വിപണിയുടെ ഗതിയെഴുതും കേന്ദ്ര ബജറ്റും ഫെഡ് റിസർവും

kerala-budget.jpg.image.845.440.jpg
SHARE

ഹിൻഡൻബർഗ് റിപ്പോർട്ടിൽനിന്ന് ആളിപ്പടർന്ന പരിഭ്രാന്തിയിൽ ഓഹരി വിപണി കത്തിയമർന്ന ശേഷമുള്ള ആദ്യ വ്യാപാര വാരത്തിന് ഇന്ന് ആരംഭമാകുമ്പോൾ നിക്ഷേപകരിൽ നിറഞ്ഞുനിൽക്കുന്നതു കനത്ത ആശങ്ക. ഇനി എങ്ങോട്ട് എന്നത് ഉത്തരം അസാധ്യമായ ചോദ്യമായി ഉയരുന്നു. കഴിഞ്ഞ ആഴ്‌ചയിലെ വിലത്തകർച്ചയ്‌ക്കു ഹിൻഡൻബർഗ് റിപ്പോർട്ട് മാത്രമായിരുന്നില്ല യഥാർഥ കാരണം. അവധി വ്യാപാര കരാറുകളുടെ പ്രതിവാര, പ്രതിമാസ കാലാവധികൾ അവസാനിക്കുന്നതിന്റെ ഫലമായി വിൽപന സമ്മർദം ശക്‌തമായിരുന്നു. വ്യാപാരദിനങ്ങളുടെ എണ്ണക്കുറവും വിൽപന സമ്മർദം വർധിക്കുന്നതിനു കാരണമായി.

ഹിൻഡൻബർഗ് റിപ്പോർട്ട് വിപണിയിൽ നാശം വിതച്ചത് ഓർക്കാപ്പുറത്തായിരുന്നെങ്കിൽ സുനിശ്‌ചിതമായ രണ്ടു സംഭവങ്ങളാണ് ഈ ആഴ്‌ച വിപണിയെ സ്വാധീനിക്കുക: കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ മറ്റന്നാൾ അവതരിപ്പിക്കുന്ന ബജറ്റും യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജറോം പവൽ അന്നുതന്നെ നടത്തുന്ന പലിശ സംബന്ധമായ പ്രഖ്യാപനവും. രണ്ടു സംഭവങ്ങളും വിപണിയുടെ സമീപകാല ഗതി നിർണയിക്കുന്നതിൽ വളരെ വലിയ പങ്കുള്ളവ.

കഴിഞ്ഞ ആഴ്‌ച വിപണിയിൽ ഇടപാടുകൾ അവസാനിക്കുമ്പോൾ നിഫ്‌റ്റി രേഖപ്പെടുത്തിയ നിരക്ക് 17,604.35 പോയിന്റാണ്. ഈ ആഴ്‌ചയിലെ ചലന നിലവാരം പ്രവചിക്കാനാകുന്നതല്ല. എന്നാൽ ഒന്നുറപ്പിക്കാം: മുന്നേറ്റമാണെങ്കിലും തകർച്ചയാണെങ്കിലും അതു ഗണ്യമായ അളവിലായിരിക്കും. നിഫ്റ്റി 17,100 പോയിന്റ് വരെ താഴ്ന്നാലും 18,500 പോയിന്റ് വരെ മുന്നേറിയാലും അത്ഭുതമില്ലെന്നു മാത്രമേ കരുതാനാകൂ.

പൊതു തിരഞ്ഞെടുപ്പിനു മുമ്പുള്ള അവസാനത്തെ സമ്പൂർണ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മധ്യവർഗത്തെ പ്രീതിപ്പെടുത്തുന്ന നികുതി പരിഷ്‌കാരങ്ങൾ ഉൾപ്പെടുത്തിയുള്ള ജനകീയ ബജറ്റിനാണു സാധ്യത എന്നു പ്രതീക്ഷിക്കുന്നവരുണ്ട്. ഭൂമി, സ്വർണം, ഓഹരികൾ എന്നിങ്ങനെയുള്ള വ്യത്യസ്‌ത ആസ്‌തിവർഗങ്ങളിൽനിന്നുള്ള മൂലധന വർധനയ്‌ക്കു വ്യത്യസ്‌ത നിരക്കിൽ നികുതി ഈടാക്കുന്ന സമ്പ്രദായം പരിഷ്‌കരിക്കുമെന്ന പ്രതീക്ഷയും ശക്‌തമാണ്.

