ന്യൂഡൽഹി∙ യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ ഇന്ത്യയ്ക്കെതിരായ ആക്രമണമെന്ന് വിശേഷിപ്പിച്ച അദാനി ഗ്രൂപ്പിന് ഹിൻഡൻബർഗിന്റെ രൂക്ഷമായ മറുപടി. തട്ടിപ്പ് തട്ടിപ്പ് തന്നെയാണെന്നും ദേശീയതയുടെ മറപിടിച്ച് തട്ടിപ്പിനെ മറയ്ക്കാനാവില്ലെന്നും ഹിൻഡൻബർഗ് പ്രതികരിച്ചു. ഹിൻഡൻബർഗിനുള്ള മറുപടിയായി 413 പേജുള്ള കുറിപ്പ് അദാനി പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിലാണ് വിശദീകരണം.
ഇന്ത്യയെന്ന രാജ്യം ഉർജസ്വലമായ ജനാധിപത്യവും വളർന്നു വരുന്ന ലോകശക്തിയുമാണ്. ഇന്ത്യൻ പതാക ചുറ്റിക്കൊണ്ട് രാജ്യത്തെ കൊള്ളയടിക്കുന്ന അദാനി ഗ്രൂപ്പ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുകയാണെന്നും ആരോപിച്ചു. ലോകത്തെ ഏത് ധനികൻ ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്.
413 പേജുള്ള അദാനിയുടെ മറുപടിയിൽ 30 പേജ് മാത്രമാണ് തങ്ങളുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ളത്. ബാക്കി 330 പേജുകൾ കോടതി രേഖകളും മറ്റുമാണ്. കമ്പനി എങ്ങനെ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നു, സുരക്ഷിതമായ പച്ചക്കറികളുടെ ഉൽപാദനം തുടങ്ങി തങ്ങളുടെ റിപ്പോർട്ടുമായി ബന്ധമില്ലാത്ത കാര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടി.
തങ്ങളുടെ 88 ചോദ്യങ്ങളിൽ 62 എണ്ണത്തിനും കൃത്യമായ മറുപടി നൽകാനായിട്ടില്ല. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ചെയർമാന്റെ സഹോദരൻ കമ്പനിയുമായി ബന്ധപ്പെട്ട കക്ഷിയല്ലെന്ന (റിലേറ്റഡ് പാർട്ടി) വാദമാണ് അദാനി ഉയർത്തിയത്. ക്രമക്കേട് നിറഞ്ഞ ഇടപാടുകളുണ്ടെന്ന വാദം അദാനി നിഷേധിക്കുന്നില്ലെന്നും മറുപടിയിൽ പറയുന്നു. കമ്പനിയുടെ വളർച്ചയെപ്പറ്റി ഹിൻഡൻബർഗ് അവതരിപ്പിച്ചിരിക്കുന്ന കഥ പച്ചക്കള്ളമാണെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം.