ADVERTISEMENT

കൊച്ചി ∙ ധന മന്ത്രി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിലെ നിർദേശങ്ങളോട് ഓഹരി വിപണി എങ്ങനെയായിരിക്കും പ്രതികരിക്കുക? പൊതു തിരഞ്ഞെടുപ്പിനു മുമ്പുള്ള അവസാന സമ്പൂർണ ബജറ്റിന് അനുകൂലമായിരിക്കുമോ വിപണിയുടെ വോട്ട്? 

കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഓഹരി വില സൂചികകളിൽ വലിയ മുന്നേറ്റത്തിനു പ്രചോദനമേകുന്നതായിരുന്നു കേന്ദ്ര ബജറ്റ്. ഇത്തവണയും നേട്ടം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണു നിക്ഷേപക സമൂഹം. മൂലധന വർധന നികുതി, ഓഹരി ഇടപാടു നികുതി (എസ്ടിടി) എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങൾക്കു പുറമേ സാമ്പത്തികരംഗത്തു വലിയ കുതിപ്പിനു സഹായകമാകുന്ന നിർദേശങ്ങളുമൊക്കെ നിക്ഷേപകരുടെ പ്രതീക്ഷകളിലുണ്ട്. പ്രതീക്ഷയ്ക്ക് അനുകൂലമാണു ബജറ്റെങ്കിൽ ഓഹരി വില സൂചികകൾക്കു നേട്ടം ആവർത്തിക്കാനാകും.

അതേസമയം, പൊതു തിരഞ്ഞെടുപ്പിനു മുമ്പുള്ള സമ്പൂർണ ബജറ്റിന്റെ ദിവസമെന്ന പ്രത്യേകതയ്ക്കപ്പുറം യുഎസ് ഫെഡറൽ റിസർവിന്റെ പലിശ സംബന്ധമായ പ്രഖ്യാപനത്തിന്റെ ദിവസംകൂടിയാണ് ഇന്ന്. അതുകൊണ്ടുതന്നെ വിപണിയുടെ പ്രതികരണത്തിനു കൂടുതൽ പ്രാധാന്യമുണ്ട്. യുഎസിലെ കേന്ദ്ര ബാങ്ക് ഒരു വർഷമായി പിന്തുടർന്നുവരുന്ന നയത്തിൽനിന്നു വ്യത്യസ്തമായി പലിശ വർധനയുടെ കാര്യത്തിൽ മെല്ലെപ്പോക്കു മതി എന്നു തീരുമാനിച്ചേക്കാം. തീരുമാനം അതാണെങ്കിൽ ഓഹരി വിപണിക്ക് അത് ഉത്തേജനമാകും. 

ബജറ്റും ഫെഡ് റിസർവ് പ്രഖ്യാപനവും വിപണിക്ക് അനുകൂലമെല്ലെങ്കിൽ കഴിഞ്ഞ ആഴ്ച ഹിൻഡൻബർഗ് റിപ്പോർട്ട് മൂലമുണ്ടായ തകർച്ചയുടെ ആവർത്തനമായിരിക്കും കാണാനാകുക.

മനസ്സിലാക്കാം ഈ ബജറ്റ് പദാവലി

ഇന്ന് ബജറ്റ് പ്രസംഗത്തിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉപയോഗിക്കുന്ന ചില സാങ്കേതിക പദങ്ങൾ പരിചയപ്പെടാം.

∙ VOTE ON ACCOUNT: പാർലമെന്റിൽ ധനാഭ്യർഥന പാസാകുന്നതു വരെയുള്ള കാലയളവിൽ സർക്കാർ ചെലവുകൾക്ക് പണം അനുവദിക്കുന്നതിനുള്ള മുൻകൂർ അനുമതി.

∙ DIRECT TAX: പ്രത്യക്ഷ നികുതി അഥവാ നേരിട്ടുള്ള നികുതി. ആദായ നികുതി, കമ്പനി നികുതി, സ്വത്തു നികുതി തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടും.

