കൊച്ചി∙ എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737–800 വിമാനത്തിന്റെ വാലറ്റത്തു വരച്ച മനോഹര ചിത്രത്തിലൂടെ ബിനാലെയുടെ പ്രശസ്തി വിദേശരാജ്യങ്ങളിലേക്ക്. കോഴിക്കോട് സ്വദേശിയായ ആർട്ടിസ്റ്റ് ജി.എസ്.സ്മിതയുടെ അക്രിലിക് പെയിന്റിങ്ങാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 25 അടി നീളമുള്ള ടെയിൽ ആർട്ടായി മാറുന്നത്.
ഇതിന്റെ അനാഛാദനം ഇന്ന് 5ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ഹാംഗറിൽ നടക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി എന്നിവർ ചേർന്നാണ് അനാഛാദനം നിർവഹിക്കുക.