സബ്‌സിഡികൾ, പൊതു മേഖലയിലെ ബാങ്കുകളുടെ പുനർമൂലധനവൽകരണം തുടങ്ങിയ കാര്യങ്ങളിൽ ഉദാരസമീപനമുണ്ടാകില്ലെന്ന അനുമാനവും ശക്‌തം. ഗതാഗതം, ഊർജോൽപാദനം തുടങ്ങിയ അടിസ്‌ഥാനസൗകര്യ മേഖലയിലെ വികസനത്തിനും വിദേശ നിക്ഷേപം ആകർഷിക്കുന്ന പദ്ധതികളുടെ പ്രോത്സാഹനത്തിനുമായിരിക്കും കൂടുതൽ ഊന്നൽ എന്നു കരുതുന്നവരും ഏറെ. ഏതു മേഖലയെ സംബന്ധിച്ച ഏതു നിർദേശവും ഓഹരി വിപണിയിൽ ചലനങ്ങൾ സൃഷ്‌ടിക്കും. പ്രതീക്ഷകളോടു പൊരുത്തപ്പെടുന്നതാണു ബജറ്റ് എങ്കിൽ അതു വിപണിക്കു പകരുന്ന ഊർജം ചെറുതായിരിക്കില്ല. 

യുഎസ് ഫെഡ് റിസർവിന്റെ തീരുമാനവും വിപണിക്കു സുപ്രധാനം. ഒരു വർഷത്തിനിടയിൽ 4.25% പലിശ വർധന പ്രഖ്യാപിച്ച ഫെഡ് റിസർവ് ഇനിയങ്ങോട്ടു മെല്ലെപ്പോക്കു നയം സ്വീകരിക്കുമെന്ന പ്രതീക്ഷയാണു വിപണിക്കുള്ളത്. ആ പ്രതീക്ഷയ്‌ക്ക് അനുകൂലമാണു തീരുമാനമെങ്കിൽ അത് ഓഹരി വിപണിക്കുള്ള ബൂസ്‌റ്റർ ഡോസ് ആയിരിക്കും.

കേന്ദ്ര ബജറ്റും ഫെഡ് റിസർവും നിരാശപ്പെടുത്തുന്നതായാൽ വിപണിക്ക് അതിനപ്പുറമൊരു ആഘാതമുണ്ടാകാനില്ല. സെൻസെക്‌സും നിഫ്‌റ്റിയും എത്ര താഴേക്കു കൂപ്പുകുത്തുമെന്നു കാണുകയേ വേണ്ടൂ. വിദേശ ധനസ്‌ഥാപനങ്ങൾ ഇപ്പോൾത്തന്നെ ഇന്ത്യൻ വിപണിയെ ഉപേക്ഷിച്ചു ചൈനയിലാണു താൽപര്യം കാട്ടുന്നത്. ഇന്ത്യയിൽ ഓഹരി വില ആകർഷകമല്ലാത്ത നിലയിലാണെന്ന വിലയിരുത്തലാണു കാരണം. അതേസമയം, ഓഹരി വിലകൾ ഇടിച്ചുതാഴ്‌ത്താനുള്ള വിദേശ ഏജൻസികളുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ വിലയിരുത്തലെന്നു സംശയിക്കേണ്ട സ്‌ഥിതിയായിട്ടുമുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിനെയും ഈ സംശയത്തോടു ചേർത്തുനിർത്താം. 

യുഎസ് ഡോളറിന്റെ വില വ്യതിയാനങ്ങൾ, അസംസ്‌കൃത എണ്ണ വിലയിലെ മാറ്റങ്ങൾ, വിദേശ ധനസ്‌ഥാപനങ്ങളിൽനിന്നുള്ള വിൽപന സമ്മർദം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ, വായ്‌പാ നയം തുടങ്ങിയവയും വരും ദിവസങ്ങളിൽ ഓഹരി വിപണിയുടെ ഗതിനിർണയത്തെ ഒരളവു വരെ സ്വാധീനിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS