ചെന്നൈ ∙ ഓട്ടമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (ആത്മ) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം എംആർഎഫ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എം.മാമ്മന് സമ്മാനിച്ചു. നേതൃശേഷിയും 2 പതിറ്റാണ്ടായി ടയർ വ്യവസായത്തിനു നൽകിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരമെന്ന് ഭാരവാഹികൾ പറഞ്ഞു. 19,000 കോടിയിലേറെ വിറ്റുവരവുള്ള ലോകത്തിലെ മുൻനിര ടയർ കമ്പനിയായി എംആർഎഫിനെ വളർത്തുന്നതിൽ കെ.എം.മാമ്മൻ നിർണായക പങ്കാണു വഹിച്ചത്.
അസോസിയേഷൻ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ ഹിഷാഷി തകേയുച്ചിയിൽ നിന്ന് കെ.എം.മാമ്മൻ പുരസ്കാരം ഏറ്റുവാങ്ങി. ടയർ നിർമാണ രംഗത്ത് ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്കു ലഭിച്ച അംഗീകാരമായാണിതിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.