എഐ യുദ്ധം മുറുകുന്നു; വരുന്നത് ചാറ്റ്ബോട്ട് പോരാട്ടം

HIGHLIGHTS
  • ബാർഡ്: ചാറ്റ്ജിപിടിക്ക് ​ഗൂ​ഗിൾ ബദൽ,ചൈനയുടെ ഏണി മാർച്ച് മുതൽ
  • ഗൂ​ഗിൾ പ്രഖ്യാപനത്തിനു പിന്നാലെ പ്രത്യേക വാർത്താസമ്മേളനം വിളിച്ച് മൈക്രോസോഫ്റ്റ്
artificial-intelligence
ചാറ്റ്ബോട്ടുകളുടെ വിപണിമത്സരത്തെ പ്രതിനിധാനം ചെയ്യുന്ന ചിത്രം. ചിത്രരചനാ നിർമിതബുദ്ധിയായ മിഡ്ജേണി ബോട്ട് സൃഷ്ടിച്ചത്.
SHARE

കഴിഞ്ഞ നവംബർ 30ന് പുറത്തിറക്കിയതു മുതൽ ലോകമെങ്ങും ചർച്ചകളിൽ നിറഞ്ഞിരിക്കുന്ന ചാറ്റ്ജിപിടി (ChatGPT) എന്ന രചനാത്മത നിർമിതബുദ്ധിക്കു ബദലുമായി ​ഗൂ​ഗിൾ രം​ഗത്തെത്തി. ചാറ്റ്ജിപിടി ഉൾപ്പെടെ നിർമിതബുദ്ധി (എഐ) രം​ഗത്തുള്ള എല്ലാ നൂതനമായ സങ്കേതങ്ങൾക്കും അടിസ്ഥാനശില പാകിയ ഗൂ​ഗിളിനെ അപ്രസക്തമാക്കാൻ ചാറ്റ്ജിപിടിക്കു കഴിയുമെന്ന നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്പനി തങ്ങളുടെ ലാംഡ(LaMDA) എന്ന ഭാഷാ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ട് അവതരിപ്പിക്കാൻ തീരുമാനിച്ചത്. 

ബാർഡ് (Bard) എന്നാണ് ​ഗൂ​ഗിളിന്റെ എഐ ചാറ്റ്ബോട്ടിന്റെ പേര്. ​ഗൂ​ഗിളിന്റെ ‘എഐ ടെസ്റ്റ് കിച്ചൻ’ ആപ്പിൽ ഊർജിത പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ചാറ്റ്ബോട്ട് ഏതാനും ആഴ്ചകൾക്കുള്ളിൽ ഉപയോക്താക്കൾക്കു ലഭ്യമാകും. അതേസമയം, ​ഗൂ​ഗിൾ ബാർഡ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ചാറ്റ്ജിപിടിയിൽ വലിയ നിക്ഷേപം നടത്തിയിട്ടുള്ള മൈക്രോസോഫ്റ്റ് അടിയന്തര പ്രഖ്യാപനത്തിനായി വാർത്താസമ്മേളനം വിളിച്ചു. ​മാർച്ച് മുതൽ മൈക്രോസോഫ്റ്റ് ബിങ് സേർച് എൻജിനിൽ ചാറ്റ്ജിപിടി ലഭ്യമാക്കാനിരിക്കെ, ​ഗൂ​ഗിളിന്റെ അപ്രതീക്ഷിതനീക്കത്തെ പ്രതിരോധിക്കാനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇതിനു പുറമേ, ചൈനയുടെ ​ഗൂ​ഗിൾ എന്നറിയപ്പെടുന്ന ബെയ്ദു അവരുടെ ചാറ്റ്ജിപിടി ബദലായ ഏണി (Ernie) മാർച്ചിൽ പുറത്തിറക്കും. ഇം​ഗ്ലിഷ്, ചൈനീസ് ഭാഷകളിലാണ് ഏണി ലഭ്യമാകുക. നിർമിത ബുദ്ധിയിലെയും സേർച് എൻജിനിലെയും മൂന്ന് വൻശക്തികൾ ചാറ്റ്ബോട്ടുകളെ ഇറക്കി നേരിട്ട് ഏറ്റുമുട്ടുമ്പോൾ കുത്തകവൽക്കരിക്കപ്പെട്ട ഐടി മേഖല അസാധാരണമായ കിടമത്സരത്തിനു വീണ്ടും വേദിയാവുകയാണ്. 

എന്തിനാണീ മത്സരം ? 

ഇന്റർനെറ്റിന്റെ ഭാവി നിർമിതബുദ്ധിയിലാണ് എന്ന കാഴ്ചപ്പാട്  ഐടി മേഖലയിൽ ശക്തമാണ്. ചാറ്റ്ജിപിടി നിർ‌മാതാക്കളായ ഓപ്പൺ എഐയിൽ മൈക്രോസോഫ്റ്റ് 80,0000 കോടി രൂപ നിക്ഷേപിച്ചതും ഇതേ വിശ്വാസത്തിലാണ്. ​ഗൂ​ഗിളിനെക്കാൾ ബഹുദൂരം പിന്നിൽ നിൽക്കുന്ന മൈക്രോസോഫ്റ്റ് സേർച് എൻജിനായ ബിങ്, ചാറ്റ്ജിപിടി പിൻബലത്തോടെ എത്തുമ്പോൾ ഇന്റർനെറ്റ് സേർച് പൂർണമായി പുനർനിർവചിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എന്നാൽ, ബാർഡിനെ ​ഗൂ​ഗിൾ സേർച്ചിനൊപ്പം നൽകി പ്രതിരോധിക്കാനാണ് ​ഗൂ​ഗിൾ ശ്രമം. 

2021 വരെയുള്ള വിവരങ്ങൾ മാത്രം അറിയാവുന്ന ചാറ്റ്ജിപിടി ഇന്റർനെറ്റിൽ തിരയാതെയാണ് നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതെങ്കിൽ മുഴുവൻ സമയവും ഓൺലൈനായ തത്സമയ ചാറ്റ്ബോട്ടാണ് ബാർഡ്, ലവലേശം പിഴയ്ക്കില്ല. 

ചാറ്റ്ജിപിടിയെക്കാൾ അനേകം മടങ്ങ് ശക്തമാണ് ബാർഡിന് പിന്തുണ നൽകുന്ന ​ലാംഡ ഭാഷാമോഡൽ എന്നതാണ് ​ഗൂ​ഗിളിന്റെ കരുത്ത്. ചാറ്റ്ജിപിടി നന്നായി എഴുതുമെങ്കിലും അതിൽ മണ്ടത്തരങ്ങളും നുണകളും ഉണ്ടാകും. എന്നാൽ, ബിങ്ങിന്റെ ഭാ​ഗമാക്കി ചാറ്റ്ജിപിടിയെയും മുഴുവൻ സമയം ഓൺലൈനാക്കാനാണ് മൈക്രോസോഫ്റ്റിന്റെ ശ്രമം. 

300 വാക്ക് 30 സെക്കൻഡിൽ 

ഒരേ സമയം എത്ര പേരോടു വേണമെങ്കിലും ചാറ്റ് ചെയ്യാൻ കഴിയുന്ന കംപ്യൂട്ടർ സംവിധാനമാണ് ചാറ്റ്ബോട്ട്. കേവലം ചാറ്റിനപ്പുറം, വലിയ ലേഖനങ്ങളും കഥയും കവിതയും എന്നു വേണ്ട കംപ്യൂട്ടർ പ്രോഗ്രാമുകൾ വരെ വിവിധ ഭാഷകളിലും ശൈലികളിലും നമ്മുടെ നിർദേശപ്രകാരം പുതുതായി എഴുതാൻ കഴിയുമെന്നതാണ് ചാറ്റ്ജിപിടിയുടെ പ്രത്യേകത. ശരാശരി 300 വാക്കുള്ള ലേഖനമെഴുതാൻ ചാറ്റ്ജിപിടിക്ക് ഏകദേശം 30 സെക്കൻഡ് മതി. 

English Summary: Google's AI chatbot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS