവേഷണ സ്ഥാപനം തങ്ങളെ സമീപിച്ചിട്ടില്ല. ഉന്നയിക്കുന്ന പല ആരോപണങ്ങളും കോടതികൾ അടക്കം തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. 27ന് അദാനി എന്റർപ്രൈസസിന്റെ എഫ്പിഒ തുടങ്ങാനിരിക്കെ പുറത്തുവിട്ട റിപ്പോർട്ട് സ്ഥാപനത്തിന്റെ സൽപ്പേരിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും അദാനി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജുഗേഷിന്ദർ സിങ് പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS