ന്യൂഡൽഹി∙ കോവിഡിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനു പകരം ഇന്ത്യയുടെ അടുത്ത ഘട്ട വളർച്ചയെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരൻ പറഞ്ഞു. രാജ്യാന്തര സമ്പദ്‍വ്യവസ്ഥ പൂർവസ്ഥിതിയിലായാൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 8 ശതമാനമായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യ–യുക്രെയൻ യുദ്ധം, കോവിഡ് രാജ്യാന്തര തലത്തിലുണ്ടാക്കിയ ആഘാതം എന്നിവ മാറുന്നതോടെ ഇന്ത്യ അതിവേഗം വളരും.
ഇക്കൊല്ലം പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ പരിധിക്കു പുറത്താണെങ്കിലും (6.8%) നിക്ഷേപം, വിൽക്കൽ–വാങ്ങലുകൾ അടക്കമുള്ള കാര്യങ്ങളിൽ ഇതു വെല്ലുവിളിയാകില്ലെന്നാണ് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, നാണ്യപ്പെരുപ്പഭീഷണി തുടരുമെന്നതിനാൽ പലിശനിരക്ക് നാളുകളോളം ഉയർന്നുനിൽക്കുമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നു.
വെല്ലുവിളികൾ
∙ കറന്റ് അക്കൗണ്ട് കമ്മി: രാജ്യാന്തര വിപണിയിലെ വിലക്കയറ്റം മൂലം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) മോശമായേക്കാം. ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതലാകുന്ന അവസ്ഥയെയാണ് കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) എന്നു വിളിക്കുന്നത്.
∙ കയറ്റുമതി: ലോകമാകെ വളർച്ചാനിരക്കും വ്യാപാരവും കുറയുന്നതിനാൽ കയറ്റുമതിക്കുള്ള ഉത്തേജനം കൂടുതൽ നഷ്ടമാകാം.
∙ രൂപയുടെ മൂല്യം: മറ്റ് കറൻസികളേക്കാൾ മെച്ചപ്പെട്ട നിലയിലാണെങ്കിലും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ രൂപയുടെ മൂല്യം വീണ്ടും ഇടിയാം.