ന്യൂഡൽഹി∙ ഇസ്രയേലിലെ ഹൈഫ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നു നടക്കുന്ന ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പങ്കെടുക്കും. ഇസ്രയേലിൽ ഏതെങ്കിലുമൊരു മേഖലയിൽ എത്തുന്ന ഏറ്റവും വലിയ വിദേശനിക്ഷേപമാണ് അദാനിയുടേത്. അദാനി പോർട്സ്, ഇസ്രയേലിന്റെ ഗഡോട് ഗ്രൂപ്പ് എന്നിവ ഉൾപ്പെട്ട കൺസോർഷ്യമാണ് 118 കോടി ഡോളറിന് തുറമുഖത്തിന്റെ ടെൻഡർ നേടിയത്.
കൺസോർഷ്യത്തിൽ 70 ശതമാനം ഓഹരി അദാനിക്കാണ്. ഹൈഫ തുറമുഖത്തിലെ താൽക്കാലിക ക്രൂസ് ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും പങ്കെടുക്കും. ടെൻഡറിൽ രണ്ടാമതെത്തിയ കമ്പനിയേക്കാൾ 55 ശതമാനം ഉയർന്ന തുകയാണ് അദാനി അടങ്ങിയ കൺസോർഷ്യം മുന്നോട്ടുവച്ചത്. ഇത് നിക്ഷേപകരെയും സർക്കാരിനെയും വരെ അദ്ഭുതപ്പെടുത്തിയിരുന്നു.