2023 രാജ്യാന്തര ചെറുധാന്യ വർഷമാണ്(Year of Millets). ഇന്ത്യ മുന്നോട്ട് വച്ച നിർദേശം യുഎൻ ജനറൽ അസംബ്ലി അംഗീകരിക്കുകയായിരുന്നു. ജോവർ, ബജ്റ, റാഗി, കാകൂൺ, കുട്കി, ഫൊക്സ്ടൈൽ, ചീന, സേമ, കാഡോൺ ബാർണിയാസ് (കുതിരവാലി), മുതിര തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചെറുധാന്യങ്ങൾ. ഭാവിയിലെ ഭക്ഷ്യസംരംഭങ്ങൾ ആരോഗ്യ ഭക്ഷണത്തിന്റേതാണ്. ഇതുമായി ബന്ധപ്പെട്ടു തുടങ്ങാവുന്ന ചില സംരംഭങ്ങൾ പരിചയപ്പെടാം.
മില്ലറ്റുകളുടെ പ്രാഥമിക സംസ്കരണ കേന്ദ്രങ്ങൾ
കാർഷികവിളകളെ പ്രാഥമികമായി സംസ്കരിക്കുക എന്നതാണ് ആദ്യപടി. വ്യത്യസ്തങ്ങളായ ഉൽപന്നങ്ങൾ നിർമിക്കുന്നതിന് പര്യാപ്തമായ അസംസ്കൃത വസ്തുവായി മാറ്റുകയാണ് പ്രാഥമിക സംസ്കരണത്തിലൂടെ. കരട് നീക്കൽ (cleaning), ജലാംശം നീക്കം ചെയ്യൽ (Dehydration), പൊളിക്കുകയോ ചുരണ്ടുകയോ ചെയ്യൽ (Decoftication), തെളികളയൽ (Dehulling) എന്നിവയെല്ലാം തന്നെ പ്രാഥമിക സംസ്കരണം എന്ന നിലയിൽ ആരംഭിക്കാൻ കഴിയുന്ന ലഘുസംരംഭങ്ങളാണ്. ഫാമുകളോട് ചേർന്നു തന്നെ ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കാം. 2–5 ലക്ഷം രൂപയുടെ മെഷിനറി സംവിധാനങ്ങളോടെ പ്രാഥമിക സംസ്കരണം നടത്താം. ചെറുധാന്യങ്ങളുടെ ഗ്രേഡിങ്ങും ഇതിന്റെ ഭാഗമായി ചെയ്യാം. ധാന്യങ്ങൾ പൊടിക്കുന്ന ഫ്ലോർ മില്ലുകളും ഇതിന്റെ ഭാഗമായി ഉണ്ടാക്കാൻ കഴിയും. സാധാരണ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ഫ്ലോർ മില്ലുകളുടെ രീതിയിൽത്തന്നെ ചെറുധാന്യങ്ങളും പൊടിച്ച് സംസ്കരിക്കാൻ കഴിയും. വലിയ റിസ്ക് ഇല്ലാത്ത ബിസിനസാണിത്.
മിക്സഡ് മില്ലറ്റ് ഉൽപന്നങ്ങൾ
ചെറുമില്ലറ്റുകളുടെ ഉൽപന്നങ്ങൾ തനിച്ചും മറ്റു മില്ലറ്റുകളെ, അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങളുമായി മിക്സ് ചെയ്തും മൂല്യ വർധിത ഉൽപന്ന നിർമാണത്തിലേയ്ക്കു കടക്കാം. പുട്ടുപൊടിക്ക് 6:4 എന്ന അനുപാതത്തിൽ അരിപ്പൊടിയും, ചെറുധാന്യങ്ങളുടെ പൊടിയും മിക്സ് ചെയ്ത് മികച്ച ആരോഗ്യ ഭക്ഷണം നിർമിച്ച് വിൽക്കാം. ഇതേ രീതിയിൽ ഗോതമ്പ് പൊടി മിക്സ് ചെയ്ത് മികച്ച ചപ്പാത്തി, റൊട്ടി എന്നിവയും തയാറാക്കി വിൽക്കാം. വിവിധ ഇനം മില്ലറ്റ് പൗഡറുകൾ മിക്സ് ചെയ്ത് വെർമിസെല്ലി, നൂഡിൽസ്, പാസ്ത, ഓട്സ് തുടങ്ങിയ സംരംഭങ്ങൾക്കും സാധ്യതകൾ ഏറെ. മുളപ്പിച്ച ധാന്യപ്പൊടികൾ ഉപയോഗിച്ചും എല്ലാത്തരം മിക്സുകളുടെയും പോഷകഗുണം വർധിപ്പിക്കാനാകും. മികച്ച സംരംഭ അവസരങ്ങൾ ലഭിക്കുകയും ചെയ്യും.
പൊരി, മലർ, അവൽ
ചെറുധാന്യങ്ങളിൽ അധിഷ്ഠിതമായ പൊരികൾ, മലർ, അവൽ എന്നീ ഉൽപന്നങ്ങൾക്കു വലിയ സാധ്യതകൾ ഉണ്ട്. മധുരം, സുഗന്ധവ്യഞ്ജനങ്ങൾ, കാരറ്റ് പോലുള്ള പച്ചക്കറികൾ, എരിവ് പ്രത്യേക അനുപാതത്തിൽ മിക്സ് ചെയ്തു പാക്ക് ചെയ്തു വിൽക്കുന്ന സംരംഭങ്ങളും ലളിതമായി തുടങ്ങാവുന്നതാണ്. പൊതുവെ അറിയപ്പെടുന്ന ബേൽപൂരി, പൊഹ, അവൽ വിളയിച്ചത് എന്നിവയെല്ലാം ഇങ്ങനെ ചെയ്തു വരുന്ന ഉൽപന്നങ്ങളാണ്. ഈ രംഗത്തു കൂടുതൽ മെഷിനറികളും ആധുനിക സംവിധാനങ്ങളും ഏർപ്പെടുത്തി വൈവിധ്യമാർന്നതും നൂതനവുമായ ഉൽപന്നങ്ങൾ ചെയ്യാൻ ശ്രമിച്ചാൽ മികച്ച വിജയം നേടാനാകും.
ടി.എസ്.ചന്ദ്രൻ (ലേഖകൻ മുൻ ഡപ്യൂട്ടി ഡയറക്ടർ സംസ്ഥാന വ്യവസായ വകുപ്പ്)