ADVERTISEMENT

കൊച്ചി ∙ വായ്പാ നിരക്കിലെ തുടർച്ചയായ വർധന വ്യവസായ, വാണിജ്യ മേഖലയുടെ വരുമാനത്തിൽ വലിയ തോതിലുള്ള ചോർച്ചയ്ക്കു കാരണമാകുന്നു. അധിക പലിശ ബാധ്യത മൂലം ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവ ഒഴികെ ആയിരത്തോളം ലിസ്റ്റഡ് കമ്പനികളുടെ ഈ സാമ്പത്തിക വർഷത്തെ മൂന്നാം പാദ അറ്റാദായത്തിൽ 15 ശതമാനത്തോളമാണ് ആകെ ഇടിവ്. ഈ സാഹചര്യം അവഗണിച്ചാണ് ആറാം തവണയും നിരക്കു വർധിപ്പിച്ച് റീപ്പോ ഏഴു വർഷത്തിനിടയിലെ ഏറ്റവും  ഉയർന്ന നിലവാരമായ 6.5 ശതമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

ഇടിവു നേരിട്ട കമ്പനികളുടെ പലിശ ബാധ്യതയിലെ വാർഷികാടിസ്ഥാനത്തിലുള്ള വർധന നാലര വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിലവാരത്തിൽ എത്തിയിരിക്കുന്നു. ഇവയുടെ മൊത്തം പ്രവർത്തന ഫലത്തിലെ ഇടിവു വാർഷികാടിസ്ഥാനത്തിൽ മൂന്നു ശതമാനത്തോളമാണ്. പ്രവർത്തന ഫലത്തിലെ വളർച്ചയെക്കാൾ വേഗത്തിൽ പലിശ ബാധ്യത വർധിക്കുന്നതു രണ്ടര വർഷത്തിനിടയിൽ ആദ്യം.

പലിശ ബാധ്യത വർധിക്കുന്നതു മൂലം പല കമ്പനികൾക്കും വായ്പകളുടെ തിരിച്ചടവിനു പ്രയാസം നേരിടുന്നുണ്ട്. ഇതിനു പുറമെയാണു വിൽപനയിൽ നേരിടുന്ന പ്രതിസന്ധി. കോവിഡ് വ്യാപനത്തിനു ശേഷം ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ ഉപഭോഗ വർധന അനുഭവപ്പെടാൻ തുടങ്ങിയതിനൊപ്പമാണു പലിശ വർധനയും ആരംഭിച്ചത്. ഇത് ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കുറയുന്നതിന് ഇടയാക്കുന്നു. 

പലിശ ബാധ്യത കൂടുന്നത് ഉൽപാദനച്ചെലവിന്റെ വർധനയ്ക്കാണ് ഇടയാക്കുന്നത്. ഇത് ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ നിർമാതാക്കളെ നിർബന്ധിക്കുന്നു. വില കൂടുമ്പോൾ വിൽപന ഇടിയുന്നതു സ്വാഭാവികം. തുടർച്ചയായ പലിശ വർധന വീടിനുവേണ്ടി വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നവരെ മാത്രമല്ല പാർപ്പിട നിർമാണ ഏജൻസികളെയും നിരാശപ്പെടുത്തുന്നുവെന്നു കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായ്) ദേശീയ പ്രസിഡന്റ് ഹർഷവർധൻ പട്ടോഡിയ പറയുന്നു.

നിരക്ക് വർധനയിൽ ഇടവേള: മൗനം പാലിച്ച് ആർബിഐ 

ന്യൂഡൽഹി∙ തുടർച്ചയായ പലിശ നിരക്ക് വർധനയ്ക്ക് ഇടവേള നൽകുന്നത് സംബന്ധിച്ച സൂചനയൊന്നും ആർബിഐ ഇന്നലെയും നൽകിയിട്ടില്ല. വിലക്കയറ്റം കുറഞ്ഞുതുടങ്ങിയതിനാൽ നിരക്ക് വർധന ഇത്തവണ ഒഴിവായേക്കുമെന്നായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടക്കം പ്രവചനം. പലിശനിരക്ക് വർധിപ്പിക്കാനുള്ള എംപിസിയുടെ തീരുമാനം ഇത്തവണയും ഏകകണ്ഠമല്ല. 6 അംഗങ്ങളിൽ മലയാളിയും അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറുമായ ജയന്ത് ആർ.വർമ, ഡോ.അഷിമ ഗോയൽ എന്നിവർ വർധനയെ എതിർത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com