ADVERTISEMENT

ഓഹരി വിപണിക്ക് ഓർമശക്‌തി സ്വതേ കുറവ്. ചിലതൊക്കെ മനപ്പൂർവം മറക്കുന്നതും പതിവ്. അതുകൊണ്ടുതന്നെ അദാനി സംഭവം ആറിത്തണുക്കുന്നതിനു മുമ്പേ വിപണി ഉത്സാഹം വീണ്ടെടുത്തിരിക്കുന്നു. കടന്നുപോയ ആഴ്‌ചയിലെ അവസാന വ്യാപാരദിനത്തിൽ വിപണിയിലുണ്ടായ മുന്നേറ്റം അദാനി ഗ്രൂപ്പിൽപ്പെട്ട ചില ഓഹരികൾക്കു കൂടി അവകാശപ്പെട്ടതായി.

അദാനി അധ്യായം പഴങ്കഥയായെന്നു പറയാറായിട്ടില്ലെങ്കിലും അതിന്റെ ഗൗരവം ചോർന്നുപോയതും വിപണിക്കു വിശ്വാസം വീണ്ടെടുക്കാൻ സഹായകമായിട്ടുണ്ട്. കടബാധ്യത കുറയ്‌ക്കുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ കഴിവിനെ അവിശ്വസിക്കുന്നില്ലെന്നു രാജ്യാന്തര പ്രാമുഖ്യമുള്ള ഫിച് റേറ്റിങ്‌സ്, മൂഡീസ് എന്നീ ഏജൻസികൾ വ്യക്‌തമാക്കുന്നു. 

അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങളുടെ വില നിലവാരം ഏറ്റവും മോശമായ അവസ്‌ഥയിൽനിന്നു മെച്ചപ്പെട്ടതോടെ അവയ്‌ക്കു നിക്ഷേപാർഹമായ മൂല്യം കൈവന്നിരിക്കുന്നുവെന്നു ധനസേവന രംഗത്തെ പ്രശസ്‌ത സ്‌ഥാപനങ്ങളായ ഗോൾഡ്‌മാൻ സാക്‌സും ജെപി മോർഗനും വിലയിരുത്തുന്നു. ഹിൻഡൻബർഗ് ആക്രമണത്തിന്റെ ആഘാതം അദാനിക്കൊപ്പം ഏറ്റുവാങ്ങേണ്ടിവന്ന ബാങ്കുകളുടെ കാര്യത്തിലും രക്ഷകരുണ്ടായി. ബാങ്കുകളുടെ നിയന്ത്രണാധികാരിയായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തന്നെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആരോപണവിധേയമായ ബാങ്കുകൾ മാനദണ്ഡങ്ങൾ ലംഘിച്ചു വായ്‌പ നൽകിയിട്ടില്ലെന്നാണ് ആർബിഐ വ്യക്‌തമാക്കിയത്. ഇന്ത്യയിലെ ധന വിപണി വളരെ ഭദ്രമാണെന്നു കേന്ദ്ര ധന മന്ത്രിയും സാക്ഷ്യപ്പെടുത്തി. 

അദാനി ഗ്രൂപ്പിനു നൽകിയിട്ടുള്ള വായ്‌പ അനുവദനീയ പരിധിയിൽ താഴെ മാത്രമാണെന്നു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) യും ബാങ്ക് ഓഫ് ബറോഡയും മറ്റും വെളിപ്പെടുത്തിയതും അദാനി ഓഹരികളിൽ തങ്ങൾക്കുള്ള നിക്ഷേപം ഇപ്പോഴും ലാഭത്തിലാണെന്ന് എൽഐസി വ്യക്‌തമാക്കിയതും നിക്ഷേപകർക്കു വിപണിയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചു.രാജ്യത്തെ ഓഹരി വിപണി അങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ ‘സ്‌ട്രെസ് ടെസ്‌റ്റ്’ വിജയിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളെപ്പറ്റി നിക്ഷേപകർക്കു ശുഭാപ്‌തിവിശ്വാസമുണ്ടാകുന്നതു സ്വാഭാവികം. അഗ്നിപരീക്ഷയെ പൂർണമായി അതിജീവിക്കാൻ അദാനി ഗ്രൂപ്പ് ഓഹരികൾക്കു കഴിയുകകൂടി ചെയ്‌താൽ വിപണി നല്ല ഫോമിലാകും.

കേന്ദ്ര ബജറ്റിലെ പല പ്രഖ്യാപനങ്ങളും വിപണിക്കു പ്രതീക്ഷ നൽകുന്നവയാണ്. യുഎസിലെ സാമ്പത്തിക സ്‌ഥിതി മാന്ദ്യത്തിലേക്കു നീങ്ങില്ലെന്ന സൂചന ഫെഡ് റിസർവിന്റെ പലിശനയത്തിൽനിന്നു വ്യക്‌തമാകുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ എസ്‌ബിഐ, ബാങ്ക് ഓഫ് ബറോഡ, ഐടിസി, ഇൻഡിഗോ എന്നീ കമ്പനികളിൽനിന്നു പുറത്തുവന്ന അതിശയകരമായ അറ്റാദായക്കണക്കുകളും വിപണിക്ക് ആവേശം പകരുന്നതാണ്.

നിഫ്‌റ്റി രേഖപ്പെടുത്തിയ അവസാന നിരക്ക് 17,854.1 പോയിന്റ്. വിൽപന സമ്മർദം കുറഞ്ഞേക്കാവുന്ന സാഹചര്യത്തിൽ ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ നിഫ്‌റ്റിക്കു 18,250 – 18,300 പോയിന്റ് വരെ മുന്നേറാനാകുമെന്നു കരുതുന്നു. പ്രതികൂല സാഹചര്യത്തിനു സാധ്യത കാണുന്നില്ല.പ്രവർത്തന ഫലം പരിഗണിക്കാൻ ടാറ്റ സ്‌റ്റീൽ, മുത്തൂറ്റ് ഫിനാൻസ് എന്നിവയുടെ ബോർഡ് യോഗം ഇന്നു ചേരുന്നുണ്ട്. അദാനി പോർട്‌സ്, അംബുജ സിമന്റ്‌സ്, ഭാരതി എയർടെൽ, ഹീറോ മോട്ടോ കോർപ് എന്നിവയിൽനിന്നുള്ള പ്രവർത്തനഫലം നാളെ പ്രതീക്ഷിക്കാം. 9ന് എംആർഎഫ്, ഹിൻഡാൽകോ, എച്ച്പിസിഎൽ എന്നിവ ഫലം പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com