ADVERTISEMENT

സുരക്ഷിതമായും കൃത്യമായും വരുമാനം ലഭിക്കുന്ന നിക്ഷേപ മാർഗങ്ങളാണ് റിട്ടയർമെന്റ് ജീവിതം ആനന്ദകരമാക്കാൻ തിരഞ്ഞെടുക്കേണ്ടത്. വിപണി സാഹചര്യങ്ങൾ, പലിശനിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ, വിലപ്പെരുപ്പം എന്നിവയെക്കുറിച്ചൊന്നും ആശങ്കയില്ലാതെ, കൃത്യമായ വരുമാനം ലക്ഷ്യംവയ്ക്കുന്ന പദ്ധതികൾ റിട്ടയർമെന്റ് ജീവിതത്തെ കൂടുതൽ സന്തോഷകരമാക്കും. റിട്ടയർമെന്റ് ജീവിതത്തിൽ സാമ്പത്തിക സുരക്ഷയൊരുക്കുന്ന പ്രധാൻമന്ത്രി വയ വന്ദന യോജനയെ (പിഎംവിവിവൈ) പരിചയപ്പെടാം.

ഉയർന്ന പലിശ

വിശ്രമജീവിതത്തിൽ കൃത്യമായ വരുമാനം ലഭിക്കുന്നതിനുവേണ്ടിയുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണിത്. 2020 മേയ് മാസത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. ഈ മാർച്ച് 31 വരെയാണ് പദ്ധതിയിൽ അംഗമാകാൻ അവസരം. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് (എൽഐസി) പിഎംവിവിവൈ നടപ്പാക്കുന്നത്. സുരക്ഷിത നിക്ഷേപം, കൃത്യമായ ഇടവേളകളിൽ റിട്ടേൺ, 10 വർഷത്തിനുശേഷം മുഴുവൻ നിക്ഷേപവും തിരികെ തുടങ്ങിയവയാണ് ഈ സാമൂഹിക സുരക്ഷാ പദ്ധതിയുടെ സവിശേഷതകൾ. 10 വർഷം 7.4% നിരക്കിൽ പെൻഷൻ ലഭിക്കും. മികച്ച പലിശനിരക്കു തന്നെയാണ് മുതിർന്ന പൗരൻമാർക്കുള്ള മറ്റു പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ വയവന്ദന യോജനയുടെ പ്രത്യേകത. 

ആർക്കൊക്കെ ചേരാം

പദ്ധതിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി 60 വയസ്സാണ്. പരമാവധി പ്രായമെന്ന നിബന്ധനയില്ല.  15 ലക്ഷം രൂപ വരെയാണ് പരമാവധി നിക്ഷേപിക്കാവുന്നത്. നിക്ഷേപിക്കേണ്ട മിനിമം തുക 1.5 ലക്ഷം. കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ അല്ലാത്തവർക്ക് ആശ്രയിക്കാവുന്ന പദ്ധതിയാണിത്. പെൻഷൻ തുക വർഷത്തിൽ ഒരു തവണയായോ രണ്ടു തവണയായോ മൂന്നു തവണയായോ ലഭിക്കും. മാസംതോറും വേണമെങ്കിൽ അങ്ങനെയും ലഭിക്കും. എങ്ങനെ വേണമെന്ന് നിക്ഷേപകർക്കു തിരഞ്ഞെടുക്കാം. നിക്ഷേപമായി അടയ്ക്കുന്ന തുക അനുസരിച്ചാണ് പെൻഷൻ. 1000 മുതൽ 9250 രൂപ വരെ പ്രതിമാസം ലഭിക്കും. 

പദ്ധതിയിൽ ചേരാൻ

ഓൺലൈനായോ ഓഫ്‌ലൈനായോ പദ്ധതിയിൽ അംഗമാകാം. എൽഐസി വെബ്സൈറ്റ് വഴിയും ചേരാം. 10 വർഷം പൂർത്തിയാകുമ്പോൾ അടച്ച തുക നിക്ഷേപകർക്കു തിരികെ ലഭിക്കും. ഇതിനിടെ നിക്ഷേപകർക്കു മരണം സംഭവിച്ചാൽ നിക്ഷേപത്തുക നോമിനിക്കു ലഭിക്കും. നിക്ഷേപം 3 വർഷം പൂർത്തിയാക്കിയാൽ അതിന്റെ 75 % വരെ വായ്പയെടുക്കാം. പലിശനിരക്ക് ഓരോ വർഷവും പുതുക്കി നിശ്ചയിക്കും. 

പോളിസി ഉടമയ്ക്കോ ജീവിത പങ്കാളിക്കോ മാരകമായ രോഗങ്ങൾ പിടിപെട്ടാൽ തുകയുടെ 98% സറണ്ടർ ചെയ്യാം. പ്രതിമാസ പെൻഷൻ പദ്ധതിക്ക് 10 വർഷത്തേക്ക് നിലവിൽ 7.4 ശതമാനമാണ് പലിശ. വാർഷിക പെൻഷൻ പദ്ധതിയാണെങ്കിൽ 7.66%. തിരഞ്ഞെടുക്കുന്ന പ്ലാൻ അനുസരിച്ച് നിശ്ചിത തുക നിക്ഷേപിച്ചതിന് ശേഷം ഒരു വർഷം കഴിയുമ്പോഴോ, ആറു മാസത്തിലോ, മൂന്നു മാസത്തിലോ, അടുത്ത മാസം തന്നെയോ പെൻഷന്റെ ആദ്യഗഡു ലഭിക്കും. പലിശവരുമാനത്തിന് ആദായനികുതി ബാധകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com