ന്യൂഡൽഹി∙ വായ്പാ തിരിച്ചടവ് മുടങ്ങുമ്പോൾ ഇനി പിഴപ്പലിശയ്ക്കു പകരം പിഴത്തുക. ഇതുസംബന്ധിച്ച കരട് മാർഗരേഖ റിസർവ് ബാങ്ക് പുറത്തിറക്കും. വായ്പാ അച്ചടക്കം കൊണ്ടുവരാനാണ് പിഴയെങ്കിലും പല ബാങ്കുകളും ഇത് ധനസമ്പാദന മാർഗമായി ഉപയോഗിക്കുന്നുവെന്ന് ആർബിഐ നിരീക്ഷിച്ചു. നിലവിലുള്ള വായ്പാ പലിശനിരക്കിനു മേലാണ് പിഴപ്പലിശ കൂടി ചുമത്തുന്നത്. പല സ്ഥാപനങ്ങളും പല രീതിയിലാണ് പിഴപ്പലിശ ചുമത്തുന്നതെന്നും പരിശോധനകളിൽ ആർബിഐ കണ്ടെത്തി. സുതാര്യമായ രീതിയിൽ ന്യായമായ പിഴത്തുക (പീനൽ ചാർജസ്) മാത്രമേ ഈടാക്കാവൂ എന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം. പിഴപ്പലിശ കണക്കാക്കുന്നതിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ ഒട്ടേറെ കേസുകളാണ് നിലനിൽക്കുന്നത്.
വിദേശയാത്രക്കാർക്ക് യുപിഐ സേവനം
ഇന്ത്യയിലെത്തുന്ന വിദേശയാത്രക്കാർക്ക് ഇവിടത്തെ വ്യാപാരസ്ഥാപനങ്ങളിൽ പണമടയ്ക്കാനും ഇനി യുപിഐ. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തുന്നവർക്കായിരിക്കും സേവനം ആദ്യം നൽകുക. വൈകാതെ പൂർണതോതിൽ വ്യാപിപ്പിക്കും. ചില രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് അവരുടെ എൻആർഇ അക്കൗണ്ട് വിദേശ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച് യുപിഐ ഉപയോഗിക്കാൻ ആർബിഐ അനുമതി നൽകിയിരുന്നു. വിദേശത്തേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് യുപിഐ വഴി അവിടെ പണമടയ്ക്കാനുള്ള സംവിധാനം ഫോൺപേ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്.
യുപിഐ വഴി നാണയം
ബാങ്ക് അക്കൗണ്ടിലെ പണം യുപിഐ വഴി നാണയത്തുട്ടുകളാക്കി മാറ്റിയെടുക്കാം. നാണയത്തുട്ടുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനായി വാണിജ്യകേന്ദ്രങ്ങളിലും മറ്റും കോയിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുമെന്ന് ആർബിഐ അറിയിച്ചു. കറൻസി നൽകി നാണയത്തുട്ടാക്കി മാറ്റാൻ കഴിയുന്ന മെഷീനുകൾ മുൻപുണ്ടായിരുന്നു. എന്നാൽ അതിൽ ക്രമക്കേട് നടക്കുന്നുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് യുപിഐ അധിഷ്ഠിത സംവിധാനം വരുന്നത്. മെഷീനിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് അക്കൗണ്ടിൽ പണമടച്ചാൽ അത്രയും തുകയുടെ നാണയം മെഷീനിൽ നിന്ന് ലഭിക്കും. 12 നഗരങ്ങളിലെ 19 ഇടങ്ങളിൽ പൈലറ്റ് പദ്ധതി ആരംഭിക്കും. റെയിൽവേ സ്റ്റേഷൻ, ഷോപ്പിങ് മാൾ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും മെഷീൻ വരുന്നത്.