∙ CORPORATE TAX: കമ്പനി നികുതി. കമ്പനികളുടെ ലാഭത്തിന്മേലുള്ള നികുതി.

 INDIRECT TAX: പരോക്ഷ നികുതി. നിർമിത ഉൽപന്നങ്ങൾ, ഇറക്കുമതി ഉൽപന്നങ്ങൾ, കയറ്റുമതി ഉൽപന്നങ്ങൾ എന്നിവയ്ക്കുള്ള നികുതി. എക്സൈസ് തീരുവ, കസ്റ്റംസ് തീരുവ, സേവന നികുതി മുതലായവ. സമ്പന്നർക്കും ദരിദ്രർക്കും ഒരേ രീതിയിൽ ബാധകമാകുന്നു. 

∙ CUSTOMS DUTY: ഇറക്കുമതിച്ചരക്കുകൾക്കു ചുമത്തുന്ന നികുതിയാണ് കസ്റ്റംസ് തീരുവ. ആഭ്യന്തര വ്യവസായത്തെയും കൃഷി തുടങ്ങിയ മേഖലകളെയും വിദേശ ഉൽപന്നങ്ങളുടെ കടന്നുകയറ്റത്തിൽനിന്നുരക്ഷിക്കുക കസ്റ്റംസ് തീരുവയുടെ ലക്ഷ്യമാണ്. 

REVENUE EXPENDITURE: സർക്കാരിന്റെ ചെലവ്: സർക്കാരിന്റെ വിവിധ വിഭാഗങ്ങളുടെയും കോടതി, തിരഞ്ഞെടുപ്പു സംവിധാനം തുടങ്ങിയവയുടെയും നടത്തിപ്പിനു ചെലവിടേണ്ടുന്ന പണം(ശമ്പളം ഉൾപ്പെടെ), സർക്കാർ എടുത്തിട്ടുള്ള വിവിധ വായ്പകൾക്കു നൽകേണ്ടുന്ന പലിശ, സബ്സിഡികൾ തുടങ്ങിയവയാണ് ഇത്.

REVENUE RECEIPTS: റവന്യു വരവ്. നികുതി, സർക്കാർ നൽകുന്ന വായ്പകൾക്കും നിക്ഷേപങ്ങൾക്കും കിട്ടുന്ന പലിശ, സേവനങ്ങൾക്കുള്ള ഫീസ് തുടങ്ങിയവ ഇതിൽപ്പെടും.  ആസ്തികൾ വിറ്റഴിച്ചുനേടുന്നതല്ലാത്ത വരുമാനം.

 REVENUE DEFICIT: റവന്യു കമ്മി. റവന്യു ചെലവും വരവും തമ്മിലുള്ള അന്തരം. സർക്കാരിന്റെ ദൈനംദിനച്ചെലവുകൾക്കായി പണം കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഇതിലൂടെ വ്യക്തമാകുന്നു.

∙ CAPITAL EXPENDITURE: ആസ്തികൾ സൃഷ്ടിക്കാൻ ഉതകുന്ന ചെലവിടലാണിത്. വികസനപദ്ധതികൾക്കുള്ള ചെലവ്.

 CAPITAL RECEIPTS: മൂലധന വരവ്. സർക്കാർ രാജ്യത്തിനുള്ളിൽനിന്നും പുറത്തുനിന്നും വായ്പയായി സ്വീകരിക്കുന്ന പണം, റിസർവ് ബാങ്കിൽനിന്നെടുക്കുന്ന വായ്പ, ട്രഷറി ബില്ലുകൾ എന്ന സർക്കാർ നിക്ഷേപപത്രങ്ങൾ, വിദേശ സ്ഥാപനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള ദീർഘകാല വായ്പകൾ എന്നിവയെ മൂലധന വരവാണ്. പൊതുമേഖലാസ്ഥാപനങ്ങളിലെ ഓഹരി വിൽപന വഴി ലഭിക്കുന്ന പണവും ഇതുതന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com