സാൻഫ്രാൻസിസ്കോ ∙ ഓപ്പൺഎഐ വികസിപ്പിച്ചെടുത്ത ചാറ്റ്ജിപിടി ചാറ്റ്ബോട്ട് ഉൾപ്പെടുത്തിയ ബിങ് സേർച് എൻജിനും എഡ്ജ് വെബ് ബ്രൗസറും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. ചാറ്റ്ജിപിടി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഗൂഗിൾ ചൊവ്വാഴ്ച ബാർഡ് എന്ന ചാറ്റ്ബോട്ട് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. ബിങ്ങിന്റെയും എഡ്ജിന്റെയും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്ത് ‘വെയ്റ്റ്ലിസ്റ്റി’ൽ ചേർന്നാൽ വരും ദിവസങ്ങളിൽ സേവനം ലഭ്യമാകും. തൽക്കാലം പരീക്ഷിക്കാൻ www.bing.com/new സന്ദർശിക്കാം.
അതേസമയം, ബാർഡ് ചാറ്റ്ബോട്ട് മാർച്ച് ആദ്യം ഡവലപ്പർമാർക്കു ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ചൈനീസ് ഇന്റർനെറ്റ് ഭീമനായ ആലിബാബയും ചാറ്റ്ജിപിടി ബദൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ചൈനീസ് സേർച് എൻജിനായ ബെയ്ദു നേരത്തെ ഏണി എന്ന ചാറ്റ്ബോട്ട് പ്രഖ്യാപിച്ചിരുന്നു.